തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും കടുത്ത ഭിന്നത. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ വികാരം പ്രകടിപ്പിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തില്‍ ഭാരവാഹികളുടെ യോഗം ചേര്‍ന്നത് അസ്വാരസ്യങ്ങള്‍ വര്‍ധിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി കൊണ്ടുവന്ന മിഷന്‍ 2025-ന്റെ നടത്തിപ്പില്‍നിന്ന് സതീശന്‍ പിന്‍വാങ്ങി. കോണ്‍ഗ്രസ് ഹൈക്കമാണ്ടിന് സതീശന്‍ പരാതി നല്‍കി കഴിഞ്ഞു. ഇനി ഹൈക്കമാണ്ട് തീരുമാനം അതിനിര്‍ണ്ണായകമാണ്. താന്‍ സമാന്തരസംഘടനാ പ്രവര്‍ത്തനം നടത്തുന്നുവെന്ന തരത്തില്‍ വ്യാഖ്യാനം വരുന്നത് സതീശനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് ഹൈക്കമാണ്ടിനേയും അറിയിച്ചു.

തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നടത്തേണ്ട ഒരുക്കങ്ങളാണ് മിഷന്‍ രേഖയുടെ കാതല്‍. ഇതിനായി കെ.പി.സി.സി.യുടെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് മേഖല തിരിച്ചും മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ല തിരിച്ചും ചുമതല നല്‍കി. ഇതിനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുകയും അതില്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ഇടുകയും ചെയ്തു. ഇതാണ് വിവാദമായി മാറിയത്. ഇതെല്ലാം സുധാകരനെ ഒതുക്കാനുള്ള നീക്കമാണെന്നും ഒന്നും സുധാകരന് അറിഞ്ഞല്ലെ ചെയതതെന്നും സുധാകര വിഭാഗം പറയുന്നു. കേരളത്തിലെ രണ്ട് പ്രബല ഗ്രൂപ്പുകളായ എയേയും ഐയേയും വെട്ടാന്‍ വേണ്ടി യോജിച്ചവരാണ് സുധാകരനും സതീശനും. ഈ യോജിപ്പിലൂടെയാണ് കെപിസിസി അധ്യക്ഷനായി സുധാകരനും പ്രതിപക്ഷ നേതാവായി സതീശനും എത്തിയത്. ഇവര്‍ക്ക് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന്റെ പിന്തുണയുമുണ്ടായിരുന്നു.

കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ടുതട്ടിലായതോടെ ഹൈക്കമാന്‍ഡ് ഇടപെടല്‍ അനിവാര്യമാകുകയാണ്. വയനാട് ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായേക്കും. ചേലക്കരയിലും പാലക്കാടും വയനാടിനൊപ്പം ഉപതിരഞ്ഞെടുപ്പുണ്ട്. മൂന്നിടത്തും ജയിക്കുകയാണ് ഹൈക്കാണ്ട് ലക്ഷ്യം. ഇതിന് ഗ്രൂപ്പ് പോര് തടസ്സമാകുമെന്ന ആശങ്ക ഹൈക്കമാണ്ടിനുമുണ്ട്. അതിനടെ വിഷയത്തില്‍ കെസി വേണുഗോപാല്‍ അനുനയ നീക്കവും തുടങ്ങിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് പൊട്ടിത്തെറി ഒഴിവാക്കാനാണ് കെസിയുടെ ശ്രമം. ഹൈക്കമാണ്ട് ഇടപെടല്‍ ഇല്ലാതെ മിഷന്‍ ചുമതല ഏറ്റെടുക്കില്ലെന്നാണ് സതീശന്റെ നിലപാട്.

വയനാട് കോണ്‍ക്ലേവില്‍ രൂപം നല്‍കിയ മിഷന്റെ തിരുവനന്തപുരം ജില്ലാ റിപ്പോര്‍ട്ടിങ്ങില്‍നിന്ന് സതീശന്‍ വിട്ടുനിന്നു. ശനിയാഴ്ച കോട്ടയം ജില്ലയുടെ മിഷന്‍ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നില്ല. കോണ്‍ക്ലേവില്‍ ഭാവിയിലേക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖയെന്ന നിലയില്‍ മിഷന്‍ അവതരിപ്പിച്ചത് സതീശനായിരുന്നു. അതിന്റെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമുള്ള ഉത്തരവാദിത്വവും കോണ്‍ക്ലേവില്‍വെച്ചുതന്നെ സതീശനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വാട്‌സാപ്പില്‍ ഗ്രൂപ്പുണ്ടാക്കിയതും നിര്‍ദ്ദേശങ്ങള്ഡ ഇട്ടത്. എന്നാല്‍ ഇത് കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതലകളിലുള്ള കടന്നുകയറ്റമാണെന്ന് സുധാകരനെ തെറ്റിദ്ധരിപ്പിക്കാന്‍ കൂടെയുള്ളവര്‍ക്ക് കഴിഞ്ഞുവെന്നാണ് സതീശന്റെ നിലപാട്.

മുതിര്‍ന്ന നേതാക്കള്‍ ചുമതലയില്‍ വന്നപ്പോള്‍ ജില്ലകളുടെ സംഘടനാ ചുമതലയുണ്ടായിരുന്ന കെ.പി.സി.സി. ഭാരവാഹികള്‍ക്ക് റോളില്ലാതെ പോയെന്നാണ് പ്രചാരണമുണ്ടായത്. സതീശന്‍ സംഘടനാ കാര്യത്തില്‍ ഇടപെടുന്നുവെന്ന പരാതി ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി. ഭാരവാഹികളുടെ യോഗം വിളിച്ചതുതന്നെ ശരിയായില്ലെന്നാണ് സതീശന്റെ നിലപാട്. കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എം. ലിജുവിനെ നിയമിക്കാനുള്ള നീക്കവും സതീശന് പിടിച്ചിട്ടില്ല. സംഘടനാ ചുമതല വഹിക്കുന്ന ടി.യു. രാധാകൃഷ്ണനെ ട്രഷററാക്കാനാണ് ആലോചന.