ആലപ്പുഴ: ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തത് സർക്കാറിനെ കുറ്റപ്പെടുത്തി കൊണ്ട് കുറിപ്പെവുതി വെച്ച്. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയാണ് ഇദ്ദേഹം.

നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. ഈ ശബ്ദരേഖ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. കർഷകനായതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് വീഡിയോ.

'ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നെല്ലിന് കാശ് തന്നില്ല. ഞാൻ ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്. ഞാൻ 20 കൊല്ലം മുമ്പ് മദ്യപാനം നിർത്തിയിരുന്നു, ഇപ്പോൾ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങൾ പറയണം. നിങ്ങൾ വരണം എനിക്ക് റീത്ത് വെക്കണം'; എന്നാണ് ശബ്ദരേഖയിലുള്ളത്. ഇത് കൂടാതെ ആത്മഹത്യാ കുറിപ്പും എഴുതിയിരുന്നു പ്രസാദ.

സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കർഷകന്റെ ആത്മഹത്യ. പിആർഎസ് വായ്പയിൽ സർക്കാർ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സർക്കാർ ഉത്തരവാദിയാണെന്നും സൂചിപ്പിച്ചാണ് പ്രസാദ് തന്റെ ആത്മഹത്യാക്കുറിപ്പെഴുതിയത്. വായ്പാ തിരിച്ചടവ് വൈകിയതോടെ പ്രസാദിന് മറ്റ് വായ്പകൾ കിട്ടാതെ വന്നത് കർഷകനെ വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടെന്നും ഇതിൽ മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നുമാണ് വിവരം.

അതേസമയം കുട്ടനാട്ടിൽ കർഷക ആത്മഹത്യ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് തങ്ങൾ നേരത്തെയും സൂചിപ്പിച്ചിട്ടുള്ളതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പ്രതികരിച്ചു. പ്രസാദിന്റെ ആത്മഹത്യ സർക്കാറിനെതിരെ ആയുധമാക്കുകയാണ് ബിജെപി. നെല്ല് സംഭരിച്ച തുക പിആർഎസ് ലോൺ ആയിട്ടാണ് കൊടുക്കുന്നത്. ഈ ലോൺ കുടിശ്ശിക കിടക്കുന്നതുകൊണ്ട് വീണ്ടും കൃഷി ചെയ്യാനായി ബാങ്കിനെ സമീപിക്കുമ്പോൾ അവർക്ക് ലോൺ കിട്ടില്ല.

ഈ സാഹചര്യത്തിൽ കർഷകർക്ക് വീണ്ടും കൃഷി ചെയ്യാൻ സാധിക്കില്ല. ഇത് തന്നെയാണ് പ്രസാദിന്റെ കാര്യത്തിലും സംഭവിച്ചത്. പ്രസാദ് നിസഹായനായി, വായ്പ കിട്ടാതെ വന്നപ്പോൾ മുന്നോട്ട് പോകാൻ കഴിയാതെയായി. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. വിഷയത്തിൽ ശക്തമായിട്ടുള്ള പ്രതിഷേധം ബിജെപി നടത്തുമെന്നും എം വി ഗോപകുമാർ പറഞ്ഞു.

നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ല: മന്ത്രി

കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പ്രതികരിച്ചത്. പിആർഎസ് കുടിശ്ശിക കാരണം CIBIL സ്‌കോർ കുറഞ്ഞു, മറ്റ് വായ്പകൾ കിട്ടാതിരിക്കുന്ന സാഹചര്യമില്ല. ഇത് അടിസ്ഥാനരഹിതമാണ്. പ്രസാദ് പാട്ടകൃഷിയിലൂടെ നൽകിയ നെല്ലിന്റെ പണം കൊടുത്തിട്ടുണ്ടെന്നും ജി.ആർ അനിൽ പറഞ്ഞു.

ആത്മഹത്യ ചെയ്ത കർഷകൻ സർക്കാറിനെ കുറ്റപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പിആർഎസ് വായ്പ കർഷകർക്ക് ബാധ്യതയുണ്ടാക്കില്ലെന്നും പൂർണമായും സർക്കാറാണ് അത് അടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല. പ്രസാദിന്റെ ആത്മഹത്യ വളരെ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസം അവധിയാണ് അതിനുശേഷം കാര്യങ്ങൾ മാധ്യമങ്ങളും പരിശോധിക്കണം. സാധാരണ കർഷകർ ചെല്ലുമ്പോൾ വായ്പ നൽകാതിരിക്കാൻ എടുത്ത ഒഴിവുകഴിവാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.