തിരുവനന്തപുരം: എക്‌സിറ്റ് പോളുകൾ പിണറായി വിജയനും എൽഡിഎഫിലും തുടർഭരണം പ്രവചിക്കുമ്പോൾ തന്നെ ഇവ തള്ളിക്കൊണ്ടാണ് യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫിന് അനുകൂലമായ ട്രെന്റാണ് സംസ്ഥാനത്തുള്ളതെന്നും എക്സിറ്റ് പോളുകൾ നിരർത്ഥമാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി. വ്യരക്തമാക്കി. കഴിഞ്ഞ പാർലമെന്റ് ഫലത്തിന് സമാനമായ ട്രെന്റ് ആവർത്തിക്കുമെന്നും പരസ്പര വിരുദ്ധമായ സർവ്വേകൾ യുഡിഎഫിന്റെ സാധ്യതയാണ് കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ പല ഫലങ്ങളായിരുന്നു വന്നത്. എന്നാൽ യുഡിഎഫ് തരംഗമാണ് കണ്ടത്. അപ്പോഴും പ്രവർത്തകർ പറഞ്ഞത് യുഡിഎഫ് തൂത്തുവാരുമെന്നായിരുന്നു. ഈ തെരഞ്ഞെടുപ്പിലും അതാണ് സംഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് പ്രവർത്തകർ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന മണ്ഡലങ്ങളിലെല്ലാം എക്സിറ്റ് പോൾ മറിച്ചാണ്. ഒന്നരലക്ഷം വോട്ടർമാർ ഉള്ളിടത്ത് നിന്ന് 250 പേരോട് ചോദിക്കുക എന്നാല് അത് നിരർത്ഥം ആണ്. എക്സിറ്റ് പോളിന്റെ പ്രിൻസിപ്പൽ വേറെയാണ്. വയസ്, വിദ്യഭ്യാസം, പശ്ചാത്തലം എന്നിവയുടേയെല്ലാം സാമ്പിൾ എടുത്ത് അതിന്റെ വിശ്വാസ്യത പറയണം. ഏതാനും കമ്പനികളാണ് സർവ്വേ എടുത്തത്, അവർക്ക് മോട്ടീവ് ഉണ്ടാവില്ലേ. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അതേ രൂപമാണ് യുഡിഎഫിന്റേത്. അന്നും സർവ്വേ തെറ്റി ഇന്നും തെറ്റും. യുഡിഎഫ് വിജയിക്കും- കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ലീഗിന് മാത്രം കിട്ടിയാൽ പോരല്ലോ, യുഡിഎഫിന് മൊത്തം കിട്ടണം. ലീഗിന് ഏറ്റവും ഉറപുള്ള സീറ്റ് ആണ് കൊടുവള്ളി, അത് പോലും കിട്ടില്ല എന്ന് പറയുന്നത് ശരിയല്ല.. യുഡിഎഫ് പ്രവര്ത്തകര് നൽകിയ കണക്ക് സർവേയുടെ അടിസ്ഥാനത്തിൽ ആണ്.അത് കൃത്യമാണ്. ഓരോ ബൂത്തിൽ നിന്നും ഉള്ള കണക്ക് ആണ്. അത് പ്രകാരം യുഡിഎഫ് തന്നെ വിജയിക്കും യുഡിഎഫിന് അനുകൂലമായ തരംഗം സംസ്ഥാനത്ത് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സർവ്വേകൾ കണ്ട് യുഡിഎഫ് പ്രവർത്തകരും വോട്ട് ചെയ്തവരും വഞ്ചിതരാവരുത്. അവസാനം വരെ കൗണ്ടിങ് ഹാളിൽ ഉണ്ടാവണം. പോസ്റ്റൽ വോട്ട് കൃത്രിമം, കൗണ്ടിങ് വോട്ടുകൾ മാറ്റിയെഴുതുന്നതടക്കമുള്ള വേലകൾ നേരത്തെ നടത്തിയിരുന്നു. യുഡിഎഫ് പ്രവർത്തകർ വിജിലന്റായിരിക്കണം. പത്തോ പതിനഞ്ചോ വോട്ട് എണ്ണി തോൽപ്പിക്കുക എന്ന പരിപാടി ഉണ്ട്. അങ്ങനെയുണ്ടെങ്കിൽ യുഡിഎഫ് പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കുക. സമയനഷ്ടമാണ് സർവ്വേകൾ. ജനങ്ങൾ ഇത് കണ്ട് തെറ്റിദ്ധരിക്കരുത്. പരസ്പര വിരുദ്ധമാണ് സർവ്വേകൾ.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം എൽഡിഎഫിന് ഭരണതുടർച്ച പ്രവചിക്കുന്ന എക്സിറ്റ് പോൾ സർവ്വേകൾ തള്ളി യുഡിഎഫ് കൺവീനർ എംഎം ഹസ്സനും രംഗത്തുവന്നു. യഥാർത്ഥത്തിൽ ഞായറാഴ്‌ച്ച ഫലം വരുമ്പോൾ പിണറായി വിജയന്റെ എക്സിറ്റാണ് നടക്കുന്നതെന്നും ഹസ്സൻ കൂട്ടിചേർത്തു. ഇന്ത്യാടുഡേ എക്സിറ്റ് പോൾ സർവ്വേഫലം പ്രത്യേകം പരാമർശിച്ചുകൊണ്ടാണ് ഹസന്റെ പ്രതികരണം.

