തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ ശുദ്ധക്രിയ നടത്തി തന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ സംഘപരിവാർ പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ ആസൂത്രിതമായി ആക്രമണം നടത്തുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നലെ ശബരിമലയിൽ പ്രവേശനം നടത്തിയ യുവതികൾ നേരത്തെ ശബരിമലയിൽ എത്തിയവരാണ്. പല കാരണങ്ങളാൽ ഇവർക്ക് ദർശനം നടത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടായി. തുടർന്നാണ് കഴിഞ്ഞദിവസം ഇവർ വീണ്ടും വന്നത്. സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. കോടതി വിധി നടപ്പിലാക്കാൻ ബാധ്യതപ്പെട്ട പൊലീസ് അവരെ സന്നിധാനത്ത് എത്തിക്കാൻ സാഹായിക്കുകയാണ് ഉണ്ടായത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക എന്നത് സർക്കാർ ഉത്തരവാദിത്തമാണ്. വിധി അനുസരിക്കുകയാണു സർക്കാർ ചെയ്തത്. ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണു സംഘപരിവാർ തുടർച്ചയായി ശ്രമിക്കുന്നത്. കോടതി വിധി അട്ടിമറിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും, എങ്ങനെ സംഘർഷമുണ്ടാക്കാം എന്നാണു സംഘപരിവാർ ശ്രമം. അവർ എന്തൊക്കെ അക്രമം കാട്ടി എന്നതു ജനങ്ങളുടെ മനസ്സിലുള്ളതാണ്. ഇത്തരം സംഘർഷങ്ങളിൽനിന്ന് ശബരിമലയെ മോചിപ്പിക്കാനാണു സർക്കാർ ശ്രമിച്ചിട്ടുള്ളത്. പൊലീസും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചില്ല- അദ്ദേഹം പറഞ്ഞു.

ഇപ്പോൾ പ്രവേശിച്ച യുവതികൾ നേരത്തേ ദർശനത്തിനു ശ്രമിച്ചിരുന്നു. പല കാരണങ്ങളാൽ നടക്കാതെ വന്നപ്പോൾ താൽക്കാലികമായി അവർ മടങ്ങിപ്പോയി. കഴിഞ്ഞ ദിവസം അവർ വീണ്ടും പൊലീസിനെ സമീപിച്ചു. കോടതി വിധി നടപ്പിലാക്കാൻ ബാധ്യതപ്പെട്ട പൊലീസ് അവർക്കു സുരക്ഷ ഒരുക്കി. അവർ ഹെലികോപ്റ്ററിലല്ല ശബരിമലയിലെത്തിയത്. സാധാരണ ഭക്തർപോകുന്ന വഴിയേ ആണ് പോയത്. അവർക്കു പ്രത്യേക പരിഗണനയൊന്നും ഉണ്ടായില്ല. മറ്റു ഭക്തർക്കൊപ്പം ദർശനം നടത്തി. ദർശനത്തിനുള്ള സൗകര്യം മറ്റു ഭക്തർ ഒരുക്കി കൊടുത്തു. ഒരു എതിർപ്പും ഭക്തരിൽനിന്ന് ഉണ്ടായില്ലെന്നും േേഅദ്ദഹം പറഞ്ഞു.

അവർ മടങ്ങിയശേഷമാണു വിവരം പുറത്തറിഞ്ഞത്. വാർത്ത പുറത്തുവന്നിട്ടും ഒരു സംഘർഷവും ഉണ്ടായില്ല. സ്വാഭാവിക പ്രതിഷേധം നാട്ടിലില്ല, അയ്യപ്പ ഭക്തരിലില്ല എന്നാണു മനസിലാക്കേണ്ടത്. സംഘർഷം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ വെറുതേയിരിക്കില്ലല്ലോ. യുവതികൾ ദർശനം നടത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും സംഘർഷം ഉണ്ടാകാതെ വന്നപ്പോൾ, സംഘർഷം ഉണ്ടാക്കാനുള്ള നിർദേശങ്ങൾ സംഘപരിവാർ നേതാക്കൾ അണികൾക്കു കൊടുക്കുന്ന നിലയുണ്ടായി. പിന്നീടു നടന്നത് ആസൂത്രിത നീക്കമാണ്.

