കണ്ണൂർ: കണ്ണൂർ ജില്ലയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പേരെ കൂത്തുപറമ്പിലെ ആർഎസ്എസ് കേന്ദ്രത്തിൽ വച്ചാണ് അറസ്റ്റു ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. കൊലയാളി സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രതികളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങൾക്കൊപ്പം കാറിൽ പുറപ്പെട്ട സലാഹുദ്ദീൻ സംഭവം നടന്ന സ്ഥലത്തെത്തിയത് 3.40ഓടെയാണ്. ഈ ഇടവേളയിൽ കൊലയാളികൾ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. കൂടാതെ കൂത്തുപറമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടർന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തുനിന്നിരുന്നതായും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തിൽ പതിനൊന്ന് പേരുണ്ടായിരുന്നതായും കാറിൽ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിർണായകമാണെന്നും പൊലീസ് പറയുന്നു.

എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന നിലക്ക് സലാഹുദ്ദീന് നേരെ ഭീഷണിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു. സലാഹുദ്ദീന്റെ കാറിൽ ബൈക്ക് ഇടിച്ചാണ് കുറ്റവാളികൾ അപകടം സൃഷ്ടിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ട് പ്രദേശവാസികൾ വന്നുവെങ്കിലും പ്രശ്നം ഞങ്ങൾതന്നെ പറഞ്ഞുതീർത്തോളാം എന്ന് പറഞ്ഞ് അവരെ കുറ്റവാളികൾ പറഞ്ഞുവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

പോസ്റ്റ്‌മോർട്ടത്തിന് വെച്ച ശേഷം സലാഹുദ്ദീന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോവിഡ് പോസിറ്റീവ് ആയതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസംക്കാരം. സലാഹുദ്ദീനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ തലശ്ശേരി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയിൽ കുടുംബത്തിന്റെ കൺമുന്നിലിട്ടായിരുന്നു എസ്ഡിപി ഐ പ്രവർത്തകൻ് മുഹമ്മദ് സ്വലാഹൂദ്ദീനെ വെട്ടിക്കൊന്നത്.

കൊലപാതകത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നതായി പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിട്ടുണ്ട്. ആദ്യം ബൈക്കിലെത്തിയ സംഘം മനഃപൂർവം വാഹനം സ്വലാഹുദ്ദീന്റെ കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ അടുത്ത സംഘമെത്തിയാണ് വെട്ടിവീഴ്‌ത്തിയത്. ഇതിനുശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നാലെയെത്തിയ രണ്ടു വാഹനങ്ങളിലായാണ് പ്രതികൾ രക്ഷപ്പെട്ടതെന്നാണു സൂചന. നേരത്തെയും മേഖലയിൽ അയ്യൂബ് വധശ്രമം ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ പങ്കാളികളായ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന കണ്ണൂർ-കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ ആക്രമികൾ വെട്ടിയപ്പോഴും ജീവൻ രക്ഷിക്കാൻ അവാസന നിമിഷംവരെയുും ശ്രമിച്ചത് സഹോദരി റാഹിതയായിരുന്നു. തടയാൻ ശ്രമിച്ച സഹോദരിമാരെ വാളും ബോബും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആക്രമികൾ കൃത്യം നടത്തിയത്. 'എങ്കീ നിങ്ങള് ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ' എന്ന് ആക്രോശിച്ച് കൊണ്ട് സഹോദരിമാരിൽ മൂത്തയാൾ വാളിൽ കയറിപിടിച്ചു. പിന്നീട് സഹോദരിയുമായി ഉന്തും തള്ളും ഉണ്ടാക്കിയാണ് അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്ത്.

മൂത്ത സഹോദരി റാഹിതയാണ് കണ്ണവം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുന്നത്. തുടർന്ന് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൈക്ക് പരിക്കേറ്റ സഹോദരിയും തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയതെന്നാണ് സഹോദരിമാർ പറയുന്നത്. അക്രമികൾ മാസ്‌ക്ക് ധരിച്ചിരുന്നതിനാൽ ആരുടേയും മുഖം സഹോദരിമാർ കണ്ടിട്ടില്ലെന്നാണ് വിവരം. കണ്ണവത്തെ സ്വന്തം വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകുമ്പോൾ ചിറ്റാരിപ്പറമ്പ്- ചുണ്ടയിൽ വച്ചാണ് കാറിന് പിന്നിൽ ബൈക്ക് കൊണ്ട് അക്രമികൾ ഇടിച്ചത്. തുടർന്ന് സലാഹുദ്ദീൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഘട്ടത്തിലാണ് വാളുകൊണ്ട് കഴുത്തിനും തലയ്ക്കും വെട്ടിയത്.

ആളൊഴിഞ്ഞ പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. സലാഹുദ്ദീനും രണ്ട് സഹോദരിമാരും ഐ 10 വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. സലാഹുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തുടർച്ചയായ വെട്ടിൽ കഴുത്ത് മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആർഎസ്എസിന്റെ കൃത്യമായ പ്ലാനോടെയാണ് കൊലപാതകമന്ന് എസ്ഡിപിഐ ആരോപിച്ചു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണവം സിഐ കെ സുധീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.