തിരുവനന്തപുരം: ഡൽഹി രാഷ്ട്രീയം ഉപേക്ഷിച്ചെത്തി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫിന് അധികാരത്തിലെത്തിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങളുമായി രംഗത്ത്. ക്രൈസ്തവ വോട്ടുബാങ്ക് തിരികെ പിടിക്കാനുള്ള ശ്രമങ്ങളാണ് കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായി സഭാ ആസ്ഥാനങ്ങൾ കയറിയിറങ്ങുകയാണ് കുഞ്ഞാലിക്കുട്ടി.

ഇന്ന് മലങ്കര സഭ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസുമായി കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തി. മധ്യകേരളത്തിൽ എല്ലാക്കാലത്തും യു.ഡി.എഫിന്റെ വോട്ടുബാങ്കും ശക്തി സ്രോതസ്സുമായിരുന്നു ക്രൈസ്തവ സഭകൾ. തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്ന് ക്രൈസ്തവ സഭകളുടെ എതിർപ്പാണെന്നും യു.ഡി.എഫ്. വിലയിരുത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് സഭാ നേതൃത്വവുമായി ചർച്ച നടത്താൻ യു.ഡി.എഫ്. യോഗം നേതാക്കൾക്ക് നിർദ്ദേശം നൽകി.

അതിന്റെ ഭാഗമായിരുന്നു കർദിനാൽ ബസേലിയോസ് മാർ ക്ലിമീസുമായുള്ള കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്ച. മലങ്കര സഭയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തെ ചർച്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. യു.ഡി.എഫ്. രാഷ്ട്രീയത്തിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുന്നെന്ന പ്രചരണത്തിലും സഭാ നേതൃത്വത്തിന് ആശങ്കയുണ്ട്. ഇതു പരിഹരിക്കലും കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമായിരുന്നു. താമരശ്ശേരി ബിഷപുമായും കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഡിഎഫിനെ തളർത്തി ബിജെപിയെ വളർത്താനാണ് എൽഡിഎഫിന്റെ ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സാമുദായികമായി ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപി ചെയ്യുന്നത്. അത് എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല, എന്നാൽ ഇപ്പോൾ അവരും ഈ വഴിയിലേക്കാണ് നീങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് പോയാൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ ഭരണ തിരഞ്ഞെടുപ്പു പോലെയാകില്ല നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം വോട്ട് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാകും ഉണ്ടാവുകയെന്നും ബിജെപിക്ക് അതിൽ നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ വോട്ടുചോർത്താനുള്ള ശ്രമം ശബരിമല സമരം നടന്നിരുന്ന സമയത്തും എൽഡിഎഫ് നടത്തിയിരുന്നതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് ഫലം ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ബിജെപി വളരുന്ന പാർട്ടിയല്ല മറിച്ച് തളരുന്ന പാർട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു.