കൊച്ചി: കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തന്റെയടുത്ത് വന്നത് ചികിത്സയ്ക്കാണെന്ന് മോൻസൺ മാവുങ്കൽ. സുധാകരൻ തന്റെ വീട്ടിൽ താമസിച്ചിട്ടില്ല, ആറ് ദിവസം വീട്ടിൽ വന്ന് പോവുകയായിരുന്നുവെന്നും മോൻസൺ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെയാണ് മോൻസൺ ഇക്കാര്യം വ്യക്തമാക്കിയത്. മോൻസന്റെ അടുത്തുപോയത് ചികിത്സയ്ക്കാണെന്ന് നേരത്തെ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പറഞ്ഞിരുന്നു. ഈ വാദം ശരിവെക്കുന്ന വിധത്തിലാണ് മോൻസന്റെ മൊഴി.

മോൻസൺ മാവുങ്കലിന്റെ രണ്ട് കേസുകളിൽ ക്രൈം ബ്രാഞ്ചിന്റെ വിശദമായ ചോദ്യംചെയ്യൽ പൂർത്തിയായി. തിരുവനന്തപുരത്തുള്ള കേസുകളിലാണ് ഇനി ചോദ്യംചെയ്യൽ ബാക്കിയുള്ളത്. അതിനിടെ പത്ത് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യഹർജിയിൽ കോടതി തള്ളി.

മോൻസന് വലിയ സ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു മുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് കേസിലും ഭൂമിയിടപാട് കേസിലുമാണ് ജാമ്യം തേടിയിരുന്നത്. മോൻസന് വലിയ സ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു മുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

പുരാവസ്തുവിന്റെ മറവിലെ സാമ്പത്തിക തട്ടിപ്പിലും, വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിലുമാണ് മോൻസൻ ജാമ്യം തേടിയിരുന്നത്. പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു മോൻസന്റെ വാദം . എന്നാൽ കരുതിക്കൂട്ടിയുള്ള കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും മോൻസനെ സഹായിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യം നൽകിയിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു സർക്കാർ വാദം. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷകൾ തള്ളിയത്. ഇതിനിടെ ഉന്നതരുടെ പേരുകൾ പറയരുതെന്നാവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നാരോപിച്ചാണ് പരാതിക്കാർ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.

ഇതിനിടെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് തുടങ്ങി. കൊച്ചി കലൂരിലുള്ള മോൻസന്റെ മ്യൂസിയത്തിലെ വസ്തുക്കൾ സുരക്ഷിതമായി മറ്റെവിടേക്കെങ്കിലും മാറ്റുന്നതും ആലോചിക്കുന്നുണ്ട്. വ്യാജ ബാങ്ക് രേഖകൾ അടക്കമുണ്ടാക്കാൻ മോൻസനെ ആരൊക്കെ സഹായിച്ചെന്നാണ് പരിശോധിക്കുന്നത്.

അതിനിടെ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പരാതിക്കാർ രംഗത്തുവന്നു. തട്ടിപ്പുക്കേസിലെ പരാതിക്കാരായ യാക്കൂബ്, ഷെമീർ, അനൂപ് എന്നിവരാണ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഡിജിപിക്ക് പരാതി നൽകിയത്. രാഷ്ട്രീയ സിനിമാ മേഖലയിലുള്ളവരെ പരാതിയിൽ പരാമർശിച്ചതിനാൽ പരാതിക്കാർക്ക് ഫോണിലൂടേയും, നേരിട്ടും സുഹൃത്തുക്കൾ വഴിയും ഭീഷണിയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

ഭീഷണിയുണ്ടെന്ന് കാണിച്ച് നേരത്തെ ഇവർ മരട്, പന്തീരങ്കാവ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. മോൻസൻ മാവുങ്കൽ കേസിലെ കൂടുതൽ കാര്യങ്ങൾ പുറത്തുവിടരുതെന്നും കേസിൽ നിന്ന് പിന്മാറണമെന്നുമാണ് ഭീഷണി. നേരത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും മോൻസൻ തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാർ പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം ഈ കേസിൽ നിന്നു താൻ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും പൊലീസുകാർക്കു മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നു പരാതിക്കാരിൽ ഒരാളായ യാക്കൂബ് പറഞ്ഞിരുന്നു.

അതിനിടെ, എച്ച്എസ്‌ബിസി ബാങ്കിന്റെ പേരിലുള്ള ഒരു വ്യാജരേഖ കൂടി കലൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അക്കൗണ്ട് വിവരങ്ങളടക്കം മറയ്ക്കപ്പെട്ടതായാണ് കണ്ടെത്തിയത്. എച്ച്എസ്‌ബിസി ബാങ്കിന്റെ പേരിൽ 2,62000 കോടി രൂപ കലിംഗ കല്ല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിലെത്തിയതായുള്ള രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഇതുവരെ മോൻസൺ മാവുങ്കൽ നൽകിയിട്ടില്ല. ഇത് തനിക്ക് ആരോ നൽകിയതെന്ന് മാത്രമാണ് മോൻസൺ ഇതുവരെ പറഞ്ഞത്. ഇതിൽ കൂടുതൽ സ്ഥിരീകരണം ലഭിക്കാന്മോൻസൺ മാവുങ്കലിന്റെ ലാപ്ടോപ്പും ഐപാഡും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.