തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാറിനെതിരെ വിമർശനവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി രംഗത്ത്. സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളും ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും നാടിനെ യുദ്ധസമാനമാക്കിയിരിക്കുകയാണെന്ന് കെസിബിസി അധ്യക്ഷൻ ബിഷപ്പ് സൂസൈപാക്യം പറഞ്ഞു. ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് അക്രമം ശക്തമായ സാഹചര്യത്തിലാണ് കെസിബിസി രംഗത്തെത്തിയത്.

കോടതിവിധിയുടെ പാശ്ചത്തലത്തിൽ ശബരിമലയിലെ അയ്യപ്പഭക്തരുടെ വിശ്വാസവും വ്യക്തികളുടെ സമത്വവും തമ്മിലുണ്ടായ നിയമ പ്രതിസന്ധിയെ മറികടക്കാൻ, നിയമപരവും ഭരണഘടനാപരവുമായ മാർഗങ്ങളുണ്ടായിരിക്കെ, അതിനെ രാഷ്ട്രീയവത്ക്കരിച്ചു നേട്ടങ്ങളുണ്ടാക്കാൻ ആരു ശ്രമിച്ചാലും അത് നാടിന്റെ താത്പര്യങ്ങൾക്ക് ചേർന്നതല്ലെന്ന് സൂസപാക്യം പറഞ്ഞു.

രാഷ്ട്രീയനേതാക്കൾ പൊതു നന്മ ലക്ഷ്യമാക്കി സാമാധാനത്തിനുവേണ്ടി കൈകോർക്കണം. നവോത്ഥാനത്തെപ്പറ്റി ചിന്തിക്കുന്നവർ പൗരർക്കു സമാധാനപരമായി ജീവിക്കുവാനുള്ള അവകാശം അംഗീകരിക്കണം. നവോത്ഥാനമതിൽ നിർമ്മിക്കാൻ താല്പര്യമെടുത്തവർ സമാധാനത്തിന്റെ വാതിൽ തുറക്കാനും മുൻകൈയെടുക്കണം. സംവാദത്തിലൂടെയും സമവായത്തിലൂടെയുമാണ് ആധുനികലോകത്തു നവോത്ഥാനമുണ്ടാകേണ്ടത്, രക്തരൂക്ഷിതമാർഗ്ഗങ്ങളിലൂടെയല്ല. സമാധാനത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ നാടിനു വേണ്ടത്. അങ്ങനെയാണ് കേരളം ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായി തീരേണ്ടത്- അദ്ദേഹം പറഞ്ഞു.

അതിനാൽ രാഷ്ട്രീയ സമുദായ നേതാക്കൾ അടിയന്തിരമായി ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചർച്ച ചെയ്ത്, ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം വിണ്ടെടുക്കുവാനും തയ്യാറാകണം. കേരളത്തിന്റെ അതിജീവനത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധിക്ക് ആധാരമായ വിഷയം വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമാകുമ്പോൾ, എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണം. വിശ്വാസം ജീവനെക്കാൾ പ്രധാനമെന്ന് കരുതുന്നവരുണ്ട്. ഇതിൽ പ്രത്യയശാസ്ത്രനിലപാടുകളെക്കാൾ വിശ്വാസികളുടെ കാഴ്ചപ്പാടാണ് പ്രധാനം. ഭരണാധികാരികൾ അതിനെ മാനിക്കണം. ശബരിമലയിലേതു സംരക്ഷിക്കപ്പെടേണ്ട ആചാരമോ, മാറ്റപ്പെടേണ്ട ദുരാചാരമോ എന്ന് വിലയിരുത്താൻ വിശ്വാസികൾക്ക് അവസരം നല്കണം.

