കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ച യുവതിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് കമ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയെ കത്തി ഉപയോഗിച്ചു ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. ഷൊർണൂരിൽ വർഷങ്ങൾക്ക് മുമ്പ് സൗമ്യക്കുണ്ടായ ദുരനുഭവത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലായിരുന്നു അപ്രതീക്ഷിത സംഭവം അറങ്ങേയത്. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപെട്ടത്.

ബാബുക്കുട്ടൻ കത്തി ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു. ആക്രമണത്തിനിടയിൽ യുവതി ട്രെയിനിന് പുറത്തേക്കു ചാടുതയാായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചെങ്ങന്നൂരിൽ ജോലിക്ക് പോകാനായി മുളന്തുരുത്തിയിൽനിന്നാണ് യുവതി ട്രെയിനിൽ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതൻ കത്തി ഉപയോഗിച്ച് കുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. ഈ യുവതി മാത്രമാണ് കമ്പാർട്ട്മെന്റിൽ ആ സമയം ഉണ്ടായിരുന്നത്.

മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടനെ ട്രെയിനിലെ ശുചിമുറിയുടെ ഭാഗത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി സ്ത്രീയുടെ മൊഴിയെടുത്തു. ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവതിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

വനിതാ കമ്പാർട്ട്‌മെന്റിലാിയരുന്നു യുവതി യാത്ര ചെയ്തത്. ഭിക്ഷക്കാരനെ പോലെ തോന്നിക്കുന്ന അജ്ഞാതൻ യുവതിയുടെ അടുത്തെത്തുകയായിരുന്നു. ട്രെയിനിൽ നടന്ന സംഭവമായതിനാൽ റെയിൽവേ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിലെ പ്രതിയെ പിടികൂടാനുള്ള പരിശ്രമങ്ങൾ നടത്തി വരികയാണ്. ഉടൻ ബാബുക്കുട്ടനെ അറസ്റ്റു ചെയ്യുമെന്നാണ് റെയിൽവേ പൊലീസ് അറിയിച്ചിരിക്കുന്നത്.