ചേർത്തല: പഞ്ചാബിലെ ജലന്തർ രൂപതയിലെ കോൺവന്റിൽ അർത്തുങ്കൽ സ്വദേശിനി സിസ്റ്റർ മേരി മേഴ്‌സി (31)യുടെ മരണത്തിൽ ദുരുഹതകൾ ഉയർന്നതോടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തി. കന്യാസ്ത്രീ തൂങ്ങിമരിച്ചതാണെന്ന് റീപോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം. ജലന്തറിൽ നിന്ന് ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം, ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ച് മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലാണ് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയത്. തുടർന്നു വീട്ടിലെത്തിച്ച ശേഷം അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക സെമിത്തേരിയിൽ സംസ്‌കരിച്ചു.

മരണത്തിൽ കുടുംബം സംശയം ഉന്നയിച്ചിട്ടുള്ളതിനാലും റീപോസ്റ്റ്‌മോർട്ടത്തിന്റെ നടപടിക്രമങ്ങൾക്കുമായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോർട്ടിലേ വിശദ വിവരങ്ങൾ ലഭിക്കൂ എന്നതിനാൽ അതനുസരിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. മരണക്കുറിപ്പിൽ സിസ്റ്റർ മേരി മേഴ്‌സി പറഞ്ഞത് പ്രകാരമാണ് മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതെന്നും ഏത് അന്വേഷണത്തിനും പൂർണ സഹകരണം നൽകുമെന്നും കോൺവന്റ് അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ചയാണ് സംഭവം. കന്യാസ്ത്രീ ജീവനൊടുക്കിയെന്നാണ് സഭാ അധികൃതർ അറിയിച്ചതെന്നും എന്നാൽ അങ്ങനെ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാണിച്ച് പിതാവ് ജോൺ ജോസഫ് കലക്ടർക്ക് പരാതി നൽകിയതോടെയാണ് സംശയങ്ങൾ ഉയർന്നത്. കർമ്മിലിയാണ് സിസ്റ്റർ മേരി മേഴ്‌സിയുടെ അമ്മ. സഹോദരൻ: മാർട്ടിൻ ജലന്തറിലെ സാദിഖ് എന്ന സ്ഥലത്ത് ഔവർ ലേഡി ഓഫ് അസംപ്ഷൻ കോൺവന്റിൽ നാലുവർഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റർ മേരി മേഴ്‌സി.

29നു രാത്രി ഫോണിൽ വിളിച്ച് സന്തോഷത്തോടെ സംസാരിച്ചിരുന്നതായും രണ്ടിന് തന്റെ ജന്മദിനത്തിന് വീണ്ടും വിളിക്കാമെന്നു പറഞ്ഞിരുന്നുവെന്നും ജോൺ ഔസേഫ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 29-ന് രാത്രി വീട്ടിലേക്കുവിളിച്ചപ്പോൾ മകൾ ഉല്ലാസവതിയായിരുന്നുവെന്നും ഡിസംബർ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുഖ്യ പ്രതിയായ ലൈംഗികാതിക്രമ കേസിലെ രണ്ട് സാക്ഷികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. കേസിലെ 33-ാം സാക്ഷിയായ കോടനാട് വേഴപ്പള്ളി വീട്ടിൽ സിജോയ് ജോൺ(40) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കൊണ് മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ കേസിൽ വാദം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കേസിലെ പ്രധാന സാക്ഷികളിലൊരാളായ സിജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സേവ് ഔർ സിസ്റ്റേഴ്‌സ് ആരോപിച്ചിരുന്നു. പക്ഷേ ഇക്കാര്യത്തിൽ അന്വേഷണം ഒന്നും നടന്നിരുന്നില്ല.

മരണത്തിലെ ദുരൂഹത പരിശോധിക്കണമെന്നും എസ് ഒ എസ് ആവശ്യപ്പെട്ടു. 2018 ഒക്ടോബറിൽ കേസിലെ മറ്റൊരു സാക്ഷിയും മരണപ്പെട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പൊലീസിൽ മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയാണ് അന്ന് ജലന്ധറിൽ മരണപ്പെട്ടത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ച് ജലന്ധറിൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിൽ നടന്ന ഈ മരണത്തിൽ മരിച്ച വൈദികന്റെ ബന്ധുക്കളടക്കം ദുരൂഹത ആരോപിച്ചിരുന്നു.