തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഫലം ആർക്ക് അനുകൂലമാകും. അവരാകും കേരളം ഭരിക്കുക. മലബാറിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇവിടെ കോട്ടകൾ കാക്കുന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പൊതു സ്വഭാവം. തൃശൂരിനും പാലക്കാടിനും എറണാകുളത്തിനും ഉള്ള രാഷ്ട്രീയ മനസ്സും ഏവർക്കും വ്യക്തം. ഇതിൽ തൃശൂർ മാത്രമാണ് ചാഞ്ചാട്ടം കാട്ടുക. എന്നാൽ തെക്കൻ കേരളം അങ്ങനെ അല്ല. എങ്ങോട്ട് വേണമെങ്കിലും മാറി മറിയും. അതുകൊണ്ട് തന്നെ ഈ മണ്ഡലങ്ങളിലെ ഫലമാകും നിർണ്ണായകമാകുക.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി മൊത്തം 39 സീറ്റാണുള്ളത്. പതിനാലാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന സമയത്ത് ഇതിൽ 35 സീറ്റ് ഇടതുമുന്നണിയുടെ പക്കലാണ്. നാലു സീറ്റ് മാത്രമാണ് യു.ഡി.എഫിനുള്ളത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടൻ ഇത് 34-05 എന്ന നിലയിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെപക്കലുണ്ടായിരുന്ന വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ ഇടതുമുന്നണിയും ഇടതുമുന്നണിയുടെ െകെവശമിരുന്ന അരൂർ യു.ഡി.എഫും പിടിച്ചെടുത്തു. ഇതാണ് തെക്കൻ കേരളത്തിലെ രാഷ്ട്രീയ ചിത്രം. ഇതിന് മാറ്റമുണ്ടായാ്ൽ ഭരണമാറ്റവും സംഭവിക്കും.

2016ൽ വി എസ് അച്യുതാനന്ദൻ മത്സരിച്ചിരുന്നു. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്ന് കരുതിയവർ ഏറെയാണ്. അതുകൊണ്ട് തന്നെ തെക്കൻ കേരളം ഇടതുപക്ഷത്തിന് അനുകൂലമായി എന്ന വിലയിരുത്തലുമുണ്ട്. തെക്കൻ കേരളത്തിൽ ക്രൈസ്തവ വോട്ടുകളും നിർണ്ണായകമാണ്. ഇത് മനസ്സിലാക്കിയാണ് കോട്ടയത്ത് ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് ചേർത്തത്. എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ചിത്രം അവ്യക്തമാണ്. ഇതാകും അന്തിമ ഫലത്തെ സ്വാധീനിക്കുക. ഈ മണ്ഡലങ്ങളിൽ എല്ലാം നല്ല വോട്ടിങ് നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് ബിജെപി നേടുന്ന വോട്ടുകളും കാര്യങ്ങൾ നിശ്ചയിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ഒഴികെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫ്. വൻ മാർജിനിലാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മറിച്ചും. ആലപ്പുഴ ജില്ലയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും 2019ൽ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ച അരൂരും മാത്രമാണ് യു.ഡി.എഫിനു സ്വന്തമായുള്ളത്. തിരുവനന്തപുരത്തു വട്ടിയൂർക്കാവ്, കോവളം, അരുവിക്കര മണ്ഡലങ്ങൾ കയ്യിലുണ്ടായിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നഷ്ടപ്പെട്ടു. 2016 ൽ ബിജെപി. ജയിച്ച നേമം മണ്ഡലവും തിരുവനന്തപുരം ജില്ലയിലാണ്. ഈ സാഹചര്യത്തിൽ കരുതലോടെയാണ് മുന്നണികൾ പ്രചരണം നടത്തിയത്.

ഇടതുമുന്നണിക്കു തുടർഭരണം ഉറപ്പാക്കണമെങ്കിൽ ഈ ജില്ലകളിലെ പകുതിയിലേറെ സീറ്റുകൾ നിലനിർത്തണം. യു.ഡി.എഫിനു തിരിച്ചു ഭരണത്തിലെത്താൻ കുറഞ്ഞപക്ഷം 20 സീറ്റെങ്കിലും ഇവിടെനിന്നു ലഭിക്കണം. ബിജെപി. പ്രതീക്ഷവയ്ക്കുന്ന കോന്നി, നേമം, തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം എന്നിവയും ഈ ജില്ലകളിലാണ്. ആഴക്കടലും ശബരിമലയും ഈ മണ്ഡലങ്ങളെ സ്വാധീനിക്കും. വടക്കൻ കേരളത്തിൽ ഇടതുമുന്നണിക്കു മേൽകൈ കിട്ടും. മധ്യ കേരളത്തിൽ കോൺഗ്രസിനും. മലപ്പുറം ലീഗിനൊപ്പാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ആ രീതിയല്ല പിന്തുടരുന്നത്. അതു കൊണ്ട് ഭരണമാറ്റം പലപ്പോഴും തീരുമാനിക്കുന്നത് ഈ ജില്ലകളാണ്.

ആലപ്പുഴയിൽ കായംകുളവും അമ്പലപ്പുഴയും ചേർത്തലയും പിടിക്കാമെന്ന വിശ്വാസം കോൺഗ്രസിനുണ്ട്. കൊല്ലത്ത് കുണ്ടറയും ചവറയും കരുനാഗപ്പള്ളിയും കൊല്ലവും കൊട്ടാരക്കരയും കോൺഗ്രസ് നോട്ടമിടുന്നു. തിരുവനന്തപുരത്ത് എല്ലായിടത്തും പൊരിഞ്ഞ ത്രികോണ പോരാട്ടമാണ്. ഇതെല്ലാം അന്തിമ വിജയിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.