കാസർകോട്: കാസർകോട് നഗരത്തിൽ മകന്റെ ചികിത്സയ്ക്ക് എത്തിയ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ചെമ്മനാട് ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു സമീപത്തെ മുഹമ്മദ് റഫീഖ്(45) കൊല്ലപ്പെട്ട സംഭവത്തിലാണ് റഫീഖിനെ മർദിച്ച് തള്ളികൊണ്ടുവന്ന മൂന്നുപേരെ തിരിച്ചറിഞ്ഞത്. അതേസമയം മർദ്ദനമേറ്റാണോ മരണ കാരണം എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിക്കാനാണ് പൊലീസ് ഒരുങ്ങഉന്നചത്.

കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. യുവതിയോട് മോശമായി പെരുമാറിയ ഇയാളെ ആദ്യം യുവതി മർദ്ദിച്ചു. തുടർന്ന് ആളുകൾ വരുന്നത് കണ്ട് രക്ഷപ്പെട്ട് പുറത്തേക്കോടുന്നതിനിടെ സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരിൽ ചിലരും ഓടിച്ച് മർദ്ദിച്ചു. കാസർകോട് ബസ് സ്റ്റാന്റ് പരിസരത്ത് കുഴഞ്ഞുവീണ റഫീക്കിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണമടഞ്ഞു.എന്നാൽ ആൾക്കൂട്ട മർദ്ദനമാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അടിയേറ്റ് വീണ ശേഷം വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു റഫീക്കെന്ന് പൊലീസ് പറയുന്നു.

മദ്ധ്യ വയസ്‌കനായതിനാൽ ഓടുമ്പോഴുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും മരണകാരണമായേക്കാമെന്നും വിവരമുണ്ട്. റഫീക്കിന്റെ മൃതദേഹം ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിലാണുള്ളത്. വൈകാതെ പോസ്റ്റുമോർട്ടം നടപടികൾക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ഇയാൾ അപമാനിക്കാൻ ശ്രമിച്ച യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

'കുമ്പള സ്വദേശിയായ സ്ത്രീയുടെ മകൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകനെ ഡിസ്ചാർജ് ചെയ്ത് മരുന്നുവാങ്ങാൻ മെഡിക്കൽ ഷോപ്പിനു മുന്നിൽ നിൽക്കുകയായിരുന്നു സ്ത്രീ. ഇതിനിടയിൽ റഫീഖും സ്ത്രീയുടെ പിന്നിൽ നിന്നു. അയാൾ ശല്യപ്പെടുത്തുകയാണെന്ന് തോന്നിയപ്പോൾ മാറിനിന്നു. വീണ്ടും ശല്യപ്പെടുത്തിയതായി പറയുന്നു. മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് സ്ത്രീ അടിച്ചു. അടികൊണ്ട് ഓടിയ റഫീഖിനു പിന്നാലെ സ്ത്രീയും ഓടി.

ആശുപത്രിക്ക് പുറത്തുണ്ടായിരുന്നു ഒാേട്ടാ ഡ്രൈവർമാരുൾപ്പടെയുള്ളവർ കാര്യം തിരക്കിയപ്പോൾ ശല്യപ്പെടുത്തിയെന്ന് പറഞ്ഞു. ഉടൻ തന്നെ റഫീഖിനു പിറകെ ആൾകൂട്ടം ഓടി. ഏതാണ്ട് 200 മീറ്റർ ദൂരെ ദേശീയ പാതയോരത്ത് സി.സി.സി.ടി.വിയിൽ ദൃശ്യം പതിയാതിടത്ത് വച്ച് റഫീഖിനെ പിടികൂടി മർദ്ദിച്ചുവെന്നാണ് പറയുന്നത്. പിന്നീട് റഫീഖിനെ തള്ളിയും അടിച്ചും ആശുപത്രി കവാടത്തിലുണ്ടായിരുന്ന സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്ത്രീയുടെ മുന്നിലേക്ക് എത്തിയപ്പോൾ റഫീഖ് കുഴഞ്ഞുവീണു. ഇത് അഭിനയമാണെന്ന് കൂടെയുണ്ടായിരുന്നവർ കരുതി. ഉടൻ അവിടെയുണ്ടായിരുന്ന ചില സന്നദ്ധ പ്രവർത്തകർക്ക് സംശയം തോന്നിയതിനെ തുടർന്ന് പ്രഥമ ശുശ്രുക്ഷ നൽകാൻ ശ്രമിച്ചു. അപ്പോഴേക്കും ശ്വാസമെടുക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു.'

ആശുപത്രിയിലേക്ക് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശരീരത്തിൽ മർദനത്തിന്റെ പാടുകളില്ലെന്നും പോസ്റ്റ് മോർട്ടത്തിൽ മരണകാരണം മർദനമാണെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്നയുടനെ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കാൻ ശ്രമിച്ചുവെങ്കിലും കാമറ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. സ്ത്രീയുടെ പരാതി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഗൾഫിലായിരുന്ന റഫീഖ് രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തിയത്. കബീർ ഹെൈസന്റയും സൈനബയുടെയും മകനാണ്. ഭാര്യ റാബിയ. മക്കൾ: റാഹിൽ, റിസ, റിഫ.