ഇടുക്കി: കോടതിയിൽ നിന്നുള്ള, പൊലീസ് പ്രൊട്ടക്ഷൻ ഉത്തരവുമായി സ്വന്തം വീട്ടിൽ താമസിക്കുന്ന ഖദീജക്ക് നേരെ വീണ്ടും വധശ്രമം. ഭർത്താവ് കുഞ്ഞുമോൻ എന്നറിയപ്പെടുന്ന പരീത് ഇന്ന് ഭാര്യ ഖദീജയെ തലയ്ക്കടിച്ചു വീഴ്‌ത്തി. പ്രൊട്ടക്ഷൻ ഉത്തരവുമായി, ഭർത്താവിനും രണ്ടാം ഭാര്യയ്ക്കുമൊപ്പം കഴിഞ്ഞിരുന്ന അടിമാലി കൊന്നത്തടി കണിച്ചാട്ട് ഖദീജയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികത്സയ്ക്കായി കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലേക്കും മാറ്റി. കവിളിന്റെ ഭാഗത്ത് എല്ലുപൊട്ടിയതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. പരീത് തന്നെയാണ് ഖദീജയെ ആശുപത്രിയിലാക്കിയത്.

ഇന്ന് ഉച്ചയോടെ ഭർത്താവ് കുഞ്ഞുമോൻ എന്നറിയപ്പെടുന്ന പരീത് വാക്കുതർക്കത്തെ തുടർന്ന് ഉമ്മയെ ആക്രമിച്ചെന്ന് മകൻ കമറുദ്ദീൻ മറുനാടനോട് പറഞ്ഞു. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മൊഴി എടുക്കാൻ കഴിഞ്ഞില്ല. മൊഴിയെടുത്ത ശേഷമെ എന്താ സംഭവിച്ചതെന്ന് വ്യക്തമാവു എന്നാണ് വെള്ളത്തുവൽ പൊലീസിന്റെ നിലപാട്.

2019 സെപ്റ്റംബർ 5 ന് തലാക്ക് ചൊല്ലിയാണ് പരീത് ഇവരുമായി ബന്ധം വേർപെടുത്തിയത്. മുത്തലാഖ് നിരോധനത്തിനുശേഷം സംസ്ഥാനത്ത് ആദ്യം റിപ്പോർട്ടുചെയ്യപ്പെട്ട സംഭവമായിരുന്നു ഇത്. തലാക്ക് ചൊല്ലൽ ദിവസം വീട്ടിലുണ്ടായ തർക്കത്തെത്തുടർന്ന് പരീത് ഉമ്മയെ വാക്കത്തി ഉപയോഗിച്ച് വെട്ടിയിരുന്നു. ഉമ്മയെ രക്ഷിക്കാൻ ആയി ഇടയ്ക്കു കയറിയ മകൻ കമറുദ്ദീന് ആഴത്തിലുള്ള രണ്ടു വെട്ട് ഏറ്റിരുന്നു. എന്നാൽ, സംഭവം നടന്ന് രണ്ടുവർഷത്തിന് ശേഷവും കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പൊലീസ് ഒത്തുകളി മൂലമാണ് പരീത് വീണ്ടും ആക്രമണത്തിന് മുതിരുന്നതെന്നാ്ണ് കമറുദ്ദീന്റെ ആരോപണം.

മുത്തലാക്ക് നിരോധനത്തിന് ശേഷം രണ്ടാം ഭാര്യയെ കൂടെ താമസിപ്പിക്കുന്നതിനായി ആദ്യ ഭാര്യയായ ഖജീജയെ മുത്തലാക്ക് ചൊല്ലി ഒഴിവാക്കുകയായിരുന്നു. നിയമയുദ്ധത്തിനൊടുവിൽ ഭർത്താവ് രണ്ടാം ഭാര്യയുമൊത്ത് താമസിച്ചിരുന്ന വീട്ടിൽ പൊലീസ് സംരക്ഷണയിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും ഖദീജയ്ക്ക് അനുമതി നൽകി തൊടുപുഴ സെഷൻസ് കോടതി ഉത്തരവായിരുന്നു.

ഭർത്താവ് കൂഞ്ഞുമോൻ എന്നറിയപ്പെടുന്ന പരീത് മറ്റൊരുയുവതിയെ വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവരികയും ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ മാനസികമായും ശാരികമായും ഉപദ്രവിച്ചെന്നും തുടർന്ന് മുത്തലാക്ക് ചൊല്ലി വീട്ടിൽ നിന്നും ഇറക്കി വിട്ടെന്നുമായിരുന്നു ഖദീജ കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജ്ജിയിലെ പ്രധാന ആരോപണം.

മൂത്തലാക്ക് ചൊല്ലിയതിനെ ന്യായീകരിക്കാനാവില്ലന്നും അതിനാൽ ഭർത്താവിന്റെ വീട്ടിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് അടിമാലി കോടതിയിലാണ് ഖദീജ ആദ്യം ഹർജി നൽകിയത്. പൊലീസ് സംരക്ഷണയിൽ വീട്ടിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും കോടതി ഉത്തരവായി.

ഇതിനിടയിൽ പരീത് വീടും സ്ഥലവും സ്വന്തം ഉമ്മയുടെ പേരിലേക്ക് മാറ്റുകയും നിയമ വഴിയിൽ ഖദീജയുടെ പ്രവേശനം വിലക്കി കോടതി ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു. ദീജ പൊലീസ് സംരക്ഷണയിൽ താമസിച്ചുവരവെയാണ് പരീത് ഇഞ്ചക്ഷൻ ഓർഡർ തരപ്പെടുത്തിയത്. ദീജയോട് വാടക വീട്ടിലേക്ക് മാറാനും ഈ ഉത്തരവിൽ കോടതി നിർദ്ദേശിച്ചിരുന്നു.

ഇതിനെതിരെ വീണ്ടും അടിമാലിയെ കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ുടർന്നാണ് തൊടുപുഴ സെഷൻസ് കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. കോടതി ഉത്തരവ് സംബന്ധിച്ചുള്ള വിവരങ്ങൾ ഖദീജ പൊലീസിനെ രേഖാമൂലം അറിയിക്കുകയും വിധി പകർപ്പ് കൈമാറുകയും ചെയ്തിരുന്നു. തുടർന്നാണ് ഖദീജയ്ക്ക് പരീതിന്റെ വീട്ടിൽ താമസിക്കുന്നതിന് പൊലീസ് സൗകര്യമൊരുക്കിയത്. കോടതി വിധിക്കു യാതൊരു പ്രാധാന്യവും കൊടുക്കുന്ന ആൾ അല്ല ബാപ്പ എന്ന് കമറുദീൻ പറയുമ്പോൾ, അതിന് കൂട്ടുനിൽക്കുന്ന സമീപനമാണ് വെള്ളത്തൂവൽ പൊലീസിന്റേത് എന്നാണ് ആക്ഷേപം.