ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. വ്യാഴാഴ്ച ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകഅക്രമമാണുണ്ടായത്. ഹർത്താലിന് പിന്നാലെ കണ്ണൂരിലും, അടൂരിലും, പന്തളത്തും, പാലക്കാടും തിരുവനന്തപുരത്തെ ചില പ്രദേശങ്ങളിലുമൊക്കെ സംഘർഷാവസ്ഥ തുടരുകയാണ്. ഇതോടെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് സംസ്ഥാനസർക്കാരിനോട് റിപ്പോർട്ട് തേടി. ഹർത്താലിന് ശേഷവും രാഷ്ട്രീയസംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിതി ഉടൻ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്‌നാഥ് സിങ് നിർദ്ദേശം നൽകി.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ മാവോയിസറ്റ് ബന്ധം എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാർ ഇന്നലെ രാജ്‌നാഥ് സിംഗിനെ കണ്ട് പരാതി നൽകിയിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവരെ ശബരിമലയിൽ കയറ്റി ദർശനം നടത്തിച്ചെന്നും ഇത് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നുമായിരുന്നു വി മുരളീധരൻ എംപി ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് തന്നെ ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോർട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറിയത്. ഇതുവരെ കേരളം മറുപടി നൽകിയിട്ടില്ല. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കണമെന്ന നിർദ്ദേശം രാജ്‌നാഥ് സിങ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടർനടപടികൾ സ്വീകരിക്കും.

അതിനിടെ, ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിന് മുന്നറിയിപ്പുമായി ബിജെപി രംഗത്തെത്തി. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കുള്ളിൽ നിന്നുള്ള വലിയ പ്രത്യാഘാതം സർക്കാറിനും സിപിഎമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് നരസിംഹറാവു പറഞ്ഞു. സംസ്ഥാന സർക്കാർ എന്ത് പ്രത്യാഘാതം ആണ് നേരിടേണ്ടി വരിക എന്ന ചോദ്യത്തിന് ബുദ്ധിയുള്ളവർക്ക് മനസിലാകും എന്നായിരുന്നു നരസിംഹറാവുവിന്റെ മറുപടി.

ലിംഗപരമായ തുല്യ നീതിക്കായി നിലകൊള്ളുന്ന പാർട്ടിയാണ് ബിജെപി. പക്ഷെ ഇവിടെ പ്രശ്‌നം വിശ്വാസത്തിന്റേതും ആചാരത്തിന്റേതും കൂടിയാണ്. മുത്തലാഖ് ജെൻഡർ വിഷയവും ശബരിമല വിശ്വസ വിഷയവുമാണ്- നരസിംഹറാവു പറഞ്ഞു. ശബരിമല സംബന്ധിച്ച കോൺഗ്രസ് നിലപാടും കാപട്യമാണ്. ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസിനു രണ്ടു നിലപാടാണ്. ഇത് ഇരട്ടത്താപ്പാണ്. അതേസമയം ഓർഡിനൻസ് കൊണ്ടു വരുന്നതുമായ ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ പ്രതികരിക്കാനാവില്ല എന്നായിരുന്നു മറുപടി.

അതേസമയം, കേരളത്തിൽ നടന്ന സംഘർഷത്തിൽ ഇതുവരെ 3178 പേർ അറസ്റ്റിലായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 487 പേരെ റിമാൻഡ് ചെയ്തു. ഇതിൽ 2691 പേർക്ക് ജാമ്യം ലഭിച്ചതായും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, അക്രമികൾക്ക് എസ്‌കോർട്ട് പോകലല്ല പൊലീസിന്റെ പണിയെന്ന് ഡി.ജി.പിയുടെ ഓർമ്മപ്പെടുത്തൽ. ഹർത്താൽ ദിനത്തിൽ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്.

സമാധാനപരമെന്ന് തോന്നിയ പല പ്രകടനങ്ങളും പ്രത്യേക ഘട്ടത്തിൽ അക്രമാസക്തമാവുകയായിരുന്നു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രകടനങ്ങൾ തുടക്കത്തിൽ തന്നെ പിരിച്ചു വിടണമെന്ന് ഡി.ജി.പി നിർദ്ദേശിച്ചു. പൊലീസിലെ നല്ലൊരു വിഭാഗം ശബരിമലയിൽ ഡ്യൂട്ടി നോക്കുന്നതിനാൽ പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന് മറുപടി പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ചിലരെയെങ്കിലും ഡി.ജി.പി വെറുതെ വിട്ടില്ല. ആ പ്രദേശങ്ങളിൽ മതിയായ പൊലീസുകാർ ഉണ്ടായിരുന്നല്ലോ എന്ന കണക്കുകൾ ഉദ്ധരിക്കുകയും ചെയ്തു. തെരുവിൽ അഴിഞ്ഞാടിയവരെ കണ്ടെത്താൻ കഴിയാത്തതിലും ഡി.ജി.പി അസംതൃപ്തി അറിയിച്ചു. അതേസമയം, സ്പെഷ്യൽ ബ്രാഞ്ചിന്റെയും ഇന്റലിജൻസിന്റെയും പിഴവാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.