തിരുവനന്തപുരം: ജനങ്ങളുടെ കണ്ണിൽപൊടിയിട്ടും പച്ചക്കള്ളം പറഞ്ഞും പിണറായി സർക്കാർ എങ്ങനെ മുന്നോട്ടു പോകുന്നുവെന്നത് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തേക്ക്. വ്യാജമായി കണക്കുകൾ ഉണ്ടാക്കി കേരളം വ്യവസായ സൗഹൃദമാണെന്ന് പറഞ്ഞു നടന്ന സർക്കാറിന്റെ കള്ളം പൊളിച്ചു രംഗത്തുവന്ന് മനോരമ ന്യൂസ് ചാനലാണ്. 'ഒരു ലക്ഷം സംരംഭക വർഷം' എന്ന സർക്കാറിന്റെ അവകാശവാദം പൊള്ളയും പച്ചക്കള്ളവുമാണെന്ന് ചാനൽ വാർത്തയിൽ പുറത്തുവിട്ടു.

ഒരു വർഷം കൊണ്ട് ഒരു ലക്ഷത്തിൽപരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തുടങ്ങുമെന്ന സർക്കാറിന്റെ അവകാശവാദം പൊള്ളയാണെന്നും ഇതിനായി കണക്കുകള് പെരുപ്പിച്ചുവെന്നുമാണ് പുറത്തുവന്ന വാർത്ത. ഏഴായിരം കോടിയുടെ നിക്ഷേപം എത്തുമെന്ന് അടക്കമായിരുന്നു സർക്കാർ അവകാശപ്പെട്ട കാര്യം. 2022 ഏപ്രിലിൽ സംരംഭക വർഷം പ്രഖ്യാപിച്ചിരുന്നത്. സംരംഭകർ ലക്ഷം പിന്നിട്ടപ്പോൾ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായി കേന്ദ്ര സർക്കാരിന്റെ വൻ അംഗീകാരവുമെത്തിയിരുന്നു.

എന്നാൽ ഒരു ലക്ഷം സംരംഭങ്ങൾ എന്നു പറഞ്ഞ സർക്കാർ നുണയാണ് വിവരങ്ങളാക്കിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ പട്ടിക പെരുപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും പട്ടികയിൽ ഇടംപിടിച്ചു. ഇത് കൂടാതെ 60 വർഷമായി പ്രവർത്തിക്കുന്ന ഹോമിയോ ക്ലിനിക്കും എട്ടു വർഷമായി പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് കടയും ഉൾപ്പെടെ പുതിയ സംരംഭമായി അവതരിപ്പിച്ചു. തൃശൂരിൽ തുറക്കാത്ത കടകളും പുതിയ സംരംഭങ്ങളുടെ പട്ടികയിലിടം നേടി. ഇങ്ങനെ സർക്കാർ അടിമുടി കള്ളങ്ങളാണ് പറഞ്ഞിരുന്നതെന്ന് വ്യക്തമായി.

പെട്ടിക്കടയും ബാർബർ ഷോപ്പും വരെ കണക്കെടുപ്പിൽ ഉൾപ്പെടുത്തി. ലോട്ടറി കടകളു ഇത്തരത്തിൽ സംരംഭങ്ങളായി. പട്ടികയിൽ ഉൾപ്പെട്ട മിക്കവരും വിവരം അറിഞ്ഞതേയില്ല. അതേസമയം, കേന്ദ്ര സർക്കാർ 2020ൽ മാനദണ്ഡം മാറ്റിയതു കൊണ്ടാണ് ഇതു സംഭവിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവ് ന്യായീകരിച്ചു. 'ഒരു ലക്ഷം സംരംഭക വർഷം' പഠിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പ്രതികരിച്ചു. ഇതിനായി ഇൻഡോർ ഐഐഎമ്മിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ സംരംഭം സംബന്ധിച്ച മനോരമയുടെ വാർത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനമാണെന്നു പി രാജീവ് ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ മാത്രമേ സംരംഭം പാടുള്ളു എന്ന ചിന്തയുടെ ഭാഗമാണിത്. കുറവുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യാം. എന്നാൽ, സംരഭങ്ങളുടെ എണ്ണം കളവാണെന്ന പ്രചാരണം മാധ്യമപ്രവർത്തനത്തിന് ചേരാത്തതാണെന്നും രാജീവ് പറഞ്ഞു.

2021-22 ൽ 17.3 ശതമാനം വ്യവസായ വളർച്ചയാണ് കേരളത്തിലുണ്ടായത്. വ്യവസായ ഉത്പന്ന നിർമ്മാണ മേഖലയിൽ 18.9 ശതമാനവും വളർച്ച കേരളം കൈവരിച്ചു. ഇത് ദേശീയ വളർച്ചയായ 18.16 ശതമാനത്തിനും മുകളിലാണ്. കള്ളവാർത്തയെന്ന് പ്രചരിപ്പിച്ചവർ ഇത്തരം വാർത്തകൾ മൂടിവെക്കുകയാണെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. സംരംഭക വർഷത്തിൽ മലയാളികൾക്ക് അഭിമാനമുള്ള കാര്യമാണ് നടക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോ കേരളം വ്യവസായ റാങ്കിങ്ങിൽ 28 ആം സ്ഥാനത്തായിരുന്നു. കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും പ്രവർത്തനങ്ങളുടെ ഭാഗമായി ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 28 ൽ നിന്ന് 18 ലേക്ക് എത്തിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം അതേസമയം, ഒരുലക്ഷം സംരംഭകരുടെ പട്ടിക സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സംരംഭങ്ങൾ നേരിൽകാണാനുള്ള മന്ത്രി പി.രാജീവിന്റെ വെല്ലുവിളി എറ്റെടുക്കുന്നുവെന്നും താൻ മന്ത്രിയേക്കാൾ കൂടുതൽ യാത്ര ചെയ്യുന്നയാളാണെന്നും സതീശൻ പറഞ്ഞു. സംരംഭങ്ങളുടെ പട്ടിക പരിശോധിച്ച് ബോധ്യപ്പെട്ടിട്ടാണ് വിഷയം സഭയിൽ ഉന്നയിച്ചതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.