ചെന്നൈ: മദ്യലഹരിയിൽ യുവതിയെ കയറിപ്പിടിച്ച പൊലീസുകാരനെ ശരിയാക്കി നാട്ടുകാർ.ബസ് കാത്തുനിന്ന യുവതിയെ കയറിപ്പിടിച്ചതിനെ തുടർന്നാണ് നാട്ടുകാർ ഇടപെട്ടത്.പൊലീസുകാരനെ മുന്നുംപിന്നും നോക്കാതെ നാട്ടുകാർ എടുത്തിട്ട് പെരുമാറി.ഗുരുതര പരുക്കേറ്റ ചെന്നൈയിലെ വടപളനി സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈയിലെ വടപളനിയിലെ 100 ഫീറ്റ് റോഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി. ഈ സമയത്തു അവിടെയെത്തിയ ഹെഡ് കോൺസ്റ്റബിൾ രാജു യുവതിയോടു ബൈക്കിൽ കയറാൻ ആവശ്യപെട്ടു. എന്നാൽ യുവതി വിസ്സമിതിക്കുകയായിരുന്നു. ഇതോടെ രാജു യുവതിയെ കയറിപ്പിടിച്ചു. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇടപെടുകയായിരുന്നു.പിന്നെ ഒന്നും നോക്കിയില്ല; നാട്ടുകാർ വക പൊലീസുകാരന് പൊതിരെ തല്ല്.ഒടുവിൽ സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്.

കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. രാജുവിനെ അന്വേഷണ വിധേയമായി സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. സംഭവത്തിന്റെ വീഡിയോ ആരോ ഒരാൾ എടുത്ത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലുമായി.