കൊച്ചി: ബയോ വെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതിന് പിന്നാലെ തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിനിമാ പ്രവർത്തക ആയിഷ സുൽത്താന. കവരത്തി പൊലീസാണ് ലക്ഷദ്വീപിലെ ബിജെപി നേതാവിന്റെ പരാതിയിൽ കേസ് എടുത്തിരിക്കുന്നത്. തളർത്തിയാൽ തളരാൻ വേണ്ടിയല്ല താൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് എന്ന് ആയിഷ സുൽത്താന പ്രതികരിച്ചു. ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത് എന്നും ആയിഷ ഫേസ്‌ബുക്കിൽ കുറിച്ചു. ആയിഷയ്ക്ക് മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ആയിഷയുടെ പ്രതികരണം: '' F.I.R ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ... കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാർ ആയിരിക്കും. ഇനി നാട്ടുക്കാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്... ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം... തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...''

അതേസമം ബയോ വെപ്പൺ പരാമർശത്തിൽ സിനിമാ പ്രവർത്തക ആയിഷ സുൽത്താനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടവും രംഗത്തുണ്ട്. ആയിഷ സുൽത്താനയോട് ഈ മാസം 20 ന് നേരിട്ടു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. കവരത്തി പൊലീസാണ് നിർദ്ദേശം നൽകിയത്. ബിജെപി നേതാവ് നൽകിയ പരാതിയിൽ പൊലീസ് ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തിരുന്നു.

ലക്ഷദ്വീപ് വിഷയത്തിലെ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേ ആണ് ആയിഷ സുൽത്താന ബയോ വെപ്പൺ പരാമർശം നടത്തിയത്. ലക്ഷദ്വീപിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു ആയിഷ സുൽത്താന ബയോ വെപ്പൺ ആരോപണം ഉന്നയിച്ചത്. 'ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ പട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത്' എന്നായിരുന്നു പരാമർശം. രാജ്യവിരുദ്ധമായ പ്രസ്താവനയാണ് ആയിഷ സുൽത്താനയിൽ നിന്നും ഉണ്ടായതെന്നാണ് ബിജെപി നേതാവ് പരാതിയിൽ ആരോപിച്ചത്.

എന്നാൽ, രാജ്യത്തെയോ സർക്കാറിനെയോ അല്ല പ്രഫുൽ പട്ടേലിനെ ഉദ്ദേശിച്ചാണ് താൻ പരാമർശം നടത്തിയതെന്ന് ആയിഷ സുൽത്താന പറഞ്ഞു. ലക്ഷദ്വീപിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണ് പ്രസ്താവന നടത്തിയത്. അതിൽ മറ്റ് അർത്ഥങ്ങളൊന്നുമില്ലെന്നും ആയിഷ പറഞ്ഞു. നേരത്തെ തന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് ആയിഷ സുൽത്താന ആരോപിച്ചിരുന്നു.