തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യം മൂലം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ പുതിയ സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ എത്തി. ഇതോടെ മന്ത്രിസഭയിലെ പുനഃസംഘടനയെ കുറിച്ചുള്ള ചർച്ചകളും പൊതു ഇടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. എം വിഗോവിന്ദൻ രാജിവെക്കുന്നതോടെ രണ്ട് ഒഴിവുകളാകും മന്ത്രിസഭയിലുണ്ടാകുക. വിവാദപരാമർശത്തിൽ സജി ചെറിയാൻ രാജിവെച്ച ഒഴിവ് നിലവിൽ മന്ത്രിസഭയിലുണ്ട്. സജി ചെറിയാന്റെ വകുപ്പുകൾ നിലവിൽ മറ്റു മന്ത്രിമാർക്ക് വിഭജിച്ചു നൽകുകയാണ് ചെയ്തിട്ടുള്ളത്. പുനഃസംഘടനയിൽ ഈ വിടവ് നികത്താമെന്നായിരുന്നു അന്ന് പാർട്ടിയെടുത്ത തീരുമാനം.

അതേസമയം പാർട്ടി സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനം ആയെങ്കിലും മന്ത്രിസഭയിൽ ആരൊക്കെയുണ്ട് എന്ന കാര്യത്തിൽ വ്യക്തത വരിക ഓണത്തിന് ശേഷമാകും. ഇക്കാര്യത്തിലെ തീരുമാനം കൈക്കൊള്ളുക പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയന്റേത് തന്നെയാകും. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഗോവിന്ദൻ മാസ്റ്റർ രാജിവെക്കില്ല. പുനഃസംഘടനയിൽ പാർട്ടി പ്രധാനമായും പരിഗണിക്കുന്നത് പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ എന്നിവരെയാണെന്നാണ് വിവരം. എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന എക്‌സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകൾ ആര് ഏറ്റെടുക്കുമെന്ന് കണ്ട് തന്നെ അറിയണം. ഈ വകുപ്പുകൾ മുതിർന്ന നേതാക്കളെ തന്നെ ഏൽപ്പിക്കാനാണ് സാധ്യത കൂടുതൽ.

നിലവിൽ മന്ത്രിസഭയിലുള്ള മുഖ്യമന്ത്രി കഴിഞ്ഞാൽ മന്ത്രസഭയിലുള്ള ഏക നേതാവാണ് എം വി ഗോവിന്ദൻ. ഈ സാഹചര്യത്തിൽ എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഒഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് കണ്ണൂർ ജില്ലയിൽ നിന്നുള്ളവർ തന്നെ മതിയെന്ന തീരുമാനം എടുത്താൽ മുൻഗണന ലഭിക്കുക എ എൻ ഷംസീറിനാണ്. പാർട്ടിയിലെ സീനിയോരിറ്റി പരിഗണിച്ചാൽ ഷംസീർ ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേക്കാൾ സീനിയറാണ്. കോടിയേരിയുടെ വിശ്വസ്തൻ കൂടിയായ ഷംസീറിന് മന്ത്രിസ്ഥാനം കിട്ടാതെ പോയതിൽ നിരാശയുമുണ്ട്. ഇപ്പോൾ കണ്ണൂർ ജില്ലയിൽ നിന്നും മന്ത്രിയെന്ന പരിഗണന കൂടി കീട്ടിയാൽ ഷംസീറിന് അവസരം ഒരുങ്ങും.

