തിരുവനന്തപുരം: കരാർ നിയമനത്തിന് പാർട്ടി സഖാക്കളേ തേടിയുള്ള വിവാദ കത്ത് വിമർശന വിധേയമാകുമ്പോഴും മേയർ കസേര വിടാനില്ലെന്ന നിലപാടിൽ ആര്യ രാജേന്ദ്രൻ. കരാർ നിയമന വിവാദ കത്തിന്മേൽ രാജിയില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആവർത്തിച്ചു വ്യക്തമാക്കി. കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു.

ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല. എഫ്‌ഐആർ ഇടുന്നതടക്കമുള്ള നടപടികൾ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. മൊബൈൽ പരിശോധനയോട് അടക്കം സഹകരിക്കും. കോർപ്പറേഷനിലെ പ്രതിപക്ഷ പ്രതിഷേധത്തോടും മേയർ പ്രതികരിച്ചു. സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവർ വളർന്ന് വന്നത്. പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്. പക്ഷേ 'കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ' എന്ന മഹിളാ കോൺഗ്രസ് നേതാവ് ജെബി മേത്തർ എംപിയുടെ പരാമർശവും പ്ലക്കാഡും വിമർശനാത്മകമാണ്.

ഇക്കാര്യത്തിൽ മാനനഷ്ട കേസടക്കമുള്ള നിയമനടപടികൾ ആലോചിച്ച് മുന്നോട്ട് പോകും. സമരമാകാം. പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലോ ഭയപ്പെടുത്തുന്ന രീതിയിലോ ആകരുത്. ഇന്നലെ പൊലീസിനെ ആക്രമിക്കുന്ന നിലയുണ്ടായി. അത് പാടില്ലെന്നും മേയർ പറഞ്ഞു. നോട്ടീസ് അയച്ച കോടതി നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച മേയർ, തന്റെ ഭാഗം കേൾക്കാൻ അവസരം നൽകുന്നതിൽ നന്ദിയറിയിക്കുകയും ചെയ്തു.

അതേസമയം, കത്ത് വിവാദത്തിൽ കോർപ്പറേഷനിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. വിഷയത്തിൽ തുടർച്ചയായി അഞ്ചാംദിവസമാണ് പ്രതിഷേധം നടക്കുന്നത്. കോർപറേഷന് പുറത്ത് യു ഡി എഫ് പ്രവർത്തകരും അകത്ത് യു ഡി എഫ് കൗൺസിലർമാരും ധർണ നടത്തുകയാണ്. ബിജെപി മാർച്ചിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

ഇന്നലെയും കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. നഗരസഭാ ഓഫീസിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടും ഇരച്ചെത്തിയ പ്രതിഷേധക്കാർ നഗരസഭാ വളപ്പിൽ ചാടിക്കടന്ന് പ്രതിഷേകോട്ടയൊരുക്കുകയായിരുന്നു. കോൺഗ്രസ്,മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രാവിലെ തന്നെ പ്രതിഷേധവുമായി കളം നിറഞ്ഞു.ഒപ്പം ബിജെപി കൗൺസിലർമാരും യുവമോർച്ച പ്രവർത്തകരും പ്രതിഷേധവുമായെത്തിയതോടെ നഗരസഭാ ഓഫീസിനു മുന്നിലെ നിരത്ത് നിശ്ചലമായി. പ്രതിഷേധം ആളിപ്പടർന്നപ്പോൾ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചെങ്കിലും സംഘർഷത്തിന് അയവു വന്നില്ല.

ഈ സമയമെല്ലാം കനത്ത പൊലീസ് സുരക്ഷയിൽ നഗരസഭയിലെ ഓഫീസ് മുറിയിൽ മേയർ ആര്യാരാജേന്ദ്രൻ ഉണ്ടായിരുന്നു.മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നഗരസഭാ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ചത് തടയാൻ പൊലീസ് ശ്രമിക്കുന്നതിനിടെ നഗരസഭാ ഓഫീസിൽ ബിജെപി കൗൺസിലർമാർ എം.ആർ ഗോപന്റെ നേതൃത്വത്തിൽ പ്രകടനം ആരംഭിച്ചു. ഓഫീസിലേയ്ക്ക് തള്ളിക്കയറാനുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.ഇതിനിടയിൽ കോൺഗ്രസ് എംപിയും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തറെ പൊലീസ് മർദ്ദിച്ചു. ജില്ലാ പ്രസിഡന്റ് ലക്ഷ്മി,ഭാരവാഹികളായ സുനിത വിജയൻ,ബീന അജിത്ത്,സുശീല,ലീന,ദീപ അനിൽ എന്നിവർക്കും പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റു.

അതേസമയം ആര്യക്കെതിരെ വിവാദ പരാമർശനവുമായാണ് രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ ജെബി മേത്തർ രംഗത്തുവന്നത്. പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ എത്തിയത്. 'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ' എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്.സംഭവം വിവാദമായതോടെ ഭർത്താവിന്റെ നാട് എന്ന നിലയ്ക്ക് അല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തർ രംഗത്തൈത്തി.കോഴിക്കോട് ബാലുശേരി എംഎ‍ൽഎ സച്ചിൻദേവാണ് ആര്യയുടെ ഭർത്താവ്. അദ്ദേഹത്തിന്റെ നാട് കോഴിക്കോട് എന്ന നിലയ്ക്കാണ് എംപി മേയർക്കെതിരെ ഇത്തരമൊരു പരാമർശം ഉന്നയിച്ചതെന്ന് ആരോപണമുയരുകയായിരുന്നു.