കണ്ണൂർ: കരുവന്നൂരിന് ശേഷം സി.പി. എമ്മിന് തലവേദനയായി പേരാവൂർകോ ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസെറ്റിയിലെ ചിട്ടിതട്ടിപ്പു വിവാദം. കരുവന്നൂരിനെതിനു സമാനമായി ബിനാമി ചിട്ടി ഇടപാടുകളിൽ പാർട്ടി ഏരിയാ നേതൃത്വത്തിലെ ചിലർക്ക് പങ്കുണ്ടെന്ന സൂചന പുറത്തുവന്നതോടെ കടുത്ത സമ്മർദ്ദത്തിലാണ് സി.പി. എം ജില്ലാ നേതൃത്വം. സിപിഎം പേരാവൂർ ഏരിയാ സമ്മേളനം നടക്കാനിരിക്കെ കുറ്റാരോപിതരായ നേതാക്കൾക്കെതിരെ അച്ചടക്കനടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് പാർട്ടി നീക്കം.

ഇതുസംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തിൽ പേരാവൂരിൽ യോഗം ചേർന്നിട്ടുണ്ട്. മൂന്ന് വർഷം മുൻപ് പേരാവൂർ ആശുപത്രിയുടെ വിൽപനയുമായി ബന്ധപ്പെട്ടു സാമ്പത്തിക ആരോപണമുയർന്നതിനെ തുടർന്ന് സി.പി. എം ചില നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കുറ്റാരോപിതരായ നേതാക്കൾക്കെതിരെ വെറും ശാസനയിൽ മാത്രമാണ് നടപടിയൊതുങ്ങിയത്. ഇതിനെ തുടർന്ന് അതൃപ്തരായ പ്രവർത്തകരിൽ ചിലർ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.

ഇതിനു സമാനമായ പ്രതിസന്ധിയാണ് ഇപ്പോൾ പേരാവൂർ ബിൽഡിങ് സൊസെറ്റിയുമായി ബന്ധപ്പെട്ടു ഉയർന്നുവന്നിട്ടുള്ളത്. ഇതിനിടെ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇടപാടുകാർ ഇന്ന് സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ചു നടത്തും.സി.പി. എം നിയന്ത്രിത സ്ഥാപനത്തിൽ ക്രമക്കേടു നടന്നുവെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന സൂചന. പൊലിസും ഇതു സംബന്ധിച്ചു അന്വേഷണമാരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ നറുക്കു വീഴുന്ന ചിട്ടികൾ ചില ഉന്നതരുടെ ബിനാമികൾക്കാണ് ലഭിച്ചതെന്നാണ് ആരോപണം. ഇതു സംബന്ധിച്ചു സഹകരണ വകുപ്പ് അന്വേഷണം നടത്തിവരികയാണ്.

ഹൗസിങ് സൊസെറ്റിചിട്ടിനടത്തിപ്പിൽ നടന്ന സാമ്പത്തിക വെട്ടിപ്പാണ് ചിട്ടി പൊളിയാനിടയാക്കിയതെന്നാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ തെളിയുന്നത്. നാലുകോടിയോളം രൂപയുടെ അഴിമതിയാണ് ഇവിടെ നടന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ടവരിൽ ഏറെയും തൊഴിലുറപ്പു തൊഴിലാളികൾ, വ്യാപാരികൾ, കർഷകർ എന്നിവരാണ്. ഒരുലക്ഷം രൂപയുടെതാണ് ചിട്ടി. രണ്ടായിരം രൂപവീതം വെച്ചു മാസം അടയ്ക്കണമെന്നാണ് വ്യവസ്ഥ.അൻപതു മാസ തുടർന്നുള്ള ഗഡു അടയ്ക്കേണ്ട.നറുക്ക് കിട്ടിയില്ലെങ്കിൽ അൻപതുമാസം രണ്ടായിരം വീതം വെച്ചു അടയ്ക്കണം.

കാലവാധി പൂർത്തിയായാൽ ലാഭം ലഭിക്കില്ല. മുതൽ തുക മാത്രമേ ലഭിക്കുകയുള്ളൂ.വിളിക്കുറവോ മാസക്കുറവോ ഇതിലില്ല.ചിട്ടിയെന്ന ഓമനപേരിൽ പൊതുനന്മ ലക്ഷ്യമിട്ടു നടത്തുന്ന സാമ്പത്തിക ഇടപാടായാണ് അറിയപ്പെടുന്നത്. 730-ൽ അധികം പേരാണ് ഇടപാടുകാർ.കഴിഞ്ഞ ഓഗസ്റ്റിൽമാസ അടവ് പൂർത്തിയാക്കിയ നൂറ്റി അൻപതു ഇടപാടുകാർക്ക് ചിട്ടിപ്പണം നൽകാനുണ്ട്. പണം ലഭിക്കാത്ത ഇടപാടുകാർ അന്വേഷണമാരംഭിച്ചതോടെയാണ് സംഭവം വിവാദമായത്്.

2017-ൽ തുടങ്ങിയ ചിട്ടി 2020-ൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡുകാരണം നാലുമാസം അടവുകൾ സ്വീകരിക്കാൻ കഴിഞ്ഞില്ല.ഇതുകൂടി പരിഗണിച്ചാൽ തന്നെ ഓഗസ്റ്റു മാസം ഇടപാടുകാർക്ക് ചിട്ടിപ്പണം നൽകേണ്ടതുണ്ട്. ഇതുകൂടാതെ ചിട്ടി ഇടയിൽ മുടങ്ങിയവർക്കും വായ്പയെടുത്തവർക്കും മറ്റുമായി മുന്നൂറോളം ഇടപാടുകാർക്ക്1.87 കോടിരൂപയാണ് ലഭിക്കാനുള്ളത്. എന്നാൽ ചിട്ടി നറുക്ക് ലഭിച്ചവരോട് അവർക്കു ലഭിക്കേണ്ട തുക സ്ഥിരം നിക്ഷേപമാക്കിയതായി സൊസൈറ്റി ജീവനക്കാർ അറിയിക്കുകയായിരുന്നു.

എന്നാൽ സ്ഥിരം നിക്ഷേപത്തിന്റെ രേഖകളൊന്നും ആർക്കും നൽകിയതുമില്ല. ഇതോടെയാണ് സംഭവം വിവാദമായത്.ഒരുലക്ഷത്തിന്റെ ചിട്ടിക്കു പുറമേ മറ്റു വൻതുകകളുടെ ചിട്ടിയും സംഘം നടത്തിയിരുന്നു. അവയിലും വൻതുക പലർക്കും നൽകാനുണ്ട്. ഇത്തരം ചിട്ടികൾ മുഴുവൻ ചേർത്താണ് നാലുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിക്കുന്നത്. ഇതൊക്കെ പരിശോധിച്ചു കൊണ്ടുള്ള സഹകരണ വകുപ്പിന്റെ ഓഡിറ്റിങ് പൂർത്തിയായാൽ മാത്രമേ സാമ്പത്തിക ക്രമക്കേടിന്റെ പൂർണമായ ചിത്രം പുറത്തുവരികയുള്ളൂ.