തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ഉണ്ണി രാജൻ പി. ദേവിനെതിരെ നിർണ്ണായക തെളിവു കിട്ടിയെന്ന് പൊലീസ്. അങ്കമാലിയിലെ വീട്ടിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത ഉണ്ണി രാജനെ തിരുവനന്തപുരത്തെത്തിച്ചു. കാക്കനാട്ടെ ഫ്ലാറ്റിലെത്തി ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഉണ്ണി രാജൻ പി ദേവിന്റെ അമ്മ ശാന്തയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോവിഡ് ചികിത്സയിലായിരുന്നതിനാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രോഗം മാറിയാൽ ഇവരേയും അറസ്റ്റ് ചെയ്യും.

അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകനാണ് ഉണ്ണി. മെയ്‌ 12നാണ് ഉണ്ണിയുടെ ഭാര്യയായ പ്രിയങ്കയെ തേക്കടയിലുള്ള കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മാതാവ് ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. ചീത്ത വിളിക്കുന്നതിന്റെ ഓഡിയോയും പൊലീസിന് കിട്ടിയിട്ടുണ്ട്.

ആത്മഹത്യയ്ക്ക് കാരണം മാനസിക ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രിയങ്കയുടെ അമ്മയടക്കമുള്ള ബന്ധുക്കളും ഉണ്ണിക്കെതിരെ പൊലീസിനെതിരെ മൊഴി നൽകി. പ്രാഥമിക തെളിവ് ശേഖരത്തിന് പിന്നാലെയാണ് ഉണ്ണി രാജൻ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡിവൈഎസ്‌പി യുടെ നേതൃത്വത്തിലുള്ള സംഘം ഉണ്ണിയെ ചോദ്യം ചെയ്തിരുന്നു.

അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടുദിവസം മുമ്പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രിയങ്കയ്ക്ക് ഒരുഫോൺ കോൾവന്നു. ഇതിനു പിന്നാലെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

നിരന്തരം മർദനവും അസഭ്യവർഷവും പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും സഹോദരൻ വിഷ്ണു പൊലീസിന് മൊഴി നൽകി. തെളിവായി ഫോണിലെ വിഡിയോയും നൽകിയിട്ടുണ്ട്. വിവാഹ സമയത്ത് 35 പവനുപുറമെ പണവും നൽകിയിരുന്നു. ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടക്കിടെ കഴിയുന്നത്ര പണം കൊടുത്ത് സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു.

2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷം സിനിമ മേഖലയിൽ സജീവമായിരുന്ന ഉണ്ണിരാജന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്‌പി ജെ ഉമേഷ്ബാബുവിന്റെ നേതൃത്വത്തിൽ അങ്കമാലി കറുകുറ്റിയിലെ വീട്ടിലെത്തിയാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

മെയ് പന്ത്രണ്ടിനാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ പ്രിയങ്ക ജീവനൊടുക്കിയത്. ഭർതൃവീട്ടിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിടുന്നു എന്നുകാട്ടി പ്രിയങ്ക അങ്കമാലി പൊലീസിലും സ്വന്തം നാടായ വട്ടപ്പാറ പൊലീസിലും പരാതി നൽകിയിരുന്നു. അതിനുശേഷം വെമ്പായത്തെ വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്. പ്രിയങ്ക ഭർതൃവീട്ടിൽ നേരിട്ട പീഡനങ്ങളുടെ ശബ്ദരേഖയും വീഡിയോയും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.