കോഴിക്കോട്: തെരഞ്ഞെടുപ്പു തോല്‍വിയില്‍ നിന്നും കരകയറാന്‍ വിശ്വാസി സമൂഹത്തെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്താന്‍ സിപിഎം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അടക്കം കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്കാണ് സിപിഎം കടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തുവന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ആര്‍എസ്എസും ബിജെപിയും വളരുന്നത് തടയാനാണ് സിപിഎം ശ്രമമെന്നാണ് സെക്രട്ടറിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യം.

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസികളുടേത് ആകണമെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. വിശ്വാസികളോട് ഒപ്പം നില്‍ക്കുന്നതാണ് ഇടതുപക്ഷ നിലപാട്. അവിശ്വാസികളോട് ഒപ്പവും നില്‍ക്കും. വര്‍ഗീയവാദിക്ക് വിശ്വാസമില്ല. വിശ്വാസി വര്‍ഗീയവാദിയും അല്ല. വിശ്വാസത്തെ വര്‍ഗീയവാദി ഉപകരണമാക്കുന്നു. എല്ലാ ആരാധനാലയങ്ങളും വിശ്വാസികള്‍ കൈകാര്യം ചെയ്യണം. ആര്‍എസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടതെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ വിശ്വാസികള്‍ ആയ സമൂഹം ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യട്ടെയെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ രാഷ്ട്രീയമായി ഉന്നംവെച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാക്കിയ പ്രശ്‌നം പരിഹരിക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. 20 ശതമാനം ആളുകള്‍ക്ക് സംതൃപ്തി വരുത്താന്‍ ആകണം. നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ തിരുത്തണം. പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് വരുത്തണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ഗൗരവമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നമ്മുടെ ഭാഗത്ത് നിന്നുള്ളവര്‍ കൊഴിഞ്ഞു പോയിട്ടുണ്ട്. എസ്എന്‍ഡിപി വിഭാഗം നല്ലപോലെ വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടു. സ്വത്വരാഷ്ട്രീയത്തെ മറയാക്കി വര്‍ഗീയമാക്കി ആളുകളെ ഒന്നിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായ സിപിഐ രംഗത്തുലവന്നിരുന്നു. ഇ.പി. ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറായിരിക്കാന്‍ അര്‍ഹനല്ലെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ വിമര്‍ശനം ഉണ്ടായി. ഇപിയുടെ സമീപനം മുന്നണിയെ വഞ്ചിക്കുന്ന ഒന്നായി മാറിയെന്ന വിലയിരുത്തലാണ് സിപിഐ യോഗത്തിലുണ്ടായത്.

തൃശ്ശൂര്‍ മേയറുടെ ബി.ജെ.പി. മനോഭാവത്തേയും സിപിഐ അംഗീകരിക്കുന്നില്ല. ഈ മേയറെ നിലനിര്‍ത്തി കോര്‍പ്പറേഷന്‍ ഭരണം തുടരുന്നതില്‍ അര്‍ഥമില്ല. മേയറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ. സി.പി.എമ്മിനുമുമ്പില്‍ വെക്കണമെന്ന് തൃശ്ശൂരിലെ നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ ബുധനാഴ്ചയും തുടരും. ഇതിലെ തീരുമാനങ്ങള്‍ ഇടതു മുന്നണിയില്‍ സിപിഐ ഉന്നയിക്കും. ഗൗരവമുള്ള വിമര്‍ശനമാണ് സിപിഐ ഉയര്‍ത്തുന്നത്. പിണറായി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ സിപിഐയുടെ ഭാഗത്ത് നിന്നും സിപിഎമ്മിനെതിരെ ഉയരുന്നത്.

പാര്‍ട്ടിയുടെയും മുന്നണിയുടെയും സര്‍ക്കാരിന്റെയും രീതി തിരഞ്ഞെടുപ്പുപരാജയത്തിന് പ്രധാന കാരണമായിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതില്‍ മാറ്റമുണ്ടാകണം. മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്ട്രീയരീതി അപകടകരമാണെന്ന് തിരിച്ചറിയണമെന്നും വിമര്‍ശനമുണ്ടായി. 'എല്ലാം ഞാനാണ്' എന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറിയത് ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റിയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന ബോധ്യം ഇല്ലാതാക്കി. അദ്ദേഹത്തിന്റെ ശൈലിമാറ്റുക പ്രായോഗികമല്ല. പിണറായി വിജയന്‍ അങ്ങനെയാണ്. അതില്‍ വേണ്ടത് സി.പി.എം.തന്നെ ചെയ്യട്ടെയെന്നാണ് സിപിഐയുടെ നിലപാട്. അതുകൊണ്ട് തന്നെ ഇപിയ്ക്കെതിരെയാകും സിപിഐയുടെ ഇടതു മുന്നണിയിലെ കടന്നാക്രമണം.