കൊല്ലം: നൂറു പവൻ സ്വർണം, ഒരേക്കർ 20 സെന്റ് സ്ഥലം ഒരു ടൊയാട്ടോ യാരിസ് കാർ എന്നിവ സ്ത്രീധനം നൽകിയാണ് മകളെ വിവാഹം കഴിപ്പിച്ചയച്ചതെന്ന് സ്ത്രീധന പീഡനത്തെ തുടർന്ന് ശാംസ്താംകോട്ടയിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ പിതാവ് വിക്രമൻ നായർ മറുനാടനോട് പറഞ്ഞു. വിസ്മയയുടെ ഭർത്താവ് മോട്ടോർ വാഹന വകുപ്പ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ശാസ്താംകോട്ട ശാംസ്താനട സ്വദേശിയുമായ എസ്. കിരൺകുമാർ വിവാഹ ശേഷം സ്ത്രീധനമായി ലഭിച്ച കാറിനെ ചൊല്ലിയാണ് ആദ്യം പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് വിക്രമൻ നായർ പറയുന്നത്. തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത കാറാണ് ടൊയാട്ടോ യാരിസെന്നും അതിനാൽ മറ്റൊരു മുന്തിയ കാർ വേണമെന്നും പറഞ്ഞായിരുന്നു മകളെ ഉപദ്രവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്നം ആയൂർവ്വേദ കോർപ്പറേറ്റീവ് മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിയായിരുന്ന വിസ്മയയുടെയും കിരൺ കുമാറിന്റെയും വിവാഹം 2020 മാർച്ചിലായിരുന്നു. 28 കാരനായ കിരൺ നിലവിൽ കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി ഇയാൾ വഴക്ക് തുടങ്ങി. പ്രധാനമായും കാറിനെ ചൊല്ലിയായിരുന്നു പ്രശ്നങ്ങൾ. തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഈ വിവാഹം എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

ഇതു സംബന്ധിച്ച് വിസ്മയുടെ പിതാവ് വിക്രമൻ നായരുമായി വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയിരുന്നു. 2021 ജനുവരിയിൽ ഇയാളുടെ സഹോദരിയുടെ കുഞ്ഞിന്റെ ഒന്നാം ജന്മദിനാഘോഷത്തിനായി പോകുകയും അവിടെ വച്ച് അമിതമായി മദ്യപിച്ച് വിസ്മയയുമായി പ്രശ്നം ഉണ്ടാവുകയും ചെയ്തു.

പിന്നീട് അവിടെ നിന്നും കാറിൽ നിലമേലിലെ വീട്ടിലെത്തുകയും അവിടെ വച്ച് വിസ്മയയെ അടിക്കുകയും ചെയ്തു. ഇത് കണ്ട് നേവിയിൽ ഉദ്യോഗസ്ഥനായ സഹോദരൻ ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ സഹോദരനെയും ഇയാൾ മർദ്ദിച്ചു. മർദ്ദനത്തിൽ സഹോദരന്റെ തോളെല്ലിന് പൊട്ടലുണ്ടായി. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയതു കണ്ട് ഇയാൾ അവിടെ നിന്നും ഓടി പ്പോകുകയും പട്രോളിങ്ങിലായിരുന്ന പൊലീസിന്റെ മുന്നിൽ എത്തിപ്പെടുകയും ചെയ്തു. പിന്നീട് ഇയാളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോകുകയും വിസ്മയയുടെ സഹോദരൻ പരാതി നൽകുകയും ചെയ്തു. എന്നാൽ സംഭവം അറിഞ്ഞ് സഹപ്രവർത്തകരായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്റ്റേഷനിലെത്തുകയും കേസെടുക്കരുതെന്നും ഇനിയും ഒരുപാട് സർവ്വീസുള്ള ഇയാളുടെ ജോലി നഷ്ടപ്പെടുമെന്നും അറിയിച്ചു. തുടർന്ന് എല്ലാവരുടെയും സാന്നിധ്യത്തിൽ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

ജനുവരിയിലെ പ്രശ്നങ്ങൾക്ക് ശേഷം വിസ്മയ നിലമേലിലെ സ്വന്തം വീട്ടിൽ തന്നെ കഴിയുകയായിരുന്നു. അവസാന വർഷ ബി.എ.എം.എസ് പരീക്ഷയുടെ അവസാന ദിനം കോളേജിലെത്തിയ കിരൺ വിസ്മയയെ കാറിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീട് കിരണിന്റെ വീട്ടിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം സ്വന്തം സഹോദരന് ഭർതൃവീട്ടിൽ നിന്നുള്ള പീഡനങ്ങളെക്കുറിച്ച് സന്ദേശം അയച്ചപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് വിസ്മയ മരിച്ചു എന്നാണ് വീട്ടുകാർ അറിയുന്നത്.

സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ രാത്രിയിൽ ഇരുവരും തമ്മിൽ വലിയ വഴക്ക് നടന്നു. വഴക്കിന് ശേഷം വിസ്മയ ബാത്ത്റൂമിൽ കയറി കതകടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചു നോക്കിയപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻ തന്നെ ശാസ്താകോട്ട പത്മാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിന് ശേഷം കിരൺകുമാർ ഒളിവിൽ പോയിരിക്കുകയാണ്. മരണത്തിന് പിന്നാലെ വിസ്മയയുടെ വീട്ടുകാർ കൊലപാതകമാണെന്നാരോപിച്ച് രംഗത്തെത്തി. തെളിവായി മർദ്ദന ദൃശ്യങ്ങളും ഫോൺ സന്ദേശങ്ങളും പുറത്തു വിട്ടു. ശാസ്താംകോട്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണത്തിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അറിയിച്ചു.