മല്ലപ്പള്ളി: തിരുവനന്തപുരത്ത് രണ്ടു സിപിഎം ബ്രാഞ്ച് കമ്മറ്റികൾ ഓഫീസ് അടക്കം ബിജെപിയിൽ ചേർന്നതാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സംഭവം. എന്നാൽ, സംസ്ഥാനമൊട്ടാകെ സംഘപരിവാർ സംഘടനകളിൽ നിന്ന് സിപിഎമ്മിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന കുത്തൊഴുക്ക് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എല്ലായിടത്തും പാർട്ടി മാറിയ പ്രവർത്തകർ ഒന്നാമതായി ചൂണ്ടിക്കാണിക്കുന്ന വിഷയം ബിജെപിയിലും ആർഎസ്എസിലും കൊടികുത്തി വാഴുന്ന ജാതീയത തന്നെയാണ്. ഈഴവർ മുതൽ താഴോട്ടുള്ള ജാതിക്കാരെ ഒറ്റപ്പെടുത്തി ഒതുക്കുന്നുവെന്നും അർഹമായ പരിഗണന ലഭിക്കില്ലെന്നുമാണ് പുറത്തേക്ക് പോയവർ പറയുന്നത്. എത്ര പേർ പാർട്ടി വിട്ടു പോയിട്ടും ബിജെപി സംസ്ഥാന നേതൃത്വവും അതിന്റെ കാരണം തിരക്കുന്നില്ല എന്നുള്ളതാണ് ഞെട്ടിക്കുന്ന വസ്തുത.

ശബരിമല അയ്യപ്പ ധർമ സമിതിയുടെ നേതാവ് പന്തളം സ്വദേശി എസ്. കൃഷ്ണകുമാർ പാർട്ടി വിട്ടത് അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിന്റെ പേരിലായിരുന്നു. ശബരിമല വിഷയം സമർഥമായി ഉപയോഗിച്ച് ബിജെപി പാർട്ടി വളർത്തിയപ്പോൾ അതിന് കാരണഭൂതനായ കൃഷ്ണകുമാറിനെ പോലുള്ളവരെ അവഗണിച്ചു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹൈന്ദവത പറഞ്ഞ് നിറഞ്ഞാടുന്ന ശ്രീജിത്ത് പന്തളവും ഇങ്ങനെ പോയ ആളാണ്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെ രൂക്ഷമായി വിമർശിച്ചാണ് ഇരുവരും പാർട്ടി വിട്ടത്.

കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ വർഷങ്ങളായി ആർഎസ്എസ്-ബിജെപി സംഘടനകളിൽ പ്രവർത്തിച്ചവരാണ് ഒന്നടങ്കം സിപിഎമ്മിൽ ചേർന്നത്. ആർഎസ്എസിനെ മല്ലപ്പള്ളിയിൽ വളർത്തിയ സന്തോഷ് കാട്ടാമല അടക്കമാണ് പാർട്ടി വിട്ടത്. ബിഎംഎസിലാണ് സന്തോഷ് പ്രവർത്തിച്ചിരുന്നത്. ആർഎസ്എസിന് വേണ്ടി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളായിരുന്നു സന്തോഷ്. ഒടുക്കം കടുത്ത അവഗണനയും ജാതീയമായ വിവേചനവും തിരിച്ചറിഞ്ഞാണ് സന്തോഷിന്റെ നേതൃത്വത്തിൽ സിപിഎമ്മിൽ ചേർന്നിരിക്കുന്നത്. പിന്നാക്കക്കാരെയും പട്ടികജാതിക്കാരെയും അവഗണിക്കുന്ന രീതിയാണ് ജില്ലയിൽ തുടർന്നു വരുന്നത്.

എംകെ സന്തോഷ് കുമാർ, പി വിനിൽ യുവമോർച്ച ജില്ലാ കമ്മറ്റിയംഗം, ഉമേഷ് കുമാർ, എസ് സുജിത്ത്, എസ് അജിത്ത്, ഷിബിൻ ഗോപാലകൃഷ്ണൻ, സതീഷ്‌കുമാർ കാട്ടാമല, ഷാജി കൈപ്പറ്റ, ബിന്ദു അജികുമാർ, ദീപ അജി, ഓകെ തങ്കപ്പൻ, ടിആർ രതീഷ്, സികെ ശ്രീകുമാർ, ടിആർ രാജേഷ്‌കുമാർ തുടങ്ങിയവരാണ് സിപിഎമ്മിൽ ചേർന്നത്. മല്ലപ്പള്ളി ടൗണിൽ ചേർന്ന ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

പത്തനംതിട്ട ജില്ലയിൽ പ്രമുഖരായ പലരും ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. പന്തളത്തെ എസ് കൃഷ്ണകുമാറിനെപ്പോലുള്ളവർ പാർട്ടി വിട്ടതും തുടർന്ന് നടത്തിയ വെളിപ്പെടുത്തലും ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാൽ, അതിനെ പ്രതിരോധിക്കാനോ സമാന രീതിയിലുള്ളവർ പാർട്ടി വിടുന്നത് തടയാനോ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ തയാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല ആർഎസ്എസിനെ ഏൽപ്പിച്ചപ്പോൾ തുടങ്ങിയ അവഗണനയാണ് ബിജെപിയിലെ സാധാരണ പ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.

ആർഎസ്എസുകാർക്ക് ജനങ്ങളുമായി നേരിട്ട് ബന്ധമില്ല. എന്നാൽ, പ്രവർത്തനത്തിന് ഇറങ്ങുന്ന സാധാരണ പ്രവർത്തകരെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന നടപടിയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് ചെലവിന് നൽകിയ കോടികൾ എവിടേക്ക് പോയി എന്നതിനെപ്പറ്റിയും ചോദ്യം ഉയരുന്നു. ഇതിലെല്ലാമുപരി പാർട്ടിയിലെ സവർണ അധീശത്വം ഈഴവരാദി പിന്നാക്ക സമുദായങ്ങളിലുള്ളവരെ പിന്നോട്ട് അടിക്കുകയും ചെയ്യുന്നു.

ശബരിമല സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന അറിയപ്പെടുന്ന നേതാക്കൾ സഹിതം വരും ദിവസങ്ങളിൽ സിപിഎമ്മിൽ ചേരുന്നതിനുള്ള ചർച്ച നടന്നു വരികയാണ്. കെ സുരേന്ദ്രന്റെ യാത്ര ജില്ലയിൽ എത്തുന്നതിന് മുൻപ് തന്നെ ഇതുണ്ടായേക്കും എന്നാണ് സൂചന.