ന്യൂഡൽഹി: ഗുജറാത്തിലേക്ക് കണ്ണുവെച്ചതോടെ ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്രാവാളും ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ഒന്നാം നമ്പർ ശത്രുവായി മാറിയിട്ടുണ്ട്. ഗുജറാത്തിൽ കെജ്രിവാൾ തുടർ സന്ദർശനങ്ങളുമായി മനീഷ് സിസോദിയയും കെജ്രിവാളും രംഗത്തുവന്നതോടെയാണ് ഡൽഹിയിലെ ആപ്പ് സർക്കാറിനുമെതിരെ ബിജെപി നീക്കം ശക്തമാക്കിയത്. ഇപ്പോൾ ഡൽഹിയിലും ബിജെപി ഓപ്പറേഷൻ താമരയുമായി രംഗത്തുവന്നുവെന്ന ആരോപണവും ശക്തമാണ്.

എഎപി എംഎൽഎമാരെ ബന്ധപ്പെടാൻ പറ്റുന്നില്ലെന്ന് റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 11 മണിക്ക് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കാത്തത്. സർക്കാരിനെ വീഴ്‌ത്താൻ ബിജെപി ശ്രമിക്കുന്നെന്ന് എഎപി നേരത്തെ ആരോപിച്ചിരുന്നു. ആംആദ്മി പാർട്ടി പിളർത്താൻ കൂട്ടു നിന്നാൽ മുഖ്യമന്ത്രി പദം നൽകാമെന്ന് ബിജെപി നേതാക്കൾ വാഗ്ദാനം നൽകിയതടക്കമുള്ള ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണം കത്തുന്നതിനിടെയാണ് ബിജെപിക്കെതിരെ പുതിയ ആരോപണം ഉയരുന്നത്.

മദ്യനയ കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുന്നതിനിടെയാണ് ബിജെപിക്കെതിരെ മനീഷ് സിസോദിയ ഗുരുതര ആരോപണമുയർത്തിയത്. ആംആദ്മി പാർട്ടിയെ പിളർത്താൻ ഒപ്പം നിന്നാൽ മുഖ്യമന്ത്രിപദം നൽകാമെന്നും, കേസുകളിൽ നിന്ന് ഒഴിവാക്കാമെന്നും ബിജെപിയിൽനിന്നും വാഗ്ദാനം ലഭിച്ചതായാണ് സിസോദിയ വെളിപ്പെടുത്തിയത്.

മദ്യനയ കേസിൽ സിബിഐയും, ഇഡിയും നടപടികൾ കടുപ്പിക്കുമ്പോഴാണ് പിന്നിലെ രാഷ്ട്രീയ ഇടപെടൽ പൊളിക്കുന്നുവെന്ന പരോക്ഷ സന്ദേശവുമായി മനീഷ് സിസോദിയ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. 'ആംആദ്മി പാർട്ടി വിടുക, ബിജെപിയിൽ ചേരുക' എന്ന സന്ദേശം കിട്ടിയെന്ന് പറഞ്ഞ സിസോദിയ, ആംആദ്മി പാർട്ടിയെ പിളർത്താൻ കൂട്ടുനിന്നാൽ മുഖ്യമന്ത്രി പദം നൽകാമെന്നും വാഗ്ദാനം ലഭിച്ചെന്നും എന്നാൽ താനെന്നും കെജ്‌രിവാളിനൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

ഡൽഹിയിൽ കെജ്രിവാൾ സർക്കാറിനെ തകർക്കാൻ ബിജെപി രണ്ട് തവണ 'ഓപറേഷൻ താമരക്ക്' ശ്രമം നടത്തിയതായി ആപ് വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു. 2014ൽ ആയിരുന്നു ആദ്യ ശ്രമം. ബിജെപിയോടൊപ്പം ചേരുന്ന എംഎ‍ൽഎമാർക്ക് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. ഇപ്പോൾ മനീഷ് സിസോദിയക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്താണ് സർക്കാറിനെ വീഴ്‌ത്താൻ ശ്രമിച്ചത്. രണ്ടും പരാജയപ്പെട്ടെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

ആം ആദ്മി പാർട്ടി നുണ പറയുന്നതിന്റെ എല്ലാ അതിരും ലംഘിച്ചിരിക്കുകയാണെന്നാണ് ആരോപണങ്ങൾക്ക് ബിജെപിയുടെ മറുപടി. അതിനിടെ, സിബിഐ നടപടിയെ രാഷ്ട്രീയമായി ചെറുത്തും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഗുജറാത്ത് സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനം സന്ദർശിക്കാനായി എത്തുന്നു.

ഗുജറാത്തിലെ കച്ചിലാണ് പ്രധാനമന്ത്രി മോദി അടുത്തയാഴ്ച സന്ദർശിക്കുന്നത്. ഗുജറാത്ത് പിടിക്കാൻ കെജ്രിവാളിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രചാരണമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ആപ് ആരംഭിച്ചത്. ചൊവ്വാഴ്ച ഭാവ്‌നഗറിൽ നടന്ന പൊതുയോഗത്തിൽ എല്ലാവർക്കും തൊഴിൽ അടക്കമുള്ള പദ്ധതികൾ നൽകുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തു. അധികാരത്തിലെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ, തൊഴിലില്ലാത്തവർക്ക് 3,000 രൂപ പെൻഷൻ, ഒഴിവുള്ള അദ്ധ്യാപക തസ്തികകൾ നികത്തൽ തുടങ്ങി ഉറപ്പുകളും നൽകി.