പത്തനംതിട്ട: അവസാന മണിക്കൂറുകൾ വരെ നീണ്ട അനിശ്ചതത്വത്തിനൊടുവിൽ നഗരസഭാ ഭരണം എൽഡിഎഫ് ഉറപ്പിച്ചു. സിപിഎമ്മിലെ അഡ്വ.സക്കീർ ഹുസൈൻ ചെയർമാനാകും. എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കോൺഗ്രസ് വിമത ആമിനാ ഹൈദരാലി വൈസ് ചെയർപേഴ്സണുമാകും. കോൺഗ്രസ് വിമതരായി ജയിച്ച കെആർ അജിത്ത്കുമാർ, ഇന്ദിരാമണിയമ്മ, ആമിന ഹൈദരാലി എന്നിവരുടെ പരസ്യപിന്തുണയും എസ്ഡിപിഐയുടെ പരോക്ഷ പിന്തുണയും എൽഡിഎഫിന് ലഭിക്കും.

32 അംഗ കൗൺസിലിൽ എൽഡിഎഫ് 13, കോൺഗ്രസ് 13, സ്വതന്ത്രർ മൂന്ന്, എസ്ഡിപിഐ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. 21-ാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് വിമത ആമിനാ ഹൈദരാലി തങ്ങൾക്കൊപ്പമാണെന്നാണ് എസ്ഡിപിഐ അവകാശപ്പെട്ടിരുന്നത്. ആമിനയും ഇത് സമ്മതിച്ചു. സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന വൈസ് ചെയർപേഴ്സൺ ആകുമ്പോൾ വിമർശനങ്ങൾ ഉയരുകയാണ്. ആമിനയെ പുറത്ത് നിന്ന് പിന്തുണച്ച് ചെയർപേഴ്സൺ ആക്കാനുള്ള കോൺഗ്രസ് നീക്കം പാളിയതോടെയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. ഇതിനായി ആമിനയ്ക്ക് വൈസ് ചെയർപേഴ്സൺ സ്ഥാനം വച്ചു നീട്ടുകയായിരുന്നു.

അജിത്തിനെയും ഇന്ദിരാമണിയെയും ചെയർമാനും വൈസ് ചെയർപേഴ്സണുമാക്കി ഭരണം പിടിക്കാൻ അവസാന നിമിഷം വരെ കോൺഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെയാണ് 29-ാം വാർഡിൽ കോൺഗ്രസ് വിമതനായി അജിത്ത് വിജയിച്ചത്. ഇവിടെ സിപിഎം സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും 12 വോട്ടും ബിജെപി സ്ഥാനാർത്ഥിക്ക് അഞ്ചുവോട്ടുമായിരുന്നു. അന്ന് തന്നെ അജിത്തിന്റെ പിന്തുണ എൽഡിഎഫ് ഉറപ്പിച്ചെങ്കിലും പിന്നീട് അദ്ദേഹം മാറി ചിന്തിച്ചു. അഞ്ചു വർഷം ചെയർമാൻ സ്ഥാനം എന്ന വാഗ്ദാനമാണ് അജിത്തിന് കോൺഗ്രസ് കൊടുത്തത്. ഇന്ദിരാമണിയോ ആമിനയോ കൂടി ഒപ്പം നിന്നിരുന്നെങ്കിൽ അജിത്തിനെ ഉപയോഗിച്ച് കോൺഗ്രസിന് ഭരണം പിടിക്കാൻ കഴിയുമായിരുന്നു.

സിപിഎം നേതാവ് സക്കീർ ഹുസൈനുമായി എസ്ഡിപിഐ നേതാക്കൾക്കുള്ള അടുത്ത ബന്ധമാണ് പരോക്ഷ പിന്തുണയിൽ കലാശിച്ചതെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. എസ്ഡിപിഐ സ്വതന്ത്ര എന്ന് വിശേഷിപ്പിക്കുന്ന ആമിനയെ വൈസ് ചെയർപേഴ്സൺ ആക്കാനുള്ള സിപിഎം നീക്കം തിരിച്ചടിച്ചേക്കും. എന്തു വില കൊടുത്തും നഗരസഭയുടെ ഭരണം സിപിഎമ്മിന് പിടിച്ചേ പറ്റൂ. വീണാ ജോർജ് എംഎൽഎയുടെ സ്വപ്ന പദ്ധതിയായ ജില്ലാ സ്റ്റേഡിയം വികസനം യാഥാർഥ്യമാക്കണം. ഇതിനായി അധികാരത്തിലേറിയാൽ ഉടൻ തന്നെ കൗൺസിൽ തീരുമാനമെടുത്ത് ധാരണാപത്രം ഒപ്പിടും. എസ്എഫ്ഐ നേതാവ് അഭിമന്യൂവിന്റെ ഘാതകരായ എസ്ഡിപിഐക്കൊപ്പം ചേർന്നുള്ള ഭരണത്തിന് സിപിഎം വരും ദിനങ്ങളിൽ മറുപടി പറഞ്ഞ് മടുക്കും.