തൃശ്ശൂർ: കുഴൽപ്പണ കേസിൽ ബിജെപി വൻ പ്രതിരോധത്തിലായതിന് പിന്നാലെ തൃശ്ശൂർ ജില്ലാ ബിജെപിയിൽ കലഹം. കുഴൽപ്പണ ഇടപാടിനെ വിമർശിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഒബിസി മോർച്ച ഉപാധ്യക്ഷൻ ഋഷി പൽപ്പുവിനെ പാർട്ടി ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. തനിക്കെതിരെ ബിജെപി നേതാവ് വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഋഷി പൊലീസിൽ പരാതിയും നൽകിയതോടെ കാര്യങ്ങൾ കൂടുതൽ കുഴങ്ങി മറിഞ്ഞു. തൃശ്ശൂർ വെസ്റ്റ് പൊലീസിലാണ് പരാതി നൽകിയത്.

കുഴൽപ്പണക്കേസിനെപ്പറ്റിയുള്ള ഫേസ്‌ബുക് പോസ്റ്റിട്ടതോടെയാണ് പ്രശ്‌നങ്ങൾ പരസ്യമായ അടിപൊട്ടലിലേക്ക് നീങ്ങിയത്. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരി തന്നെ വിളിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഹരിയുടെ ആരോപണം. എന്നാൽ ഋഷി പൽപ്പുവിനെ പാർട്ടിയിൽനിന്ന് ആറുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തെന്നും പാർട്ടിയെ കരിവാരിത്തേയ്ക്കാനാണ് വധഭീഷണിയെന്ന പരാതിയെന്നും ബിജെപി ജില്ലാ കമ്മിറ്റി പറഞ്ഞു.

കുഴൽപ്പണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ ജില്ലയിൽ ബിജെപിയിൽ കാര്യങ്ങൾ സംഘർഷഭരിതമാണ്. ഋഷി പൽപ്പു ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ഒരു വിഭാഗം നേതാക്കളെ ശരിക്കും ചൊടിപ്പിച്ചു. 

ഋഷി പൽപ്പുവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു:

''രണ്ടാം നരേന്ദ്ര മോദി സർക്കാർ അതിന്റെ രണ്ടാം വർഷം പൂർത്തിയാക്കുന്ന വേളയിൽ കോവിഡ് മഹാമാരി പടരുമ്പോൾ ആഘോഷങ്ങളിൽ ഏർപ്പെടാതെ സേവനാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്ന ദേശീയ നേതൃത്വത്തിന്റെ ആഹ്വനം ശിരസ്സാ വഹിച്ചു കൊണ്ട് തൃശൂർ ബിജെപി പ്രവർത്തകർ മാതൃകാ പരമായി ഒരു സഹപ്രവർത്തകനെ കുത്തി അദ്ദേഹത്തിന്റെ കൊടല് മാല പുറത്തെടുത്തിരിക്കുകയാണ്. ഈ പുണ്യ പ്രവർത്തിക്ക് തൃശൂർ ബിജെപിയിലെ പുണ്യാത്മാക്കളായ പ്രവർത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യ പ്രവൃത്തിയായ കൊടകര കുഴൽപണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണത്രേ! രാജ്യം ഭരിക്കുന്ന പാർട്ടിയെ നാണം കെടുത്തി കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതും പോരാതെ 'സേവാ ഹി സംഘടൻ ' ആഹ്വാന ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊല്ലാൻ തീരുമാനിക്കുകയും ചെയ്ത ഈ മഹാത്മാക്കളെ സംരക്ഷിക്കുകയാണ് തൃശൂർ ജില്ലാ നേതൃത്വം.''

''അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴൽപ്പണതട്ടിപ്പിനും അക്രമത്തിനും ഉണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാർട്ടി പൂജ്യമായതിൽ അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബിജെപി ഇനിയും തിരിച്ചറിയേണ്ടത് ! കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോൾ സ്വന്തം പാർട്ടിയിലേക്കും നോക്കണം! ഈ കൊടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്നേഹം കൊണ്ടും ഇന്നും ഈ പാർട്ടിയെ നെഞ്ചിലേറ്റിയ പ്രവർത്തകരെയും അനുഭാവികളെയും വെറുപ്പിക്കുകയാണ് ബിജെപി ജില്ല നേതൃത്വം. ബിജെപിക്ക് അപമാനമായ, ഭാരമായി മാറിയ ൗേേലൃ ംമേെല ആയ ബിജെപി ജില്ല നേതൃത്വത്തെ കൂടുതൽ നാറുന്നതിന് മുന്നേ എത്രയുംവേഗം പിരിച്ചു വിടണമെന്നാണ് തൃശൂർ ജില്ലയിലെ ഓരോ പ്രവർത്തകന്റെയും ആവശ്യം.''

ഇതിനിടെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ഋഷി പൽപ്പുവിനെ ആറുവർഷത്തേക്ക് പുറത്താക്കിയെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. അതിനിടെ കുഴൽപ്പണവുമായി പോയ ധർമരാജനും ഡ്രൈവർ ഷംജീറിനും തൃശൂരിൽ മുറിയെടുത്തത് ജില്ലാ നേതാക്കളുടെ നിർദ്ദേശപ്രകാരമാണെന്ന് ഓഫിസ് സെക്രട്ടറി സതീഷ്, പൊലീസിനോട് രാവിലെ വെളിപ്പെടുത്തിയിരുന്നു. അതിഥികൾ ആരാണെന്ന് അറിയില്ലായിരുന്നെന്നും സതീഷ് മൊഴി നൽകി. കുഴൽപ്പണ സംഘം തൃശൂരിൽ എത്തിയ ദിവസം ബിജെപി ഓഫിസിൽ ഉണ്ടായിരുന്ന അയ്യന്തോൾ സ്വദേശി പ്രശാന്തിനേയും പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തു. ജില്ലാ ട്രഷററെ കാണാൻ വന്നതാണെന്ന് പ്രശാന്ത് പൊലീസിനോട് പറഞ്ഞു.

കൊടകരയിൽനിന്ന് തട്ടിയെടുത്ത മൂന്നരക്കോടിയിൽ രണ്ടരക്കോടി രൂപ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ 19 പ്രതികളിൽ 12 പേരുടെ വീടുകളിലാണ് റെയ്ഡ്. കണ്ണൂർ , കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന. രണ്ടരക്കോടി രൂപ ഇരുപത് പേർക്കായി വീതിച്ചു നൽകിയെന്നാണ് പ്രതികളുടെ മൊഴി. കുഴൽപ്പണം ബിജെപിയുടേതാണെന്ന് തെളിയിക്കാനാണ് പൊലീസിന്റെ അന്വേഷണം. സംസ്ഥാന നേതാക്കളെയും ഉടനെ ചോദ്യം ചെയ്യും. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുകയാണ് കുഴൽപ്പണമായി വന്നതെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. ഇത് കുറ്റപത്രം സമർപ്പിക്കുമ്പോൾ പറയേണ്ടതുണ്ട്.