കോട്ടയം: അമ്മയുടെ ദേവു.... എല്ലാ പ്രതീക്ഷയും ഈ മകളിലായിരുന്നു. ജോലി കിട്ടിയാൽ എല്ലാ കടബാധ്യതയും തീർക്കുമെന്ന് പറഞ്ഞിരുന്ന നിതിന. ഇന്നലെ രാവിലെ ഒന്നിച്ചാണ് സ്‌കൂട്ടറിൽ ഇരുവരും കുറുന്തറയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. അത് മകളുടെ മരണത്തിലേക്കുള്ള യാത്രയുമായി. നിതിനയെ അഭിഷേക് ബൈജു കൊലപ്പെടുത്തുമ്പോൾ ഈ സമയം മറുതലയ്ക്കൽ ഫോണിൽ നിതിനയുമായി സംസാരിച്ചുകൊണ്ടിരുന്ന അമ്മ, മകളുടെ മരണവെപ്രാളത്തിലുള്ള നിലവിളി നേരിട്ടു കേൾക്കുകയായിരുന്നു. ഫോൺ തന്നെങ്കിലും അഭിഷേക് എന്നെ പോകാനനുവദിക്കുന്നില്ലെന്ന് നിതിന പറയുന്നതിനിടെയായിരുന്നു ആക്രമണം.

സെന്റ് തോമസ് കോളേജിൽ സഹപാഠിയുടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട നിതിന ഒരു കുടുബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. രോഗബാധകളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന അമ്മ മകളുടെ പഠനവും ജോലിയും സന്തോഷത്തോടെയുള്ള ജീവിതവുമെല്ലാം സ്വപ്നം കണ്ടിരുന്നു. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കൽ ബിന്ദുവിന്റെ ഏക മകളാണ് നിതിന മോൾ. അമ്മയും മകളും മാത്രമേ വീട്ടിലുള്ളൂ. അച്ഛൻ ഏറെ വർഷങ്ങളായി അകന്നുകഴിയുകയാണ്.

പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ബിന്ദുവിന് വല്ലപ്പോഴുമാണ് ജോലിക്ക് പോകാൻ കഴിയുക. ശാരീരിക അവശതകൾ ഉള്ളതിനാൽ തന്നെ നിത്യജീവിതം പോലും കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. ജോലിക്ക് പോവുന്നതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചാണ് മകളുടെ പഠനവും മറ്റ് ചെലവുകളും നോക്കുന്നത്. പഠനം പൂർത്തിയാക്കി മകൾ നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന ബിന്ദുവിന്റെ പ്രതീക്ഷയാണ് ഇന്ന് കോളേജ് പരിസരത്ത് വെച്ച് ആക്രമിച്ച് അഭിഷേഖ് ഇല്ലാതാക്കിയത്. മിടുമിടുക്കി എന്നല്ലാതെ നിതിനയെക്കുറിച്ച് നാട്ടുകാർക്ക് മറ്റൊന്നും പറയാനില്ല. നാട്ടുകാരോടെല്ലാം സ്നേഹത്തോടെ ഇടപെടുന്നയാളാണ്. നാട്ടിലെ കൂട്ടായ പ്രവർത്തനങ്ങളിലെല്ലാം നിതിനയും പങ്കെടുക്കാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നുവെന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് മെമ്പർ ജോസ് പറഞ്ഞു.

ഇന്നലെ രാവിലെ ഒന്നിച്ചാണ് സ്‌കൂട്ടറിൽ അമ്മയും മകളും കുറുന്തറയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. കോട്ടയം മെഡിക്കൽ കോളജിൽ താൽക്കാലിക ജോലിയിൽ പ്രവേശിക്കാൻ ഇന്നലെ ബിന്ദുവിനു പോകേണ്ടിയിരുന്നു. ഒപ്പം വീടിരിക്കുന്ന സ്ഥലത്തിന്റെ കടബാധ്യതയുമായി ബന്ധപ്പെട്ടു ബാങ്കിലും പോകണം. അമ്മയെ ബസ് സ്റ്റോപ്പിലിറക്കി നിതിന പാലായിലേക്കു പോയി.

കുറുന്തറയിൽ സ്ഥലം വാങ്ങിയപ്പോൾ പറ്റിയ അബദ്ധമാണ് ബാങ്കിലെ കടബാധ്യതയിലേക്കു നയിച്ചത്. സ്ഥലത്തിനു വായ്പയുണ്ടെന്ന് അറിയാതെയാണു വാങ്ങിയത്. 2018ൽ വീടു വച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹിക സേവന പദ്ധതിയുടെ സഹായത്തിലാണു വീടു പണിതത്. ഈ വീട് ഇന്ന് ദുഃഖത്തിലാണ്. എല്ലാം എല്ലാമായ നിതിന യാത്രയായിരിക്കുന്നു. ഇനി രാവിലെ 'ബിന്ദുക്കുട്ടീ, കാപ്പി റെഡി'... എന്ന് പറഞ്ഞ് വിളിക്കാൻ മകളില്ല. ഈ അമ്മയ്ക്ക് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല. കോവിഡ് കാല പ്രതിസന്ധിയെ അമ്മയും മകളും ഒരുമിച്ചാണ് നേരിട്ട് തോൽപ്പിച്ചത്.

കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ തുന്നി വിറ്റു. ഓണാവധിക്കു കോളജ് അടയ്ക്കുമ്പോൾ നിതിന വൈക്കത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്കും പോയി. പഠിക്കുന്നത് ഫുഡ് പ്രോസസിങ് ടെക്‌നോളജി അയതിനാൽ ചെറിയ തോതിൽ കേക്കുകൾ ഉണ്ടാക്കി വിറ്റും ജീവിതാശ്വസത്തിന് പണം കണ്ടെത്തി. ഡിഗ്രി കഴിഞ്ഞാൽ കിട്ടുന്ന ഏതെങ്കിലും പണിക്കു പോകണം, ജീവിത സാഹചര്യം മാറ്റണം, അമ്മയ്ക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം... ഇതൊക്കെയായിരുന്നു സ്വപ്നം.

നിതിന ചെറുപ്പത്തിൽ വളർന്നതു ബിന്ദുവിന്റെ പിതൃസഹോദരന്റെ മകനായ കുന്നേപ്പടിക്കൽ പൊന്നപ്പന്റെ വീട്ടിലാണ്. തന്റെ കല്യാണം ഈ മുറ്റത്ത് നടത്തണമെന്നു ബന്ധുക്കളോടു അവൾ പറയുമായിരുന്നു. ഈ വീട്ടിലേക്ക് ഇനി നിതിന അവസാനമായി എത്തും. ഡിവൈഎഫ്‌ഐ തുറുവേലിക്കുന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ്, ഉദയനാപുരം ഈസ്റ്റ് മേഖല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പൊതുപ്രവർത്തന രംഗത്തും നിതിന സജീവമായിരുന്നു. 2018ൽ പ്രളയബാധിതർക്കു സഹായമെത്തിക്കാനും മുൻനിരയിലുണ്ടായിരുന്നു.

കൊലപാതകത്തിനു തൊട്ടുമുൻപു വരെ അഭിഷേകും നിതിനയും നല്ല സൗഹൃദത്തിലായിരുന്നുവെന്ന് സഹപാഠി ടിബിൻ പറയുന്നു. പരീക്ഷയ്ക്ക് ഇരുവരും എത്തിയത് സന്തോഷത്തോടെയാണ്. എന്നാൽ ക്രൂരമായി നിതിനയെ അഭിഷേക് കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം അറിയില്ലെന്നും ടിബിൻ പറഞ്ഞു. 'അഭിഷേകും നിതിനയും എന്റെ നല്ല സുഹൃത്തുക്കളാണ്. കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ഒരു പ്രശ്‌നവും ഇരുവരും തമ്മിലുണ്ടായിരുന്നില്ല. രണ്ടുപേരും നല്ല അടുപ്പമാണ്. പക്ഷേ അത് പ്രണയമാണോയെന്ന് അറിയില്ലായിരുന്നു. കോവിഡ് വന്നതോടെ കോളജിൽ വരാതെയായി. പരീക്ഷ, പ്രൊജക്ട് തുടങ്ങിയ കാര്യങ്ങൾക്കു മാത്രം കോളജിൽ വരുമ്പോൾ ഇവരെ കാണാറുണ്ട്. പരീക്ഷയ്ക്കു കയറുമ്പോൾ അഭിഷേകിനെ കണ്ടു സംസാരിച്ചിരുന്നു. അപ്പോഴും സ്വഭാവത്തിൽ സംശയമൊന്നും തോന്നിയില്ല. പരീക്ഷയെഴുതി പുറത്തുവന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വിശ്വസിക്കാനായില്ല' ടിബിൻ പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാർത്ഥികളാണു നിതിന മോളും അഭിഷേക് ബൈജുവും.

പരീക്ഷയെഴുതാൻ കോളജിൽ എത്തിയ ഇരുവരും വഴക്കിടുകയും പിന്നീട് നിതിനയെ അഭിഷേക് കൊലപ്പെടുത്തുകയുമായിരുന്നു. അഭിഷേക് നിതിനയെ കഴുത്തിൽ കുത്തിപ്പിടിച്ച് നിലത്തുകിടത്തി കഴുത്തറുത്തു, പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരൻ പറഞ്ഞു.