പത്തനംതിട്ട: പ്രിയദർശൻ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം അമേരിക്കയിലേക്ക് പോകാനൊരുങ്ങുന്ന രംഗമുണ്ട്. ഒപ്പം പോയാൽ കൊള്ളാമെന്ന് ആഗ്രഹമുള്ള ശ്രീനിവാസന്റെ കഥാപാത്രം അവസാനം സഹികെട്ട മോഹൻലാലിനോട് ചോദിക്കുന്നു: വേണേങ്കിൽ ഞാനൂടെ വരാട്ടോ? അപ്പോൾ മോഹൻലാൽ പറയുന്ന മറുപടി: വോ വേണ്ട. ഈ സീൻ കണ്ട് ചിരിക്കുകയും അതുപയോഗിച്ച് ട്രോൾ ഉണ്ടാക്കുകയും ചെയ്തവരാണ് മലയാളികൾ.

ഏതാണ്ടിതേ പോലെ ഒരു സീൻ ഇപ്പോൾ പത്തനംതിട്ട നഗരസഭയിൽ നടക്കുകയാണ്. 32 വാർഡാണ് ഇവിടെയുള്ളത്. എൽഡിഎഫും യുഡിഎഫും 13 എണ്ണം വീതം പങ്കിട്ടു. മൂന്നെണ്ണം എസ്ഡിപിഐ നേടി. ശേഷിച്ച മൂന്നിടത്ത് കോൺഗ്രസ് വിമതർ ജയിച്ചു. ഇതിൽ ഒരാൾ ഞങ്ങൾക്കൊപ്പമാണെന്ന് എസ്ഡിപിഐ അവകാശപ്പെടുകയും ചെയ്യുന്നു.

ആകെ അവിയൽ പരുവത്തിലുള്ള ഇവിടെ ഭരണം പിടിക്കണമെങ്കിൽ പുറത്തു നിന്നുള്ള പിന്തുണ ഇരുമുന്നണിക്കും വേണം. വർഗീയ കക്ഷിയായ എസ്ഡിപിഐയുടെ പിന്തുണ പരസ്യമായി തേടാൻ ഇരുമുന്നണിക്കും കഴിയില്ല. പക്ഷേ, തങ്ങളെ ഇരുമുന്നണിക്കും ആവശ്യമുണ്ടെന്ന് നാട്ടുകാരെ അറിയിക്കേണ്ടത് അവരുടെ ആവശ്യമാണ്. ഇതിനായി മുന്നണികൾ ചോദിച്ചില്ലെങ്കിലും അങ്ങോട്ട് പിന്തുണയ്ക്കാൻ തയാറായി നിൽക്കുകയാണ് എസ്ഡിപിഐ. തങ്ങളോട് മുന്നണികൾ പിന്തുണ തേടി എന്ന് സ്വയം കഥകൾ അടിച്ചിറക്കുകയും ചെയ്യുന്നു. യുഡിഎഫിൽ കോൺഗ്രസ് മാത്രമാണുള്ളത്. എൽഡിഎഫിൽ സിപിഐയ്ക്ക് ഒന്ന്, കേരളാ കോൺഗ്രസ്(എം)-രണ്ട്, സിപിഎം-10 എന്നിങ്ങനെയാണ് കക്ഷി നില.

കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് 15-ാം വാർഡിൽ മത്സരിച്ച ഇന്ദിരാമണിയമ്മ, 21-ാം വാർഡിൽ മത്സരിച്ച ആമിന ഹൈദരാലി, 29 ൽ മത്സരിച്ച കെആർ അജിത്ത് കുമാർ എന്നിവരാണ് വിമതരായി ജയിച്ചിട്ടുള്ളത്. ഇവർ മൂവരുടെയും പിന്തുണ കോൺഗ്രസിന് കിട്ടിയാൽ 16 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ഭരണം നടത്താം. ഇതിൽ ആമിന ഹൈദരലിയുടെ വിജയം സ്വന്തം അക്കൗണ്ടിൽ ചേർത്തിരിക്കുകയാണ് എസ്ഡിപിഐ. തങ്ങൾ പറയുന്നിടത്തേ ആമിന നിൽക്കൂവെന്ന് എസ്ഡിപിഐ നേതാക്കൾ പറയുന്നു.

ഇന്ദിരാമണിയമ്മ കേരളാ കോൺഗ്രസി(എം)നൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഇതോടെ എൽഡിഎഫിന് 14 സീറ്റാകും. അപ്പോൾ കെആർ അജിത് കുമാർ യുഡിഎഫിലേക്ക് പോകും. ഇതോടെ അവിടെയും സീറ്റ് 14ആകും. എസ്ഡിപിഐയുടെ പിന്തുണ ഇരുകൂട്ടരും സ്വീകരിക്കാതെ വരുന്നതോടെ ചെയർമാൻ സ്ഥാനം നറുക്കെടുപ്പിലൂടെ നിശ്ചയിക്കേണ്ടിയും വരും. ഇനിയൊരു മാർഗമുള്ളത് കെആർ അജിത്കുമാറിനെ പുറമേ നിന്ന് പിന്തുണച്ച് വേണമെങ്കിൽ ഇരുമുന്നണികൾക്കും ചെയർമാനാക്കാം എന്നുള്ളതാണ്.

