കണ്ണൂർ: ലഹരി ഇടപാടിനും ക്വട്ടേഷൻ സംഘത്തിനുമെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രചാരണ ജാഥ അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ഇപ്പോഴും പൊടി പിടിച്ച് തട്ടിൻപുറത്ത്. കുത്തുപറമ്പിനടുത്തു വച്ചായിരുന്നു ജാഥ അലങ്കോലപ്പെടുത്താൻ ഒരു സംഘം ശ്രമം നടത്തിയത്. ഇതു സംബന്ധിച്ചു ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

പരാതി അന്വേഷിക്കാൻ സിപിഎം രണ്ടംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണ കമ്മിഷൻ അന്വേഷണം പൂർത്തീകരിച്ചു മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ റിപ്പോർട്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെ മുൻപാകെ എത്തിയിട്ടില്ല ഉന്നത ഇടപെടലിനെ തുടർന്ന് റിപ്പോർട്ട് മുടി വെച്ചതാണെന്നാണ് ആരോപണം മുഖ്യമന്ത്രിയുടെ അടുത്ത ബന്ധമുള്ള ഒരാളുടെ സഹോദരനാണ് ഡിവൈഎഫ്ഐ ജാഥ അലങ്കോലപ്പെടുത്താൻ നേതൃത്വം നൽകിയത്.

ഇതിനെ തുടർന്ന് റിപ്പോർട്ട് പുഴ്‌ത്തിവയ്ക്കുകയായിരുന്നു. ഡിവൈഎഫ്ഐ യുടെ അന്നത്തെ നേതാവായിരുന്ന എ എ റഹീം ഉദ്ഘാടനം ചെയ്ത ക്വട്ടേഷൻ - സ്വർണ കടത്ത് ജാഥയിൽ എ എൻ ഷംസീർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു ഷംസീർ പ്രസംഗിച്ചു കൊണ്ടിരിക്കവേയാണ് ക്വട്ടേഷൻ സംഘം പ്രദേശത്തെ വൈദ്യുതി പോസ്റ്റിൽ നിന്നും ഫ്യൂസ് ഊരിയത്. തുടർന്ന് പെട്രോമാക്‌സിന്റെ വെളിച്ചത്തിലാണ് ഷംസീർ പ്രസംഗിച്ചത്. ഇതു പിന്നീട് വൻ വിവാദമാവുകയും പാർട്ടി നേതൃത്വത്തിന് ഡിവൈഎഫ്ഐ പരാതി നൽകുകയുമായിരുന്നു. ഇതിനെ തുടർന്ന് സിപിഎം മൂന്നു നിരത്ത് ലോക്കൽ സെക്രട്ടറിയെ ഉൾപ്പെടെ പാർട്ടി നേതൃത്വം നീക്കിയിരുന്നു.

ഇപ്പോൾ ആകാശ് തില്ലങ്കേരി വിഷയം വിവാദമായി തുടരുമ്പോഴാണ് പഴയ വിഷയവും വീണ്ടും കണ്ണൂർ സിപിഎമ്മിനുള്ളിൽ ചർച്ചയാകുന്നത്. അതിനിടെ ഷുഹൈബ് വധത്തിൽ ആകാശ് തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ തില്ലങ്കേരി ടൗണിൽ തിങ്കളാഴ്ച സിപിഎം നടത്തുന്ന വിശദീകരണ യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ല സെക്രട്ടറിയുമായ പി. ജയരാജനും പങ്കെടുക്കും. ആകാശ് തില്ലങ്കേരിയുടെയും സംഘത്തിന്റെയും പ്രിയങ്കരനായ നേതാവാണ് പി. ജയരാജൻ. ഇദ്ദേഹത്തിന്റെ കൂടി പേര് ഉൾപ്പെടുത്തി സിപിഎം പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. സിപിഎം സംസ്ഥാന നേതൃത്വം തന്നെയാണ് പിജെയെ ഇതിനായി നിയോഗിച്ചിരിക്കുന്നത്.

ജില്ല സെക്രട്ടറി എം വി ജയരാജനെ ഉൾപ്പെടുത്തിയായിരുന്നു നേരത്തെ പോസ്റ്റർ ഇറക്കിയിരുന്നത്. ആകാശ് തില്ലങ്കേരിയുമായി അടുപ്പമുണ്ടായിരുന്ന ആളെന്ന നിലക്കാണ് പി. ജയരാജനെ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചതെന്നാണ് വിവരം. ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയുകയാണ് വിശദീകരണ യോഗത്തിന്റെ ലക്ഷ്യം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തില്ലങ്കേരി ടൗണിലാണ് യോഗം.

