ചെന്നൈ: ദക്ഷിണേന്ത്യയിൽ ഇപ്പോൾ കോൺഗ്രസ് ഭരണം നിലനിൽക്കുന്ന ഏക പ്രദേശമാണ് പുതുച്ചേരി. മുഖ്യമന്ത്രി വി നാരായണ സ്വാമിയുമായി ഇടഞ്ഞ് മുതിർന്ന നേതാവ് പാർട്ടി വിടാൻ ഒരുങ്ങുമ്പോൾ അവിടെയും കോൺഗ്രസിൽ പ്രശ്‌നങ്ങൾ രൂപം കൊള്ളുകയാണ്. കോൺഗ്രസ് മന്തട്രിസഭയിലെ രണ്ടാമനായ നമശ്ശിവായമാണ് ബിജെപിയെ ലാക്കാകി പാർട്ടി വിടാൻ ഒരുങ്ങുന്നത്. പോകുന്ന വേളയിൽ കൂടുതൽ എംഎൽഎമാരെയും ഒപ്പംകൂട്ടാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാൽ അത് കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.

നാളെ ഉച്ചയോടെ രാജി പ്രഖ്യാപിക്കാനാണ് നീക്കം. അഞ്ച് എംഎ‍ൽഎമാരെയും രാജിവെപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പുതുച്ചേരി കോൺഗ്രസിൽ ഗുരുതരമായ പ്രശ്നങ്ങൾ രൂപപ്പെടുന്നുവെന്നാണ് സംഭവവികാസങ്ങൾ നൽകുന്ന സൂചന. ഇപ്പോഴത്തെ സാഹചര്യത്തിൽ അടിയന്തരമായി കോൺഗ്രസ് ഹൈക്കമാൻഡും വിഷയത്തിൽ ഇടപെട്ടേക്കും.

പാർട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാംസ്ഥാനക്കാരനാണ് നമശ്ശിവായം. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. 2016-ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടിയ ആളായിരുന്നു നമശ്ശിവായം. എന്നാൽ മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ല. പാർട്ടിയിലും ഭരണത്തിലും കൃത്യമായ സ്ഥാനം നൽകിയില്ലായെന്ന് നമശ്ശിവായം ആക്ഷേപം ഉന്നയിച്ചിരുന്നു. തുടർന്ന് തർക്കം രൂക്ഷമാവുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ രാജി വെച്ച ശേഷം നമശ്ശിവായം ഡൽഹിയിൽ പോയി ബിജെപി. അംഗത്വം സ്വീകരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഈ മാസം 31-ന് ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പുതുച്ചേരിയിൽ എത്തുന്നുണ്ട്. ആ സമയത്തേക്ക് മൂന്നു മുതൽ അഞ്ച് എംഎ‍ൽഎ. വരെ രാജിവെപ്പിച്ച് ബിജെപിയിലേക്ക് എത്തിക്കുക എന്നൊരു ദൗത്യം കൂടി നമശ്ശിവായം ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.

നമശ്ശിവായത്തെ പ്രതിപക്ഷ പാർട്ടിയായ എൻ.ആർ. കോൺഗ്രസ് കൂടി പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എം.ഡി.എം.കെയിലും തമിഴ് മാനില കോൺഗ്രസിലും പ്രവർത്തിച്ചതിനു ശേഷമാണ് നമശ്ശിവായം കോൺഗ്രസിലെത്തിയത്. രണ്ടുമാസത്തിനപ്പുറം പുതുച്ചേരിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവിലെ കക്ഷിനില: കോൺഗ്രസ് - 14, ഡി.എം.കെ. - 3, സ്വതന്ത്രൻ - 1, എൻ.ആർ. കോൺഗ്രസ് - 7, അണ്ണാ ഡി.എം.കെ. - 4, ബിജെപി.-നോമിനേറ്റ് ചെയ്ത മൂന്ന് അംഗങ്ങൾ.