തിരുവല്ല: വീട്ടമ്മയെ കാറിൽ കയറ്റിക്കൊണ്ടു പോയി മയക്കു മരുന്ന് നൽകി നഗ്‌നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ കേസൊതുക്കാൻ അവസാന നിമിഷം വരെ നീക്കം നടന്നു. തിരുവല്ല പൊലീസിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കത്തിന് പിന്നിൽ പാർട്ടിയിലെ ഒരു ഏരിയാ നേതാവായിരുന്നു. സിപിഎം കോട്ടാലി ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയായ സി.സി സജിമോനും ഡിവൈഎഫ്ഐ നേതാവായ ആഞ്ഞിലിത്താനം സ്വദേശി നാസറും ചേർന്നാണ് വീട്ടമ്മയെ കാറിൽ കയറ്റിക്കൊണ്ടു പോയി നഗ്നദൃശ്യങ്ങൾ പകർത്തിയത്.

ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് സിപിഎമ്മിന്റെ സജീവ പ്രവർത്തക കൂടിയായ വീട്ടമ്മ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തിരുവല്ല പൊലീസിന് കൈമാറിയ പരാതിയിൽ വീട്ടമ്മയെ വിളിച്ചു വരുത്തി മൊഴി എടുത്തെങ്കിലും സിപിഎമ്മിന്റെ നിരവധി നേതാക്കൾ ഉൾപ്പെട്ടതിനാൽ കേസെടുക്കാൻ താൽപര്യമുണ്ടായില്ല. പാർട്ടി പറഞ്ഞിട്ട് കേസെടുത്താൽ മതിയെന്ന നിലപാടിലായിരുന്നു പൊലീസ്. പരാതി പിൻവലിപ്പിക്കാനായി ഒത്തു തീർപ്പ് ചർച്ചയും നടന്നു.

എന്നാൽ, കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ഇന്നലെ രാത്രി എട്ടിന് മറുനാടൻ വാർത്ത നൽകിയതോടെ അട്ടിമറി നീക്കം പൊളിഞ്ഞു. പീഡന വിവരം അറിഞ്ഞിട്ടും കേസെടുക്കാതിരുന്നതിനാൽ മറ്റു മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ തയാറായിരുന്നില്ല. മറുനാടൻ വാർത്തയെ തുടർന്ന് രാത്രി 11.30 ന് കേസെടുത്തു. ഞായറാഴ്ച രാവിലെ മുതൽ മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

സമാന രീതിയിൽ നിരവധി തവണ പീഡനം നടന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. ഒരേ കാറിൽ പല സ്ഥലങ്ങളിലായി പീഡനം നടന്നിട്ടുണ്ടെന്നാണ് സൂചന. ഇത്തരം ദൃശ്യങ്ങളാണത്രേ വെളിയിൽ പ്രചരിച്ചത്. പത്തനംതിട്ടയ്ക്ക് പോകാൻ നിന്ന പരാതിക്കാരിയോട് താനും പോകുന്നുണ്ടെന്നും ഒന്നിച്ച് കാറിൽ പോകാമെന്നും പറഞ്ഞ് സജി മോനാണ് വിളിച്ചു കയറ്റിയത്.

ഒപ്പം ഡിവൈഎഫ്ഐ നേതാവ് നാസറുമുണ്ടായിരുന്നു. ദാഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്ന ജ്യൂസ് സജിമോൻ നൽകിയെന്നും പിന്നീട് ഒന്നും ഓർമയില്ലെന്നും വീട്ടമ്മയുടെ മൊഴിയിലുണ്ട്. പിറ്റേന്ന് നാസർ വിളിച്ച് അശ്ലീലദൃശ്യം കാണിച്ചു. ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നൊക്കെയാണ് പരാതി.

2018 ൽ സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറിയായിരിക്കേയാണ് സജിമോൻ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുടുങ്ങിയത്. ഈ കേസിലാണ് ഡിഎൻഎ അട്ടിമറി നടന്നത്. അതോടെ ആ കേസ് അവസാനിച്ചു. ഡിഎൻഎ ഫലം എന്തായെന്ന് ആർക്കുമറിയില്ല. പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെങ്കിലും സജിമോനെ അങ്ങനെ കൈവിടാൻ ജില്ലാ നേതാവ് തയാറായില്ല. ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയ സജിമോനെ ഇക്കഴിഞ്ഞ സമ്മേളനത്തിൽ സെക്രട്ടറിയാക്കി മാറ്റി.

സജിമോനും നാസറുമാണ് പീഡനത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളത്. ശേഷിച്ച 10 പേർ പീഡനദൃശ്യം പ്രചരിപ്പിച്ചവരാണ്. ഇതിൽ അഭിഭാഷകനായ ഡിവൈഎഫ്ഐ നേതാവും നഗരസഭാ കൗൺസിലറും ഉൾപ്പെടുന്നു. അനു വി. ജോൺ, ആർ. മനു, ഷാനി താജ്, പൊന്നുമണി ലാലു, ലാലു, രഞ്ജിനി, ഷൈലേഷ് കുമാർ, മനോജ്, സജി എലിമണ്ണിൽ, വിദ്യാ ഷഫീഖ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ.

പീഡന വിവാദം ആളിപ്പടർന്നതോടെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി പൊലീസിന് നിർദ്ദേശവും നൽകി കഴിഞ്ഞു.