തിരുവല്ല: ബിജെപിയും സിപിഎമ്മും തമ്മിൽ തെരഞ്ഞെടുപ്പു ധാരണയുണ്ടെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടിനോട് രൂക്ഷമായി പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. അത്ര ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മൻ ചാണ്ടിയെന്ന് പിണറായി ചോദിച്ചു. അദ്ദേഹം ഒരു വലിയ രാഷ്ട്രീയ നേതാവല്ലേ. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേമത്തു മൽസരിച്ച സ്ഥാനാർത്ഥി സുരേന്ദ്രൻ പിള്ള തന്നെ ചിലകാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ, അല്ലാതെ താൻ പറയുന്നതല്ല. നിങ്ങൾ ചെയ്യുന്ന കാര്യം നാട്ടുകാർ മനസ്സിലാക്കുന്നുണ്ട്. എന്തു വിളിച്ചു പറഞ്ഞാലും ജനം വിശ്വസിച്ചോളുമെന്ന് കരുതരുത്. നിങ്ങൾ ചെയ്യുന്നതിൽ വലിയ കാപട്യം ഉണ്ടെങ്കിൽ നാട്ടുകാർ തിരിച്ചറിയുമെന്നത് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വർഗീയതയുമായി സന്ധി ചെയ്യാത്തതാണ് എന്നു പറയാൻ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മൂന്നിടത്ത് ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്തതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് കാണാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ 30 -ാം വർഷമാണ്. ഇപ്പോഴും അതേ വഴിയിലാണ് കോൺഗ്രസും ലീഗും ബിജെപിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വർഗീയവിരുദ്ധ സീപനം സ്വീകരിക്കുനന്വർക്ക് രക്ഷയില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. കോൺഗ്രസ് വിട്ടുകൊണ്ട് സുരേഷ് ബാബു പറഞ്ഞ കാര്യങ്ങൾ അതീവ ഗൗരവകരമാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിന് കോൺഗ്രസിനാകുന്നില്ല. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം ആശയങ്ങളിൽ നിന്ന് കോൺഗ്രസ് വ്യതിചലിക്കുന്നു എന്ന് പാർട്ടി വിട്ട നേതാക്കൾ വ്യക്തമാക്കുന്നു.

റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ട് എടുത്തതെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ട്. യുഡിഎഫിലെ മൂന്ന് എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അനുമതിയില്ലാതെയാണ് ബോണ്ട് ഇറക്കിയത്, ഫെമയുടെ ലംഘനമുണ്ട് എന്നൊക്കെയായിരുന്നു നേരത്തെ യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ചിരുന്നത്.

കിഫ്ബിക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തിയ നീക്കങ്ങളുടെ യഥാർത്ഥ ഉദ്ദേശം, കിഫ്ബിക്കെതിരെയോ, ഇടതുസർക്കാരിനെതിരെയോ ഉള്ള നീക്കത്തിനപ്പുറമാണ്. യഥാർത്ഥ ഉദ്ദേശം നാട്ടിൽ ഒരു വികസനവും നടപ്പാക്കരുതെന്നുള്ളതാണ്. ബജറ്റിന് പുറത്ത് വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് കിഫ്ബി പുനഃസംഘാടനം നടന്നതെന്നും പിണറായി വിജയൻ പറഞ്ഞു.