പത്തനംതിട്ട: ജില്ലയിൽ എസ്ഡിപിഐ ബാന്ധവത്തെ ചൊല്ലി സിപിഎമ്മിൽ പൊട്ടിത്തെറ്റി. തീവ്രവാദ ബന്ധമുള്ളവർക്കെതിരേ പോസ്റ്റിട്ട സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരേ പാർട്ടി നടപടി എടുത്തതാണ് പൊട്ടിത്തെറിക്ക് കാരണമാകുന്നത്.

എസ് ഡിപിഐ-സിപിഎം ബാന്ധവമുള്ള പത്തനംതിട്ട നഗരസഭയിൽ സിപിഎം കൗൺസിലർ ആയ വിആർ ജോൺസൺ എസ് ഡിപിഐക്കെതിരേ പരസ്യ പ്രതികരണവുമായി രംഗത്തു വന്നു. എസ്ഡിപിഐ പട്ടികളെ നിന്റെയൊന്നും ഔദാര്യമല്ല കൗൺസിലർ സ്ഥാനമെന്ന ജോൺസന്റെ ഫേസ്‌ബുക്ക്, വാട്സാപ്പ് പോസ്റ്റുകൾ വിവാദമായി. സിപിഎമ്മിലെ വിഭാഗീയത കൂടിയാണ് ഇതിനൊപ്പം മറ നീക്കിയിരിക്കുന്നത്.

ജില്ലയിൽ ആകമാനം എസ് ഡിപിഐയോട് മൃദുസമീപനമാണ് സിപിഎമ്മിനുള്ളത്. ഇതിനുള്ള തെളിവുകളാണ് കഴിഞ്ഞ കുറേ നാളുകളായി പുറത്തു വരുന്നത്. നിമിഷ ഫാത്തിമയെ നാട്ടിലേക്ക് തിരികെ കൊണ്ടു വരണമെന്ന് നിർബന്ധം പിടിക്കുന്ന അമ്മ ബിന്ദുവിനെതിരേ ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന് കോട്ടാങ്ങൽ പഞ്ചായത്തിലെ ഡിവൈഎഫ്ഐ നേതാവ് രാഹുലിനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി.

പത്തനംതിട്ട നഗരസഭയിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന റോബിൻ വിളവിനാലിനെ എസ്ഡിപിഐക്കെതിരേ പ്രതികരിച്ചതിന് രണ്ടു സ്ഥാനങ്ങളിലും നിന്ന് നീക്കം ചെയ്തു. സിമി എന്ന പഴയ തീവ്രവാദ പ്രസ്ഥാനത്തിന്റെ മറുപേരിൽ അറിയപ്പെടുന്ന എസ്ഡിപിഐ തീവ്രവാദ പ്രസ്ഥാനം നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന് അപകടകരമാണ് എന്നായിരുന്നു റോബിന്റെ പോസ്റ്റ്.

വിവാദം ഇത്രയും കത്തിപ്പടരുന്നതിനിടെയാണ് പത്തനംതിട്ട നഗരസഭാ കൗൺസിലർ വിആർ ജോൺസൻ
രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു കൊണ്ട് ഫേസ് ബുക്കിലും നഗരസഭയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റ് ഇട്ടത്. എസ്ഡിപിഐ പട്ടികളെ നിന്റെ ഒന്നും ഔദാര്യം അല്ല പത്തനംതിട്ട നഗരസഭ കൗൺസിലർ സ്ഥാനം. വർഗീയവാദം തുലയട്ടെ എന്നാണ് പോസ്റ്റിൽ പറയുന്നത്.
നഗരസഭയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോൺസന്റെ പോസ്റ്റിന് എസ്ഡിപിഐ കൗൺസിലർ ഷെമീർ മറുപടിയും നൽകിയിട്ടുണ്ട്.