അതേസമയം സ്പീക്കർ എം ബി രാജേഷിനെ മന്ത്രിസഭയിലേക്ക് കൊണ്ടു വന്ന് സ്പീക്കർ സ്ഥാനത്തേക്ക് വീണ ജോർജ്ജിനെ കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കരുതലോടെ മാത്രമേ തീരുമാനം പാർട്ടി കൈക്കൊള്ളുകയുള്ളൂ. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിച്ഛായ നന്നാക്കുക എന്ന ലക്ഷ്യത്തിൽ ഒന്നാം പിണറായി സർക്കാരിൽ ജനകീയ മുഖമായിരുന്ന കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ട്. എന്നാൽ തുടർ ഭരണം ലഭിച്ചപ്പോൾ ഒന്നാം ഒന്നാം പിണറായി സർക്കാരിലെ ആരും തുടരേണ്ടതില്ലെന്ന തീരുമാനം സിപിഎം എടുത്തതാണ്. ഈ തീരുമാനം തിരുത്തുമ്പോൾ പാർട്ടി കൂടുതൽ വിശദീകരണം നൽകേണ്ടി വരും. മാത്രമല്ല, രണ്ടാം പിണറായി സർക്കാർ തോൽവിയാണെന്ന് സമ്മതിക്കലുമാകും അത്. അതുകൊണ്ട് ശൈലജയുടെ കാര്യത്തിൽ സാധ്യത വളരെ കുറവാണ്.

എന്തായാലും ഇക്കാര്യത്തിൽ അവസാന വാക്ക് മുഖ്യമന്ത്രിയുടേത് തന്നെയാകും. കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയാണെങ്കിൽ ആരോഗ്യ വകുപ്പ് തന്നെ അവർക്ക് ലഭിച്ചേക്കും. അങ്ങനെയെങ്കിൽ ശൈലജയ്ക്ക് മാത്രം ഇളവ് എന്നത് മാറ്റി എ.സി മൊയ്തീനെയും പരിഗണിച്ചേക്കാം. അതേ സമയം തീരുമാനത്തിൽ മാറ്റംവരുത്തിയില്ലെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയിൽ പുതുമുഖങ്ങൾ വരും. എന്നാൽ പരിചയ സമ്പത്തിന്റെ അഭാവം നിലവിൽ തന്നെ സർക്കാരിനെ ബാധിച്ചിട്ടുണ്ടെന്ന് പാർട്ടി ഇതിനോടകം വിലയിരുത്തിയതാണ്. പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് പാർട്ടി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മ പാർട്ടി തന്നെയാണ് ചർച്ച ചെയ്യേണ്ടത്. അത് ഞങ്ങൾ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവർത്തനങ്ങളാണ് ഇത്തവണ ചർച്ച ചെയ്തത്. മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്' രണ്ടാഴ്ച മുമ്പ് നടന്ന സിപിഎം നേതൃ യോഗങ്ങൾക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തുവന്ന തദ്ദേശ സ്വയംഭരണം വി ശിവൻകുട്ടിക്കോ കെ രാധാകൃഷ്ണനോ നൽകിയേക്കാം. എക്സൈസ് വകുപ്പിൽ മറ്റൊരു മന്ത്രിവരും.

മന്ത്രിസഭയിൽ എം വിഗോവിന്ദന്റെ വിടവ് മാത്രം നികത്തിയാൽ മതിയോ സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടന വേണമോ എന്നതാകും ഇനി സിപിഎമ്മിന്റെ മുന്നിലുള്ള ചർച്ചാ വിഷയം. പുനഃസംഘടനയൊക്കെ വരും ചർച്ചകളിലാകും ഉണ്ടാകുകയെന്ന് സെക്രട്ടറി ആയതിന് പിന്നാലെ എം വിഗോവിന്ദൻ പ്രതികരിച്ചു. കാത്തിരിക്കൂവെന്നാണ് ഇ.പി.ജയരാജൻ മറുപടി നൽകിയത്. മന്ത്രിസഭാ പുനഃസംഘടന വരികയാണെങ്കിൽ പുതുമുഖങ്ങളാകുമോ അതോ ഒന്നാം പിണറായി സർക്കാരിലെ ജനകീയ മുഖങ്ങളെ തിരികെ കൊണ്ടുവരുമോ എന്നതാണ് ശ്രദ്ധേയം.

മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ച് ഈ മാസം ആദ്യം ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിരുന്നു. ഒന്നാം പിണറായി സർക്കാരിനെ മുൻനിർത്തിയാണ്, തുടർഭരണത്തെയും ജനങ്ങൾ അളക്കുന്നത്. അതനുസരിച്ച് ഈ സർക്കാർ ഏറെ പിന്നിലാണെന്ന് മന്ത്രിമാരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയ ശേഷം സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായത്.