കോഴിക്കോട്: യുഡിഎഫിനെ നിയന്ത്രിക്കുന്നത് മുസ്ലിംലീഗാണെന്ന വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. മുഖ്യമന്ത്രി വർഗീയതയ്ക്ക് തിരി കൊളുത്തുന്നുവെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ വിമർശനം. വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതിൽ സംഘപരിവാർ പരാജയപ്പെട്ടിടത്ത് സിപിഎം ചുമതല ഏറ്റെടുക്കുകയാണെന്നുമാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ വിമർശിക്കുന്നത്.

യു.ഡി.എഫിന്റെ തലപ്പത്ത് മുസ്‌ലിം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം വിമർശിച്ചത്. ഇടക്കിടെ വർഗീയ പരാമർശങ്ങൾ നടത്തുന്ന കോടിയേരി ബാലകൃഷണന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെയും നിലവാരമല്ല സംസ്ഥാനത്തിന്റെ ഭരണത്തലവനിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

കേരളം ഭരിക്കാൻ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരകവാക്കുകൾക്കൊപ്പം നിൽക്കുന്നതാണ് മുഖ്യമന്ത്രിയുടെ നാവിൽ നിന്ന് വന്നത്. ഈ പരാമർശങ്ങളുടെ കുന്തമുന എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്. ലീഗിനെ മുൻനിർത്തി സമുദായത്തെ മൊത്തത്തിൽ വിമർശിക്കുമ്പോൾ ലീഗുകാരല്ലാത്ത മുസ്‌ലിംകളുടെയുംകൂടി നെഞ്ചിലാണത് പതിക്കുന്നതെന്ന് സിപിഎം ഓർക്കണം. സിപിഎമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയപ്പാർട്ടിയായ മുസ്ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വരികയാണെങ്കിൽ അതിലെന്താണിത്ര കുഴപ്പം? അതെങ്ങനെയാണ് മഹാ അപരാധമായിത്തീരുന്നത്?

ഇപ്പോഴത്തെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയിൽ സിപിഎം മുഖ്യമന്ത്രിയെ ഓർമിപ്പിക്കേണ്ടത് കേരളീയ രാഷ്ട്രീയാന്ധകാരത്തിൽ ദിക്കറിയാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ബിജെപിക്ക് വെളിച്ചമാകരുതെന്നാണ്. കേരളം വർഗീയാഗ്‌നിയിൽ കത്തിച്ചാമ്പലാകുന്നതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വർഗീയ തീപ്പന്തം ദൂരെ എറിയുക തന്നെ വേണമെന്നും സുപ്രഭാതം ഓർപ്പെടുത്തുന്നു.

സംസ്ഥാന ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്ലിം സമുദായത്തെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓർക്കണം. യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കാൻ പോകുകയാണെന്നും കോൺഗ്രസിൽ ആരാണ് നേതൃസ്ഥാനത്ത് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശം തിരഞ്ഞെടുപ്പിൽ താങ്ങായിനിന്ന ചിലരെ ആഹ്ലാദിപ്പിച്ചിരിക്കാം. കേരളത്തിലെ മുസ്ലിംങ്ങൾ മുഴുവൻ ലീഗുകാരല്ല. ലീഗിനെ മുന്നിൽനിർത്തി സമുദായത്തെ മൊത്തത്തിൽ വിമർശിക്കുമ്പോൾ ലീഗുകാരല്ലാത്ത മുസ്ലീങ്ങളുടെകൂടി നെഞ്ചിലാണ് അത് പതിക്കുന്നതെന്ന് സിപിഎം ഓർക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മുസ്ലിം ലീഗ് യുഡിഎഫിന്റെ തലപ്പത്ത് വന്നാൽ എന്താണ് കുഴപ്പമെന്നും അതെങ്ങനെയാണ് മഹാ അപരാധമായി തീരുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു. അടുത്തിടെയായി തെക്കൻ ജില്ലകളിൽ മുസ്ലിംങ്ങൾക്കെതിരേ വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളിൽ നിന്ന് കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ വർഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള പ്രസ്താവനയെന്നും സമസ്ത കുറ്റപ്പെടുത്തി.

1987ലെ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ വർഗീയ കാർഡിളക്കി കളിച്ചവരാണ് സിപിഎമ്മുകാർ. എന്നാൽ അന്നത്തെ ആരോപണങ്ങൾ പ്രബുദ്ധ കേരളം തള്ളിക്കളഞ്ഞു. ഇപ്പോഴത്തെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയിൽ സിപിഎം മുഖ്യമന്ത്രിയെ ഓർമിപ്പിക്കേണ്ടത് കേരളീയ രാഷ്ട്രീയാന്ധകാരത്തിൽ ദിക്കറിയാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ബിജെപിക്ക് വെളിച്ചമാകരുതെന്നാണെന്നും സമസ്ത മുഖപത്രം വിമർശിക്കുന്നു.