പിന്തുണ തേടി സമീപിച്ച രണ്ടു മുന്നണികളോടും ചെയർമാൻ സ്ഥാനമാണ് അജിത്ത് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ദിരാമണിയമ്മ നേരിട്ട് എൽഡിഎഫിൽ പോകാൻ താൽപര്യപ്പെടില്ല. എന്നാൽ എൽഡിഎഫിന്റെ ഭാഗമായ കേരളാ കോൺഗ്രസി(എം)നൊപ്പം നില കൊള്ളുമെന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ എൽഡിഎഫിന്റെ അംഗസംഖ്യ 14 ആകും. കെആർ അജിത്ത്കുമാർ കൂടി എൽഡിഎഫിനൊപ്പം ചേർന്നാൽ 15 സീറ്റുമായി ഏറ്റവും വലിയ മുന്നണിയാകാൻ എൽഡിഎഫിന് കഴിയും. പക്ഷേ, അജിത്കുമാർ ഒപ്പം ചെല്ലണമെങ്കിൽ ചെയർമാൻ സ്ഥാനം കൊടുക്കണം. എന്തുവില കൊടുത്തും ഭരണം പിടിക്കാൻ നിൽക്കുന്ന എൽഡിഎഫ് അതിന് സമ്മതിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
2010 ലെ കൗൺസിലിന്റെ കാലത്ത് തിരുവല്ല നഗരസഭയിൽ ഭരണം പിടിക്കാൻ എൽഡിഎഫ് നടത്തിയ അതേ നീക്കം ഇവിടെയും ആവർത്തിച്ചു കൂടായികയില്ല. അന്ന് കേരളാ കോൺഗ്രസ് പിസി തോമസ് വിഭാഗത്തിലെ ഡെൽസി സാമിനെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയാക്കി പുറമേ നിന്ന് ബിജെപിയും എൽഡിഎഫും സ്വതന്ത്രരും ചേർന്ന് തിരുവല്ലയിൽ ഭരണം യുഡിഎഫിന് നഷ്ടമാക്കി. അതേ പോലെ ഇവിടെ അജിത്കുമാറിനെ ചെയർമാൻ സ്ഥാനാർത്ഥിയാക്കി എസ്ഡിപിഐയും എൽഡിഎഫും പുറമേ നിന്ന് പിന്തുണച്ചാൽ മതിയാകും. ഇതോടെ 18 അംഗങ്ങളുടെ പിന്തുണയും കേവല ഭൂരിപക്ഷവുമാകും. എസ്ഡിപിഐയും എൽഡിഎഫുമായി സഖ്യമുണ്ടെന്ന് പറയാനും ആർക്കും കഴിയാത്ത അവസ്ഥയാകും.

ഇനി അജിത്തിനെ ചെയർമാനാക്കാൻ എൽഡിഎഫ് തയാറായില്ലെങ്കിൽ അദ്ദേഹം യുഡിഎഫിനൊപ്പം പോകും. ഇതോടെ കക്ഷിനില വീണ്ടും തുല്യമാകും. എസ്ഡിപിഐയുടെ പിന്തുണ രണ്ടു മുന്നണികളും സ്വീകരിക്കാത്ത സ്ഥിതിക്ക് പിന്നെ നറുക്കെടുപ്പിലൂടെയാകും ചെയർമാനെയും വൈസ് ചെയർപേഴ്സനെയും നിർണയിക്കുക. ഇവിടെ ഭാഗ്യമുള്ളവർ ഈ സ്ഥാനങ്ങളിൽ എത്തും. എൽഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് നഗരസഭാ സ്റ്റേഡിയം നിർമ്മാണമാണ്. വീണാ ജോർജ് എംഎൽഎയുടെ പ്രസ്റ്റീജ് പ്രശ്നമാണിത്. അതു കൊണ്ടു തന്നെ അജിത്തിനെ ചെയർമാനാക്കാൻ എൽഡിഎഫിന് വലിയ എതിർപ്പുണ്ടാകില്ല.

ബുദ്ധിപരമായ നീക്കങ്ങൾക്ക് എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫിൽ കുതിരക്കച്ചവടത്തിനാണ് കളമൊരുങ്ങുന്നത്. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ഒഴിവാക്കി ഡിസിസി നേതൃത്വം ചില സീറ്റുകൾ വിറ്റതാണ് ഇപ്പോൾ ഈ ദുർഗതിക്ക് കാരണമായത് എന്നാണ് കോൺഗ്രസുകാരുടെ ആരോപണം. കോൺഗ്രസിന് അജിത്തിന്റെ പിന്തുണ വേണം. എന്നാൽ, ചെയർമാനാക്കാൻ തയാറാകില്ല. ചെയർമാൻ സ്ഥാനത്തിൽ കുറഞ്ഞൊന്നും അജിത്ത് സ്വീകരിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസിന് പത്തനംതിട്ട മുനിസിപ്പൽ ഭരണം നഷ്ടമാകാനാണ് സാധ്യത.