കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് വെച്ച് ബിന്ദു അമ്മിണയെ ആക്രമിച്ച കേസിൽ മോഹൻദാസ് അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കീഴടങ്ങാനിരിക്കെ വെള്ളയിൽ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബിന്ദുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. ബിന്ദു അമ്മിണിക്കെതിരെ മോഹൻദാസ് പരാതി നൽകും.

മോഹൻദാസിനെ ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്നും ബിന്ദുവിനെതിരെ പരാതി നൽകുമെന്നും ഭാര്യ റീജ പറഞ്ഞു. ബിന്ദു മോഹൻദാസിനെ മർദ്ദിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്. കൂടാതെ മോഹൻദാസിന്റെ മൊബൈൽ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്യുന്നതായും വീഡിയോയിലുണ്ട്. ഈ പശ്ചാത്തലത്തിൽ ബിന്ദുവിനെതിരെയും കേസെടുക്കേണ്ടി വരുമെന്നും സൂചനയുണ്ട്.

കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിച്ചത്. മൊബൈൽ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനുമാണ് കേസ് എടുത്തിട്ടുള്ളത്. മോഹൻദാസ് മദ്യലഹരിയിൽ ബിന്ദുവിനെ ആക്രമിച്ചതായാണ് പൊലിസിന്റെ നിഗമനം. സംഘർഷത്തിൽ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് വീട്ടിലേക്ക് മടങ്ങി. കേസിലെ പ്രതി സംഘപരിവാറുകാരനാണോയെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ മറുപടി.

ബേപ്പൂർ സ്വദേശിയായ ഇയാൾ വർഷങ്ങളായി വെള്ളയിലാണ് താമസിക്കുന്നത്. അതിനിടെ കുറ്റക്കാരിയാക്കി പൊലീസ് ജീപ്പിൽ കയറ്റികൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയിൽ ബിന്ദു അമ്മിണിയെ അനുകൂലിച്ചു കൊണ്ട് നിരവധി പേർ രംഗത്തു വന്നിരുന്നു. വ്യാഴാഴ്ച രാവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവടക്കം പ്രമുഖർ ആക്രമണത്തിനെതിരെ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നിരുന്നു.