കോട്ടയം: മാരക ലഹരിമരുന്ന് ആയ സിന്തറ്റിക് ഇനത്തിൽപെട്ട 4 എൽഎസ്ഡി സ്റ്റാപുകളുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചങ്ങനാശേരി, വാഴപ്പള്ളി, പെരുന്ന വട്ടപ്പള്ളിക്കരയിൽ പുത്തൻപറമ്പിൽ മിതിൻ സിബി (21) ആണ് അറസ്റ്റിലായത്.
ചിങ്ങവനം സെമിനാരിപ്പടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവിലെ കോളജിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്ന മിതിൻ പഠനം മതിയാക്കി നാട്ടിൽ ബികോമിനു പഠിക്കുകയായിരുന്നു. ചങ്ങനാശേരി സ്വദേശിയാണ് എൽഎസ്ഡി സ്റ്റാംപ് നൽകിയതെന്നാണ് എക്‌സൈസ് സംഘത്തോട് പറഞ്ഞത്.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. മോഹനൻ നായരും സംഘവുമാണ് യുവാവിനെ പിടികൂടിയത്.

എൽഎസ്ഡി സ്റ്റാംപ് വിൽപന 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌സൈസ് സിഐ പറഞ്ഞു.പ്രിവന്റീവ് ഓഫിസർമാരായ ജി. രാജേഷ്,ടി.എസ്. സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.വി. അജിത്കുമാർ, വി എസ് സുജിത്ത്, ഏറ്റുമാനൂർ എക്‌സൈസ് റേഞ്ച് ഓഫിസിലെ സിവിൽ എക്‌സൈസ് ഓഫിസർ സഞ്ജു മാത്യു, എക്‌സൈസ് ഡ്രൈവർ സി.കെ.അനീസ് എന്നിവർ പങ്കെടുത്തു.