ഭരണഘടനയും കോടതിവിധികളും മാനിക്കപ്പെടുകയും സംസ്ഥാനത്തു നിയമവാഴ്ച ഉറപ്പാക്കുകയും വേണം. സുപ്രീം കോടതി വിധിയെത്തുടർന്ന് നൂറിലേറെ പുനഃപരിശോധനാ ഹരജികൾ കോടതിയുടെ മുമ്പിലെത്തുകയും, ജനുവരി 22-ന് അവ പരിഗണിക്കാമെന്ന് കോടതി നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തിൽ, ബന്ധപ്പെട്ടവർ വിധി നടപ്പാക്കാൻ ധൃതി കാണിച്ചാൽ അത് വിശ്വാസികളിൽ ഒരു വലിയ വിഭാഗത്തെ ദുഃഖിതരും നിസ്സഹായരുമാക്കി മാറ്റും എന്നത് വാസ്തവമാണ്. ഈ നിസ്സഹായാവസ്ഥ നിരാശയും രോഷവുമായി പടരുന്ന സാഹചര്യം ഒഴിവാക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണം.വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും, അക്രമത്തിന്റെയും, കുടിപ്പകയുടെയും രാഷ്ട്രീയം കേരളമാകെ പടരുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ലെന്നും ആർച്ചുബിഷപ് എം സൂസപാക്യം പറഞ്ഞു.

അതേസമയം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് ഈ വിഷയത്തിൽ പിന്തണുയുമായി ചങ്ങനാശ്ശേരി ആർച്ചബിഷപ്പ് രംഗത്തുവന്നിരുന്നു. മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ പ്രതിനിധികൾ പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. പൊതുസമൂഹത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കും ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങൾ ചെയ്ത സേവനങ്ങൾ വലുതാണെന്നും ഈ വിഭാഗങ്ങളെ മാറ്റിനിർത്തി കേരളചരിത്രവും നവോത്ഥാനവും വിലയിരുത്തുന്നത് വികലമായിരിക്കുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

സമുദായമൈത്രി കേരളസമൂഹത്തിന്റെ മുഖമുദ്രയാണെന്നും ദൈവവിശ്വാസവും ആചാരങ്ങളും അവമതിക്കപ്പെടുന്നതിനെതിരെ എല്ലാ സമുദായങ്ങളും ഒന്നിച്ചുനിൽക്കണമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ്, രൂപതാ ഹയർ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. പി.സി.അനിയൻകുഞ്ഞ് എന്നിവരും സഹായമെത്രാനൊപ്പമുണ്ടായിരുന്നു. ശബരിമലയിൽ അതിശക്തമായി മുന്നോട്ട് പോകാൻ എൻ എസ് എസിന് കരുത്ത് പകരുന്നതാണ് ചങ്ങനാശ്ശേരി രൂപതയുടെ ഇടപെടൽ. നിർണ്ണായക വിഷയത്തിൽ ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ലഭിക്കാത്ത പിന്തുണയുമായി ന്യൂനപക്ഷ സമുദായം ഓടിയെത്തിയതാണ് വിമോചന സമരകാലത്തെ ഓർമക്കളിലേക്ക് കേരളത്തെ വീണ്ടുമെത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഓർഡിനൻസ് കൊണ്ടു വന്ന് ശബരിമലയിൽ ആചാര സംരക്ഷണത്തിനാണ് എൻ എസ് എസ് ശ്രമം.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഉറച്ച നിലപാടിന് പിന്നിൽ സിപിഎമ്മിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. സംഘർഷങ്ങളിലൂടെ പരിവാറുകാർ ശക്തിപ്പെടുമ്പോൾ ന്യൂനപക്ഷ വോട്ടുകൾ ഇടതു പക്ഷത്ത് എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. യുഡിഎഫ് വോട്ട് ബാങ്കുകളെ പൊളിച്ചെഴുതാനുള്ള നീക്കം. എന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസികളെല്ലാം ഒന്നാണെന്ന സൂചനയാണ് കത്തോലിക്കാ സഭകൾ നൽകുന്നത്. വിശ്വാസികൾക്കൊപ്പമാണ് സഭയും. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പിന്തുണ സർക്കാരിന് കിട്ടില്ലെന്നാണ് ഇപ്പോഴത്തെ നീക്കങ്ങളും നൽകുന്ന സൂചന. ശബരിമലയിലെ സ്ഥിതി മതവിശ്വാസികളെ ഒന്നാകെ ആകുലപ്പെടുത്തുന്നതാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറയുന്നത്. ഈ സാഹചര്യത്തിലാണ് സഹായമെത്രാൻ പെരുന്നയിൽ എത്തിയത്.