കോയിപ്രം: പട്ടികജാതിവിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച്, ഒരുമിച്ചുള്ള ഫോട്ടോകളെടുത്ത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും, ഭീഷണിപ്പെടുത്തി ഗൂഗ്ൾ പേ വഴി ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.

കോയിപ്രം കുറുങ്ങഴ പുല്ലാട് പള്ളിക്കൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ ജോ വർഗീസ് (36) ആണ് പിടിയിലായത്. യുവതിയെ പ്രലോഭിപ്പിച്ച ശേഷം എടുത്ത ഇരുവരുമൊത്തുള്ള സ്വകാര്യ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് 2022 ഡിസംബർ മുതൽ പലതവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി, പലപ്പോഴായി ഒരു ലക്ഷം രൂപ തട്ടിയെടുത്തു.

ഈ മേയിൽ പ്രതിയുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും മെസ്സഞ്ചർ വഴി ഇരുവരും ചേർന്നെടുത്ത സ്വകാര്യ ഫോട്ടോകൾ യുവതിയുടെ അമ്മയുടെ സുഹൃത്തിന്റെ ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് മെസ്സഞ്ചർ വഴി അയച്ചുകൊടുക്കുകയും ചെയ്തു. കൂടാതെ, ഒരുമിച്ചുള്ള വീഡിയോകൾ യുവതി പഠിപ്പിക്കുന്ന സ്‌കൂളിലെ രക്ഷാകർത്താക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്തു.

യുവതിയുടെ മൊഴിപ്രകാരം കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്, പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് തിരുവല്ല ഡി വൈ എസ് പി എസ് അഷാദ് അന്വേഷണം ഏറ്റെടുത്തു. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കുറുങ്ങഴ വച്ച് ഇന്നലെ രാത്രി 10.45 ന് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. അന്വേഷണസംഘത്തിൽ ഡി വൈ എസ് പി, പൊലീസ് ഇൻസ്പെക്ടർ എന്നിവർക്ക് പുറമെ എസ് ഐ ഉണ്ണികൃഷ്ണൻ, സി പി ഓ ആരോമൽ എന്നിവരാണുള്ളത്.