തിരുവനന്തപുരം: പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവന്മുകളിൽ താമസിക്കുന്ന സുനിൽ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിലിന്റെ മരുമകനായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മുടവന്മുകളിലെ വീട്ടിലെത്തിയ അരുൺ വഴക്കുണ്ടാക്കുകയും കൈയിൽ കരുതിയ കത്തിയെടുത്ത് സുനിലിനെയും മകനെയും കുത്തുകയുമായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതക ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനിൽ വച്ച് പൂജപ്പുര പൊലീസ് പിടികൂടി. ഭാര്യയുമായുള്ള പ്രശ്‌നം ഒത്തുതീർപ്പാക്കുന്നതിനാണ് അരുൺ മുടവന്മുകളിലെ വീട്ടിൽ എത്തിയത്. മദ്യലഹരിയിലായിരുന്നു അരുൺ എന്നാണ് നാട്ടുകാർ പറയുന്നത്.

.വാടകയ്ക്ക് താമസിക്കുകയാണ് സുനിൽ. ഓട്ടോറിക്ഷ ഓടിച്ചാണ് സുനിൽ കുടുംബം പോറ്റുന്നത്. സുനിലിന്റെ മകളും മരുമകൻ അരുണും തമ്മിൽ ഏറെ നാളായി അകൽച്ചയിലായിരുന്നു. ബന്ധം വഷളായതിനെ തുടർന്ന് സുനിലിന്റെ മകൾ അരുണിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇന്ന് വൈകീട്ട് സുനിലിന്റെ വീട്ടിൽ വന്ന് മകളെ തിരികെ തന്റെ കൂടെ വിടണമെന്ന് അരുൺ ആവശ്യപ്പെട്ടു. എന്നാൽ അരുണുമായുള്ള ബന്ധത്തിന് മകൾക്ക് താത്പര്യമില്ലെന്നും വിവാഹമോചനത്തിന് തീരുമാനിച്ചതായും സുനിലും മകളും ഉറപ്പിച്ച് പറഞ്ഞു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. സുനിലിന്റെ കഴുത്തിലാണ് കുത്തേറ്റത്. അഖിലിന്റെ നെഞ്ചിലും. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.