തിരുവനന്തപുരം: അവിഹിത കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി അക്കൗണ്ട് തുടങ്ങിയതെന്ന് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ വി ശിവൻകുട്ടി. പണാധിപത്യം, വോട്ട് കച്ചവടം തുടങ്ങി ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത കാര്യങ്ങളാണ് ഇവിടെ നടന്നത്. എന്നാൽ ബിജെപി തുടങ്ങിയ അക്കൗണ്ട് തങ്ങൾ ക്ലോസ് ചെയ്യുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.

'എൽ ഡി എഫ് ഉറപ്പായും നേമത്ത് വിജയിക്കും. മണ്ഡലത്തിൽ പൊതുവിൽ സ്വീകാര്യത എനിക്കാണ്. ഞാൻ ഇവിടത്തെ എം എൽ എ ആയിരുന്നു. എം എൽ എ അല്ലാതിരുന്ന അഞ്ച് വർഷക്കാലവും ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. ഞാൻ ദേശാടനക്കിളിയല്ല. പറന്ന് പറന്ന് എവിടെയെങ്കിലും വന്നിരിക്കുക, ഒരു ഘട്ടം കഴിയുമ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് പോവുക അതല്ല എന്റെ സ്വഭാവം. മറ്റ് രണ്ട് സ്ഥാനാർത്ഥികളും പുതുമുഖങ്ങൾ മാത്രമല്ല, വലിയ പുതുമുഖങ്ങളാണ്. അവർക്ക് ആളുകളുമായി വലിയ തോതിൽ ബന്ധമില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് അവർക്ക് ആളുകളുമായി ബന്ധം' എന്നും ശിവൻകുട്ടി പറഞ്ഞു.

ജാതി തിരിച്ചല്ല എൽ ഡി എഫ് വോട്ട് പിടിക്കുന്നത്. എൽ ഡി എഫിന്റെ തുടഭരണത്തിനും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരായാണ് വോട്ട് ചോദിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ആളുകളുടേയും വോട്ടുകൾ തങ്ങൾക്ക് വേണം.

സി പി എമ്മും ബിജെപിയും തമ്മിലാണ് മത്സരം. മുരളീധരൻ വന്നതോടെ കോൺഗ്രസിനകത്ത് വലിയ ഗ്രൂപ്പ് തർക്കമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് താൻ അത് പറയുന്നത് ശരിയല്ല. കുറച്ച് കഴിയുമ്പോൾ മുരളീധരൻ തന്നെ അത് പറയുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

മൂന്ന് മുന്നണികളും ഇപ്പോൾ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. അടിയൊഴുക്കുകളെപ്പറ്റി വോട്ടെണ്ണൽ ദിവസം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ പ്രാവശ്യം തിരഞ്ഞെടുപ്പ് ദിവസമല്ലേ കോൺഗ്രസ് ക്യാമ്പുകളെല്ലാം മരവിച്ചത് നമ്മൾ കണ്ടതെന്നും ശിവൻകുട്ടി ചോദിച്ചു.