രാഷ്ട്രീയ താൽപര്യത്തോടെയുള്ള വ്യക്തമായ ഇടപെടലായാണു ഇതിനെ മന്ത്രിസഭ കാണുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടും. ഒരു അക്രമവും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിൽ ബിജെപി നടത്തുന്ന സംസ്ഥാന തലത്തിലുള്ള അഞ്ചാമത്തെ ഹർത്താലാണിത്. മൂന്ന് മാസത്തിനിടെ ഏഴ് ഹർത്താലുകൾ സംഘപരിവാർ നടത്തി. ബാലിശമായ കാരണങ്ങൾ പറഞ്ഞാണ് ഹർത്താലുകൾ നടത്തിയത്. ഹർത്താലുകൾ ഏറ്റവും അവസാനം നടത്തേണ്ട സമരമുറയാണ്. ഇന്നത്തെ ഹർത്താൽ സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹർത്താലാണ്. മാധ്യമപ്രവർത്തകരും പൊലീസും വഴിയാത്രക്കാരും അക്രമിക്കപ്പെടുകയാണ്.

7 പൊലീസ് വാഹനങ്ങളും 79 കെ.എസ്.ആർ.ടി.സി ബസും ഇന്നലെ മാത്രം തകർത്തു. വനിതകളാണ് കൂടുതൽ ആക്രമിക്കപ്പെട്ടു. വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളെ ആക്രമിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ലക്ഷ്യം വെക്കുകയാണ്. ഇത് വടക്കേ ഇന്ത്യയിൽ നടക്കുന്നതിന്റെ തുടർച്ചയാണ്. സ്ത്രീ പ്രവേശനത്തൽ സർക്കാരിന് വാശിയില്ല. എന്നാൽ കോടതി വിധി പ്രകാരം സുരക്ഷ നൽകാൻ സർക്കാരിന് ഉത്തരവാദിത്യമുണ്ട്. ഇത് വിശ്വാസത്തോടുള്ള എതിർപ്പല്ല. ഭരണഘടയോടുള്ള ഉത്തരവാദിത്യമാണ്. വാർത്തകൾ നൽകുമ്പോൾ മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാട് ഉയർത്തിപ്പിടിക്കണം. പൊതുവെ മാധ്യമങ്ങൾ പോസിറ്റീവായ നിലപാടാണ് സ്വീകരിക്കുന്നത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വനിതാ മതിൽ പുതിയ അദ്ധായമാണ് രചിച്ചത്. ഇത് ഭാവി കേരളത്തിന്റെ ദിശ തീരുമാനിക്കാൻ പ്രാപ്തി ഉള്ളതാണ്. എല്ലാ തരത്തിലുള്ള വനിതകൾ ഒരു സമ്മർദ്ദവുമില്ലാതെ മതിലിൽ അണിനിരന്നു. വനിതാ മതിലിനെ പിന്തുണച്ച സർക്കാരിന് കൂടുതൽ ഉത്തരവാദിത്യങ്ങൾ ഉണ്ട്. വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും.

സ്ത്രീ പുരുഷ സമത്വമെന്ന ഭരണഘടനാപരമായ ഉത്തരവാദിത്യം സർക്കാർ ഏറ്റെടുക്കും. ഒരു കോൺഗ്രസ് നേതാവ് വനിതാ മതിലിനെതിരായ അക്രമത്തെ കുറിച്ച് പറഞ്ഞത് സ്വാഭാവികമായ പ്രതികരണമെന്നാണ്. കേരളത്തിലെ യു.ഡി.എഫും ബിജെപിയും ഒന്നിക്കുകയാണ്. വിശ്വാസമാണ് ഏറ്റവും പ്രധാനം എന്നുള്ള വാദം സംഘപരിവാറിന്റെ ബാബറി മസ്ജിദ് വിഷയത്തിലുള്ള വാദത്തെ പിന്തുണക്കുന്നതാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.