'മുഖ്യമന്ത്രി പിണറായി വിജയന്റെ എക്സിറ്റായിരിക്കും നടക്കാൻ പോകുന്നത്. ആ നിലക്ക് എക്സിറ്റ് പോളിനെ കണ്ടാൽ മതി. ഒരു ഏജൻസി ആകെയുള്ള 140 സീറ്റിൽ 120 സീറ്റ് എൽഡിഎഫിനും 20 സീറ്റ് ലീഗിനും പ്രവചിച്ചു. ഈ ഏജൻസിക്കാരെ ഒക്കെ എന്ത് ചെയ്യണം. ഒരു സീറ്റ് പോലും യുഡിഎഫിന് തരാതെയാണ് ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ. ഇങ്ങനെ പറയുമ്പോൾ അവരുടെ വാർത്തകളും ഇങ്ങനെയാണെന്ന് ആളുകൾ പറയും.' എംഎം ഹസൻ പറഞ്ഞു.

സത്യത്തോട് പുലബന്ധമില്ലാത്താണ് എക്സിറ്റ് പോൾ ഫലമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഞായറാഴ്‌ച്ച തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും പരാജിതന്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും അത് അണയാൻ പോകുന്ന ദീപത്തിന്റെ ആളികത്തലാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

'ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പിച്ച വിജയം നേടും. അഴിമതി ഭരണം അവസാനിപ്പിച്ച് എൽഡിഎഫിനെ തൂത്തെറിയും. കഴിഞ്ഞ അഞ്ച് വർഷകാലം അഴിമതിയും കൊള്ളയും നടത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രതിഫലനമായിരിക്കും ഞായറാഴ്‌ച്ചത്തെ വോട്ടെണ്ണൽ. കേരളത്തിലെ ജനങ്ങളുടെ യഥാർത്ഥ വികാരത്തെ പ്രതിഫലിപ്പിക്കാൻ സർവ്വേകൾക്കും എക്സിറ്റ് പോളുകൾക്കും കഴിഞ്ഞിട്ടില്ലായെന്നതാണ്. ഇന്നലെ ഒരു എക്സിറ്റ് പോൾ പ്രകാരം യുഡിഎഫിന് സീറ്റേ ഇല്ലായെന്നാണ് പറയുന്നത്. സത്യത്തോട് പുലബന്ധമല്ലാത്ത സർവ്വേ ഫലമാണ്. അതിനെ തള്ളികളയുന്നു. കേരളത്തിലെ ജനത്തിൽ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസമാണ്.

ഇന്നലെ മുഖ്യമന്ത്രി പറയുന്നത് കേട്ടപ്പോൾ പരാജിതന്റെ കപട ആത്മവിശ്വാസമാണ് തോന്നിയത്. അദ്ദേഹം മെഷീനിലിരിക്കുന്ന വോട്ട് തങ്ങൾക്കാണെന്ന് പറഞ്ഞ പ്രസ്താവന ആളുകളെ കബളിപ്പിക്കാനാണ്. അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തൽ. യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് ഉറപ്പാണ്.' എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.