തിരുവനന്തപുരം: മുസ്ലിംലീഗിനെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മുഴുവൻ മുസ്ലിങ്ങളുടെയും അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെ താൻ ചോദ്യം ചെയ്തതിനാണ് വർഗ്ഗീയ വാദി എന്ന പട്ടം തനിക്ക് മേൽ ചാർത്തിത്തരാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പിണറായിയിൽ കമ്യൂണിസ്റ്റ് പാർട്ടി പാറപ്രം സമ്മേളനത്തിന്റെ എൺപത്തിയൊന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും അതു സംബന്ധിച്ച് ലീഗിനുള്ളിൽ തന്നെ ഭിന്നതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പാർട്ടിയുടെയും പ്രവർത്തകരുടെയും വിശ്വാസം ആർജിക്കട്ടെ എന്നിട്ട് മതി സിപിഐ.എമ്മിനെതിരെ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം വിഭാഗങ്ങളിൽ ഭൂരിഭാഗവും ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിർത്തുകയാണെന്നും മുഖ്യമന്ത്രി. നാല് സീറ്റിനുവേണ്ടിയാണ് മുസ്ലിം ലീഗ് അവരുമായി കൂട്ടുകൂടിയത്. ആ കൂട്ട് അണികൾ വകവച്ചില്ല. പറ്റിയ തെറ്റ് തിരുത്തുകയാണ് ലീഗ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി. വെൽഫെയർ ബന്ധം തെറ്റാണെന്ന ഹൈക്കമാൻഡ് നിലപാട് പറയാനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിച്ചത്. അങ്ങനെയൊരാൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് വേണ്ടെന്ന് ലീഗ് നിലപാടെടുത്തു. അത് ചൂണ്ടിക്കാട്ടിയ തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലും ലീഗിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ നിയന്ത്രിക്കുന്ന നിർണായക ശക്തിയായി ലീഗ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ഫേസ്‌ബുക്കിലൂടെ ആരോപിച്ചത്. പിണറായി വിജയൻ വർഗീയ കാർഡ് ഇറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗും ആരോപിച്ചു. സാഹചര്യത്തിനനുസരിച്ച് മുഖ്യമന്ത്രി വർഗീയ കാർഡുകൾ മാറ്റി കളിക്കുന്നു. ചില സമയത്ത് ഭൂരിപക്ഷ വർഗീയ കാർഡും ചില സമയത്ത് ന്യൂനപക്ഷ വർഗീയ കാർഡും ഇറക്കുന്നു. മറ്റൊരു പാർട്ടിയുടെ കാര്യത്തിൽ ലീഗ് ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ''സിപിഎം വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അപ്രസക്തമെന്നത് കള്ളപ്രചാരണമാണ്. ബിജെപിയെ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വളരെ ചീപ്പായി പോയി. യുഡിഎഫിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടേണ്ട,'' ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയെ കുറിച്ച് തങ്ങളെ ആരും പഠിപ്പിക്കേണ്ട എന്നും ചെന്നിത്തല പറഞ്ഞു.