രാഷ്ട്രീയ വിവരമില്ലായ്മ പാർട്ടി പഠന ക്ലാസിലാണ് പരിഹരിക്കേണ്ടത്. ഞങ്ങൾ ആരെയെങ്കിലും ജയിപ്പിച്ചുവെന്നോ ആരെയെങ്കിലും പിന്തുണച്ചുവെന്നോ എവിടെയും അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ ചർച്ചകൾ നഗരസഭയുടെ ഔദ്യോഗിക ഗ്രൂപ്പിലല്ല രാഷ്ട്രീയ വേദികളിലാണ് നടത്തേണ്ടത്. നിങ്ങൾ തമ്മിലുള്ള പടലപ്പിണക്കത്തിൽ എസ്ഡിപിഐയുടെ പേര് വലിച്ചിഴയ്ക്കാതിരിക്കുക എന്നാണ് ഷെമീർ പോസ്റ്റ് ചെയ്തത്.

ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാതിരുന്ന നഗരസഭാ ഭരണം മൂന്നു സ്വതന്ത്ര കൗൺസിലർമാരുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ യാണ് എൽഡിഎഫ് പിടിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു. 32 അംഗ കൗൺസിലിൽ എൽഡിഎഫ്-13(സിപിഎം-10, കേരളാ കോൺഗ്രസ് (എം)-രണ്ട്, സിപിഐ-ഒന്ന്), കോൺഗ്രസ് -13, സ്വതന്ത്രർ-മൂന്ന്, എസ്ഡിപിഐ-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. സ്വതന്ത്ര കൗൺസിലർമാരായ ആമിന ഹൈദരാലി, കെആർ അജിത്ത് കുമാർ, ഇന്ദിരാമണിയമ്മ എന്നിവരുടെ പിന്തുണ സ്വീകരിച്ചാണ് എൽഡിഎഫ് അധികാരത്തിൽ വന്നത്.

ആമിന ഹൈദരാലിയെ വൈസ് ചെയർപേഴ്സണുമാക്കി. തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ എസ്. ഷെമിർ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായി. അധികാരം പിടിച്ചതും ഷെമീർ ചെയർമാനായതും എസ്ഡിപിഐ പിന്തുണയോടെ ആണെന്ന് ആരോപിച്ച് ആദ്യം രംഗത്തു വന്നത് എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയായിരുന്നു. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും സ്റ്റാൻഡിങ് കമ്മറ്റിയിൽ ചെയർമാൻ സ്ഥാനം സിപിഐക്ക് കിട്ടാതെ പോയി. എസ്ഡിപിഐ പിന്തുണയിൽ വിജയിച്ച ആമിനയെ വൈസ് ചെയർപേഴ്സൺ ആക്കി. ആമിന തങ്ങളുടെ നോമിനിയാണെന്ന് എസ്.ഡി.പി.ഐ പരസ്യമായി പ്രസ്താവന ഇറക്കി.

ചെയർമാൻ എസ്ഡിപിഐക്കാരെയും സ്വതന്ത്ര കൗൺസിലർമാരെയും വഴിവിട്ടു സഹായിക്കുന്നുവെന്ന് സിപിഎം കൗൺസിലർമാർക്കിടയിൽ വ്യാപക ആക്ഷേപമുണ്ട്. പാർട്ടിക്കുള്ളിലും ഇതേ വിഷയം ചർച്ച ചെയ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് ഘടക കക്ഷികളുടെ യോഗവും വിളിച്ചു. എസ്ഡിപിഐ കൗൺസിലർമാർ പലയിടത്തും അമിത അധികാരം പ്രയോഗിക്കുന്നുവെന്നും ഇതിന് ചെയർമാൻ മൗനാനുവാദം നൽകുന്നുവെന്നുമാണ് പരാതി.

പത്തനംതിട്ട മാർക്കറ്റിലെ കച്ചവട സ്റ്റാളുകൾ കൈകാര്യം ചെയ്യുന്നതിൽ വരെ ഈ പ്രീണനം നടക്കുന്നുവെന്നാണ് ആരോപണം.