മലപ്പുറം: പാണ്ടിക്കാട് ഒറവമ്പുറത്ത് മുസ്ലിം ലീഗ് പ്രവർവതകൻ ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ കുത്തേറ്റ് മരിച്ച സംഭവത്തിൽ അറസ്സ്റ്റിലായ പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് സൂചന. സംഭവത്തിൽ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

ഒറവമ്പുറത്ത് കിഴക്കുമ്പറമ്പിൽ മൊയ്തീൻ ബാപ്പു, മകൻ നിസാം, മൊയ്തീൻ ബാപ്പുവിന്റെ സഹോദരൻ മജീദ് ബാഷ എന്ന അബ്ദുൽ മജീദ്, നിസാമിന്റെ സുഹൃത്ത് അയലക്കര യാസർ എന്ന കുഞ്ഞാണി എന്നിവരാണ് സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത്. ഇവരിൽ നിസാം സിപിഐഎം പ്രവർത്തകനും അബ്ദുൽ മജീദ് നേരത്തെ പിഡിപി പ്രവർത്തകനും ആയിരുന്നു എന്നതൊഴിച്ചാൽ മറ്റു രണ്ടുപേർക്കും പ്രത്യക്ഷത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് ബന്ധങ്ങളൊന്നുമില്ല.

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ തുടങ്ങിയ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. എന്നാൽ കൊല്ലപ്പെട്ട ആര്യാടൻ വീട്ടിൽ സമീർ ഈ പ്രശനങ്ങളിലൊന്നും ഇല്ലാത്ത ആളായിരുന്നു. അതു കൊണ്ട് തന്നെ സമീറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല പ്രതികൾ എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ രണ്ട് കുടുംബങ്ങളായ കിഴക്കുപറമ്പിൽ വീടും ആര്യാടൻ കുടുംബവും തമ്മിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പ്രശ്നങ്ങളാണ് 2 കുടുംബങ്ങൾ തമ്മിലുള്ള സംഘർഷമായി മാറിയതെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.

കൊലപാതകത്തിന് മുമ്പുണ്ടായ സംഘർഷം ആസൂത്രിതമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ അത് സമീറിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നില്ല. ബന്ധുവായ ഉമ്മറിന് കുത്തേൽക്കുന്ന സമയത്ത് പിടിച്ചുമാറ്റുന്നതിനിടയിലാണ് സമീറിന് കുത്തേറ്റത്. ഒരേ കുടുംബത്തിൽ പെട്ട ബന്ധുക്കളായ ആദ്യ മൂന്ന് പ്രതികൾ സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ഈ കുടുംബത്തിന് പുറത്ത് നിന്നുള്ള നാലാം പ്രതി യാസർ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇത് ആസൂത്രിതമായി സംഭവിച്ചതാണ് എന്നാണ് പൊലീസ് കരുതുന്നത്.

അക്രമികളെ സഹായിക്കാനായി യാസറിനെ നേരത്തെ തന്നെ സംഭവ സ്ഥലത്ത് എത്തിച്ചതിന് പിന്നിൽ ആദ്യത്തെ മൂന്ന് പ്രതികളുമാണ് എന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയം മുതൽ അതിന് ശേഷവും ഇരുകുടുംബങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. മേലാറ്റൂർ പൊലീസ് സ്റ്റേഷനിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ ഇന്ന് പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കുക.

ബുധനാഴ്ച രാത്രിയാണ് സമീറിന് കുത്തേറ്റത്. നെഞ്ചിലാണ് കുത്തേറ്റിട്ടുള്ളത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു. പാണ്ടിക്കാട് ഒറവമ്പുറം അങ്ങാടിയിൽ സമീർ നടത്തുന്ന സ്ഥാപനത്തിന് മുമ്പിൽ വച്ചാണ് സംഘർഷമുണ്ടായത്. കടഅടച്ച് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സമീർ. ഈ സമയത്താണ് തന്റെ ബന്ധുവായ ഉമ്മറിനെ അക്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉമ്മറിനെ രക്ഷിക്കാനായി സംഘർഷത്തിനിടയിലേക്ക് എത്തിയപ്പോഴാണ് സമീറിന് കുത്തേറ്റത്. സമീർ സമീർ മുസ്ലിം ലീഗ് പ്രവർത്തകനാണ്.

അതുകൊണ്ട് തന്നെ കൊലപാതകത്തിൽ രാഷ്ട്രീയം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലടക്കമുള്ള യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസും സിപിഎമ്മും പറയുന്നത്.