ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കാൽനടയായിട്ടാണ് രാഹുൽ ഇ ഡി ഓഫീസിലേക്കെത്തിയത്. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവർ രാഹുലിനെ അനുഗമിച്ചു. അതേസമയം രാഹുൽ ഗാന്ധിയെ മാത്രമാണ് ഇഡി ഓഫീസിന് ഉള്ളിലേക്ക കയറ്റിവിട്ടത്. ഇത് സംഘർഷത്തിനും ഇടയാക്കി. അഭിഭാഷകരെ പ്രവേശിപ്പിക്കണം എന്ന ആവശ്യം പൊലീസ് നിരാകരിച്ചതിനെ തുടർന്ന് നേതാക്കൾ പ്രതിഷേധിച്ചു.

അതിനിടെ കെ സി വേണുഗോപാലിനെ അടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ പൊലീസ് കൊണ്ടുപോയി. ബലപ്രയോഗത്തിനിടെ കെ സി വേണുഗോപാൽ കുഴഞ്ഞു വീണു. മുതിർന്ന കോമ്#ഗ്രസ് നേതാക്കൾ ഇപ്പോൾ കസ്റ്റഡിയിലാണ്. പ്രകടനമായി പോകുന്നത് പൊലീസ് വിലക്കിയിരുന്നു. പ്രകടനമായി പോകുമെന്ന കോൺഗ്രസിന്റെ പ്രസ്താവനയെ തുടർന്ന് അക്‌ബർ റോഡ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകൾ അടക്കം പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും രാഹുലിന് പിന്തുണയായി സ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ എത്തിയ കോൺഗ്രസ് നിരവധി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റി.കോൺഗസ് ഇല്ലാത്ത കേസ് ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം പ്രതിഷേധ മാർച്ച് തടഞ്ഞ പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല രംഗത്തുവന്നു.

കോൺഗ്രസിനെ അടിച്ചമർത്താൻ ആർക്കും സാധിക്കില്ല. സ്വാതന്ത്ര്യ സമര കാലത്ത് കോൺഗ്രസിന്റെ ശബ്ദം അടിച്ചമർത്താൻ ബ്രിട്ടീഷുകാർക്ക് പോലും കഴിഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് ഈ സർക്കാരിന് കഴിയുകയെന്ന് സുർജേവാല ചോദിച്ചു. പ്രതിഷേധ മാർച്ച് തടയുന്നതിനായി ഡൽഹിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയ സർക്കാർ നടപടിയെ സുർജെവാല രൂക്ഷമായി വിമർശിച്ചു. സർക്കാർ തങ്ങളെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഡൽഹി മുഴുവൻ ബാരിക്കേഡുകൾ വെച്ച് തടഞ്ഞത്. ഞങ്ങൾ ഗാന്ധിയുടെ പാത പിന്തുടർന്ന് പാവപ്പെട്ടവരുടെ അവകാശങ്ങൾക്കായി പോരാടും. 136 വർഷമായി കോൺഗ്രസ് സാധാരണക്കാരന്റെ ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് പാർട്ടി വ്യക്തമാക്കി. കേസിൽ സോണിയ ഗാന്ധിക്കും ഇ.ഡി സമൻസ് അയച്ചിട്ടുണ്ട്. എന്നാൽ കോവിഡ് ബാധിച്ചതിനാൽ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടതിനാൽ ജൂൺ 23ന് ഹാജരാകണമെന്ന് ഇ.ഡി നിർദ്ദേശിക്കുകയായിരുന്നു.