അതിനിടെ സോഷ്യൽമീഡിയയിലൂടെ കത്തിപ്പടർന വിവാദങ്ങൾക്ക് വിശദീകരണവുമായി ആകാശ് തില്ലങ്കേരിയും സംഘവും രംഗത്തെത്തി. 'തില്ലങ്കേരി സഖാക്കൾ കണ്ണൂർ' എന്ന ഫേസ്‌ബുക് പേജിലൂടെയാണ് തങ്ങളുടെ ഭാഗം വിശദീകരിക്കുന്നത്. ആകാശ് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. മന്ത്രി എം.ബി രാജേഷിന്റെ ഡ്രൈവറായ അനൂപ് തില്ലങ്കേരിയുടെ ഭാര്യ ശ്രീലക്ഷ്മി 6 ദിവസം തുടർച്ചയായി തങ്ങൾക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമെന്ന് ഇവർ പറയുന്നു. തന്റെ മൂന്നുവയസ്സുള്ള കുട്ടിയെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ട ആകാശിന്റെ കൂട്ടാളിയായ ജയപ്രകാശ് ഉൾപ്പടെയുള്ളവർക്കെതിരെയായിരുന്നു ശ്രീലക്ഷ്മിയുടെ ആരോപണങ്ങൾ. എന്നാൽ, ജയപ്രകാശ് ഇക്കാര്യത്തിൽ പ്രശ്‌നപരിഹാരത്തിന് പാർട്ടിയെ സമീപിച്ചെന്നും പാർട്ടി പറഞ്ഞിട്ടും അടങ്ങാത്തതിനാലാണ് 7ാം ദിവസം വന്ന പോസ്റ്റുകളിൽ എതിർ പക്ഷം പ്രതികരിച്ചതെന്നും 'തില്ലങ്കേരി സഖാക്കൾ' പറയുന്നു.

അതിനിടെ സിപിഎമ്മിനെതിരെ കൂടുതൽ കടന്നാക്രമണത്തിന് ആകാശ് തില്ലങ്കേരിയും സംഘവും ഒരുങ്ങുന്നുവെന്ന തിരിച്ചറിവിലാണ് കണ്ണൂരിലെ പാർട്ടി. ഡി.വൈ. എഫ്. ഐ നേതാവിനെതിരെ ആകാശ് തില്ലങ്കേരിയും കൂട്ടാളികളും ഉന്നയിച്ച ലൈംഗികാരോപണകേസിൽ നടപടിയുണ്ടായില്ലെങ്കിൽ ഇരയായ യുവതിയെ കൊണ്ടു മുഴക്കുന്ന് പൊലിസിൽ പരാതി കൊടുപ്പിക്കാനാണ് നീക്കം നടക്കുന്നത്. നേരത്തെ പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ലൈംഗികാരോപണവിവാദത്തിൽ കുറ്റാരോപിതനായ നേതാവിനെതിരെ നടപടിയെടുക്കണമെന്ന് പാർട്ടി തില്ലങ്കേരി ലോക്കൽ സെക്രട്ടറിക്ക് ആകാശും കൂട്ടരും പരാതി നൽകിയിരുന്നു.

എന്നാൽ ഇതിൽ നടപടിയില്ലാത്തതിനെ തുടർന്നാണ് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിക്ക് പിൻതുണയുമായി ആകാശും കൂട്ടരുമെത്തുന്നത്. ഒരു പൊതുപരിപാടിക്കിടെ ഡി.വൈ. എഫ്. ഐ നേതാവ് സ്വന്തം പാർട്ടിക്കാരിയായ യുവതിയെ കടന്നുപിടിച്ചുവെന്നാണ് ആരോപണം. ഈ വിഷയത്തിൽ പിറ്റേ ദിവസം തന്നെ യുവതി പാർട്ടിക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. എന്നാൽ ഡി.വൈ. എഫ്. ഐ നേതാക്കളുമായുണ്ടായ ചേരിപ്പോരിനിടെ ആകാശ് തില്ലങ്കേരി വിഷയം ഉയർത്തിക്കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് സിപിഎം അപകടം മണത്തറിഞ്ഞത്. ഇതോടെ ആകാശുമായി ഏറ്റുമുട്ടൽ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.