തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് ആര്? കേസിൽ നിർണായകമായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജയിൽ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. എന്നാൽ, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് പൊലീസോ ജയിൽ ഉദ്യോഗസ്ഥരോ ആകാമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും. സ്വപ്നയുടെ ആരോപണങ്ങൾ ഗുരുതരമെന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ചൂണ്ടിക്കാട്ടി.

കോടതിയിൽ നൽകിയ പരാതിയിലാണ് സ്വപ്ന ഭീഷണിയുടെ കഥകൾ വിവരിച്ചത്. ഉന്നതരുടെ പേരുകൾ വെളിപ്പെടുത്താതിരിക്കാൻ ഭീഷണിയുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്. ഇത് ശരിയാണെന്ന വിലയിരുത്തലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കും ഉള്ളത്. സ്വപ്നയിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ്ഈ നിഗമനത്തിലേക്ക് കസ്റ്റംസ് എത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന കാര്യം ചൂണ്ടിക്കാട്ടി കോഫേപോസ അഥോറിറ്റിക്കും സ്വപ്ന പരാതി നൽകിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടേക്കും. കൂടുതൽ പേരെ ചോദ്യം ചെയ്യാനും കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്. അതേസമയം സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ റിബിൻസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. വിദേശത്ത് നിന്നും സ്വർണം അയച്ചതിലടക്കം റിബിൻസിന്റെ പങ്ക് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലിന് ശേഷം റിബിൻസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ എൻ.ഐ.എ റിബിൻസിനെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ജയിലിൽ ജീവന് ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ജയിൽ വകുപ്പ് നിഷേധിക്കുകയാണ്. സ്വപ്നയെ ജയിലിൽ ആരൊക്കെ സന്ദർശിച്ചുവെന്നതിന് കൃത്യമായ രേഖകളുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളുമല്ലാതെ മറ്റാരും സ്വപ്നയെ കണ്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അമ്മയും, മകളും, ഭർത്താവിന്റെ സഹോദരനും ജയിലിലെത്തി സ്വപ്നയെ കണ്ടിരുന്നെന്നും അധികൃതർ അറിയിച്ചു. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ പാർപ്പിച്ചിരുന്നത്.

സ്വപ്നയ്ക്ക് സംരക്ഷണം നൽകാൻ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സ്വപ്നയുടെ സെല്ലിൽ 24 മണിക്കൂറും ഒരു വനിതാ ഗാർഡിനെ നിയോഗിച്ചിട്ടുണ്ട്. ജയിലിന് പുറത്ത് കൂടുതൽ സായുധ പൊലീസിനെയും വിന്യസിച്ചു. അതിനിടെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശവും ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാറിന് തിരിച്ചടിക്കുന്നുണ്ട്.

നവംബർ 25ന് മുൻപ് പലവട്ടം അട്ടക്കുളങ്ങര ജയിലിലെത്തിയ ചിലർ, ഉന്നതരുടെ പേരു പറഞ്ഞാൽ ജീവന് ഭീഷണിയുണ്ടാവുമെന്ന് അറിയിച്ചെന്നാണ് സ്വപ്ന ഇന്നലെ കോടതിയിൽ പരാതിപ്പെട്ടത്. നവംബർ 18നാണ് ശബ്ദസന്ദേശം പുറത്തുവന്നത്. ഭീഷണിപ്പെടുത്താൻ ജയിലിലെത്തിയവർ റെക്കാഡ് ചെയ്ത ശബ്ദത്തിലെ ഒരു ഭാഗമാണ് പുറത്തുവന്നതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. രണ്ട് സംഭവങ്ങൾക്കും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും . ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് കസ്റ്റംസും ഇ.ഡിയും.