കണ്ണൂർ: കണ്ണുരിനെ നടുക്കിയ പ്രജീഷിന്റെ കൊലപാതകം തങ്ങളെ ഒറ്റിയതിലുള്ള പ്രതികാരത്തെ തുടർന്നാണെന്ന് കേസിൽ അറസ്റ്റിലായ പ്രതി പ്രശാന്ത് പൊലിസിന് മൊഴി നൽകി. തേക്കുമരം കവർന്ന സംഭവത്തിൽ പൊലിസിന് വിവരം നൽകിയത് പ്രജീഷാണെന്ന സംശയത്തെ തുടർന്നാണ് കേസിലെ ഒന്നാം പ്രതി അബ്ദുൽ ഷുക്കൂർ കൊലപാതകം ആസുത്രണം ചെയ്തത്.

ഉറ്റ സുഹുത്തായ പ്രജീഷ് തങ്ങളെ ചതിച്ചതു കാരണമാണ് താനും കൂട്ടാളിയായ റിയാസും ജയിലിൽ പോകേണ്ടി വന്നതെന്ന് ഷുക്കൂർ പ്രശാന്തിനോട് പറയുകയായിരുന്നു. ഇതിനെ തുടർന്നാണ് പ്രശാന്തുമായി ചേർന്ന് ഷൂക്കൂർ പ്രജീഷിനെ തീർക്കാൻ തീരുമാനിച്ചത്. നേരത്തെ ഷുക്കൂർ ജയിലിൽ കഴിയവെ മറ്റൊരാളുടെ ഫോണിൽ വിളിച്ചു താൻ പുറത്തിറങ്ങിയാൽ നിന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ഇതേ തുടർന്ന് ഭയചകിതനായ പ്രജീഷ് വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ ഷുക്കൂർ നിർദ്ദേശിച്ചതനുസരിച്ച് പ്രശാന്ത് പ്രജീഷിനെ ഫോണിൽ വിളിക്കുകയും ഷുക്കൂറിന്റെ തെറ്റിദ്ധാരണ മാറ്റാൻ 19 ന് ഒന്നിരിക്കാമെന്നു പറഞ്ഞു ചക്കരക്കല്ലിലെ ഒരു സ്ഥലത്ത് വിളിച്ചിരുത്തി മദ്യസൽക്കാരം നടത്തുകയായിരുന്നു.

മദ്യസൽക്കാര വേളയിൽ നീയെനിക്കെതിരെ മൊഴി കൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കഴിഞ്ഞതെല്ലാം പരസ്പരം മറക്കണമെന്നും ഷുക്കൂർ പറഞ്ഞു. പ്രശാന്ത് ഇരുവരെയും കൂട്ടിയിണക്കുന്ന മധ്യസ്ഥന്റെ റോളാണ് അഭിനയിച്ചത്. മദ്യപിച്ചു അവശനായ പ്രജീഷിനെ ഇവർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോറിക്ഷയിൽ കൂട്ടികൊണ്ടു പോവുകയും മരമില്ലിൽ ഉപയോഗിക്കുന്ന ഇരുമ്പ് ദണ്ഡു കൊണ്ട് തലയ്ക്ക് പല തവണ അടിച്ചു കൊന്നതിനു ശേഷം ചാക്കിൽ കെട്ടി കനാലിലേക്ക് രാത്രിയിൽ ആളൊഴിഞ്ഞ സമയത്ത് തള്ളുകയായിരുന്നു.

എന്നാൽ ഇതിനിടെയിൽ പ്രജീഷിന്റെ ചെരുപ്പ് ചക്കരക്കൽ കുട്ടിക്കുന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് വീണു കിടന്നതാണ് ചൊലിസിന് തുമ്പായത്. തിങ്കളാഴ്‌ച്ച തന്നെ പ്രശാന്തുകൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടെന്നു വ്യക്തമായ തെളിവ് പൊലിസിന് ലഭിച്ചിരുന്നു. പനയത്താംപറമ്പിലെ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. എന്നാൽ പൊലിസ് തന്നെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഷുക്കൂർ മംഗളുരിലേക്ക് മുങ്ങിയെന്നാണ് പൊലിസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ചക്കരക്കൽ പ്രശാന്തിയിൽ പ്രജീഷിന്റെ കൊലപാതകത്തിൽ ചൊവ്വാഴ്‌ച്ച രാവിലെയാണ് രണ്ടാം പ്രതിയായി പ്രശാന്തിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. കണ്ണുർ ഡി. വൈ.എസ്‌പി പി.പി സദാനന്ദന്റെ നേതൃത്വത്തിൽ ചക്കരക്കൽ സിഐയുൾപ്പെടെയുള്ള സംഘമാണ് പ്രതിയെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്.ആദ്യം ഇയാൾ കുറ്റം നിഷേധിച്ചിരുന്നുവെങ്കിലും പൊലിസ് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്നും കൊല നടത്തിയതിനെ കുറിച്ചു നിർണായക വിവരങ്ങൾ ലഭിക്കുകയായിരുന്നു ചക്കരക്കൽ മുഴപ്പാല പള്ളിച്ചാൽ വീട്ടിലാണ് അറസ്റ്റിലായ സി.പി പ്രശാന്ത് (40) നേരത്തെ താമസിച്ചിരുന്നത്.

കഴിഞ്ഞ കുറെക്കാലമായി ഇയാൾ ചാലോടിനടുത്തുള്ള പന യത്താംപറമ്പിലാണ് താമസം
പനയത്താംപറമ്പ് കല്ലുള്ളതിൽ വീട്ടിൽ നിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത് കേസിൽ.മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന മിടാവിലോട് കൊല്ലറോത്ത് വീട്ടിൽ അബ്ദുൽ ഷുക്കുറിന് വേണ്ടി മംഗളുര് കേന്ദ്രീകരിച്ച് പൊലിസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ പ്രശാന്തിനെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.

താഴെ മൗവ്വഞ്ചേരിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും നാലു ലക്ഷം വിലമതിക്കുന്ന തേക്കു ഉരുപ്പിടികൾ മോഷ്ടിച്ച സംഭവത്തിൽ പ്രജീഷ് പൊലിസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ഷുക്കൂർ പ്രശാന്തിനെ ഉപയോഗിച്ചു കൊണ്ട് പ്രജീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കുകയും ആളൊഴിഞ്ഞ സ്ഥലത്തു വെച്ചു മാരകായുധം ഉപയോഗിച്ചു തലയ്ക്കടിച്ചു കൊന്നതിനു ശേഷം പൊതുവാച്ചേരിയിലെ കനാലിൽ വലിച്ചെറിഞ്ഞുവെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്.

എന്നാൽ മരംകൊള്ള കേസിൽ മറ്റൊരു പ്രതിയായ റിയാസിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പൊലിസ് പറയുന്നത്. കൂടുതൽ പേർ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്ന വിവരം അന്വേഷിച്ചുവരികയാണ്. അബ്ദുൽ ഷുക്കൂറിന്റെ മൊബൈൽ ഫോൺകേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ മംഗളുരിലുണ്ടെന്ന് വ്യക്തമായത്.ഇതിനിടെ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പയ്യാമ്പലത്ത് സംസ്‌കരിച്ചു.