ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കേരളം വിട്ടതായി പൊലീസിനു വിവരം ലഭിച്ചു. ഇവരെ കണ്ടെത്താൻ സംഘത്തെ നിയോഗിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. പൊലീസിനു മനസ്സിലായിട്ടുള്ളത്. ഇത് ഇവരെ കണ്ടെത്തുന്നതിൽ വെല്ലുവിളിയാണെന്ന് എഡിജിപി പറഞ്ഞു. പൊലീസ് സംഘം പ്രതികൾക്കു പിന്നാലെ തന്നെയുണ്ട്. എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമെന്ന് എഡിജിപി പറഞ്ഞു.

ഇതൊരു 'ക്യാറ്റ് ആൻഡ് മൗസ് ഗെയിം' ആണ്. എല്ലാവരും ഒളിച്ചിരിക്കുകയാണ്. എല്ലാവരെയും പിടികൂടുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന രണ്ട് കൊലക്കേസുകളിലും കഴിഞ്ഞ ദിവസം തന്നെ പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. കൃത്യത്തിൽ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകൾ ലഭിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.

ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് പൊലീസ് മുൻഗണന നൽകുന്നത്. വ്യാപാക റെയിഡ് നടത്തുന്നതിന് ഈ ലക്ഷ്യത്തോടെയാണ്. രൺജിത്ത് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും വിജയ് സാഖറെ പറഞ്ഞു.

ബിജെപി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ. ക്കാരെയും എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് ബിജെപി. പ്രവർത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവരും കൊലപാതകസംഘത്തിനു സഹായം ചെയ്തവരുമാണിത്. കൃത്യം നടത്തിയവരെക്കുറിച്ചുള്ള ഏകദേശ ധാരണ പൊലീസിനു ലഭിച്ചിട്ടുണ്ട്.

കൊലപാതകികളെയും ഇതിനു കൂട്ടുനിന്നവരെയും കണ്ടെത്താൻ പൊലീസിന്റെ നാല് സൈബർ സെല്ലുകളാണു പ്രവർത്തിക്കുന്നത്. എന്നാൽ, കാര്യമായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളാരും സംഭവത്തിനു മുൻപോ ശേഷമോ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിട്ടില്ല. രണ്ടുവിഭാഗങ്ങളുടെയും ശക്തികേന്ദ്രങ്ങളിൽ പരിശോധന നടത്തിയിട്ടും തുമ്പൊന്നും കിട്ടിയിട്ടില്ല. ആലപ്പുഴ ജില്ലയിൽ സംശയം തോന്നുന്ന 250-ലധികംവീടുകളിൽ പൊലീസ് പരിശോധിക്കുന്നുണ്ട്.

രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസിനെ (45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചു വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിന്റെ കൊലപാതകം.

ആറു ബൈക്കുകളിൽ എത്തിയവർ ആദ്യം രൺജീതിനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചുവീഴ്‌ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ തള്ളിയിട്ടു കഴുത്തിൽ കത്തിവച്ചു തടഞ്ഞശേഷം രൺജിത്തിനെ തുരുതുരെ വെട്ടി. 11 വയസ്സുള്ള ഇളയ മകൾക്കു നേരെയും അക്രമികൾ വാൾ വീശി.