തിരുവനന്തപുരം: പിണറായി സർക്കാർ പ്രതിക്കൂട്ടിലായ സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു പ്രമുഖ നേതാവിന്റെ വിദേശയാത്രകളെക്കുറിച്ച് വിദേശകാര്യമന്ത്രാലയം അന്വേഷിക്കുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രം വിദേശ യാത്രകൾ നടത്തേണ്ട വ്യക്തിയാണ് വിവാദത്തിൽ കടുങ്ങുന്നത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിൽ എൻ ഐ എയ്ക്ക് ഭരണഘടനാ പരമായ പ്രശ്നങ്ങളുമുണ്ട്. ഇത് മാസങ്ങൾക്ക് മുമ്പ് മറുനാടൻ ചർച്ചയാക്കിയ വാർത്തയാണ്. ഈ വാർത്തയിലെ വ്യക്തിയുമായുള്ള വാട്‌സാപ്പ് ചാറ്റുകളാണ് സ്വപ്‌നാ സുരേഷിന്റെ റിവേഴ്‌സ് ഹവാല ഇടപാടിലും നിറയുന്നത്.

മന്ത്രിയല്ലാത്ത ഈ നേതാവ് കഴിഞ്ഞ മൂന്നു വർഷംകൊണ്ട് ഡൽഹി വഴി ദുബായിലേക്ക് നടത്തിയ അൻപതിലധികം വിദേശയാത്രകളെക്കുറിച്ച് നേരത്തെ സംശയം ഉയർന്നിരുന്നു. വിദേശകാര്യമന്ത്രാലയം അറിഞ്ഞുള്ള യാത്രകളല്ല ഇവ. തൊണ്ണൂറു ശതമാനവും സ്പോൺസേഡ് ആണ് എന്നതാണ് ഈ യാത്രകളെ വിവാദ വിഷയമാക്കുന്നത്. എന്തുകൊണ്ട് ദുബായിലേക്ക് ഇത്രയധികം യാത്രകൾ ഈ നേതാവ് നടത്തിയെന്ന കാര്യത്തിൽ സംശയമുണ്ട്. യാത്രകളിൽ പലതിലും അസ്വാഭാവികത മണക്കുന്നതായി കേന്ദ്ര ഏജൻസികൾ തിരിച്ചറിയുന്നുണ്ട്. എന്നാൽ നിയമപരമായ ഒരു പാട് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിനെതിരെ ഉടൻ നടപടിയൊന്നും എടുക്കില്ല.

ലീഗ് നേതാക്കളെപ്പോലും കടത്തിവെട്ടുന്ന യാത്രയാണ് ഈ നേതാവിന്റെത് എന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. നേതാവിന്റെ പാസ്പോർട്ടിന്റെ വിശദാംശങ്ങളും യാത്രയുടെ വിശദാംശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് നേതാവിന്റെ യാത്രകൾക്ക് ആതിഥ്യം വഹിച്ചത് എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. നേതാവ് വിദേശത്ത് പോയി ആരെയൊക്കെ കണ്ടു എന്തൊക്കെ ക്രയവിക്രയങ്ങളിൽ ഏർപ്പെട്ടു എന്നൊക്കെ അന്വേഷണ പരിധിയിലുണ്ട്. ഇതിനിടെയാണ് വാട്‌സാപ്പ് സന്ദേശം ചർച്ചയാകുന്നത്. രണ്ട് ദിവസമായി മനോരമയും കേരള കൗമുദിയും വിരൽ ചൂണ്ടുന്നത് മറുനാടൻ മലയാളി മുമ്പ് നൽകിയ വ്യക്തിയെ കേന്ദ്രീകരിച്ച് അതിശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ്.

കേരളത്തിലേക്കുള്ള മുഴുവൻ സ്വർണ്ണക്കടത്തും അന്വേഷണ വിഷയമാക്കാൻ എൻഐഎയ്ക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതോടെയാണ് കേരളത്തിലെ നേതാക്കളുടെ അടിക്കടിയുള്ള ദുബായ് യാത്രയിലേക്കും അന്വേഷണം നീണ്ടത്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി നേതാവിന് ബന്ധമുണ്ടെന്നു മനസിലാക്കിയതോടെയാണ് ഈ അന്വേഷണം. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ ഈ കേസിൽ നേരിട്ട് ഇടപെട്ടു എന്നതും സ്വർണ്ണക്കടത്ത് കേസിനെ ശ്രദ്ധേയമാക്കി നിർത്തുന്നുണ്ട്.

അതുകൊണ്ട് തന്നെ സ്വർണ്ണ കടത്തു കേസിൽ ഭരണ ഘടനാ പദവിയിലുള്ള ഉന്നതിന് കുരുക്കു മുറുകുന്നുവെന്നാണ് റിപ്പോർട്ട്. സ്വപ്നയും ഭരണഘടനാ പദവിയിലുള്ള ഉന്നതനും തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തതാണ് നിർണ്ണായകമാകുന്നത്. രണ്ടു വർഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണിൽ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഡോളർ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ. ഇത് ഇനിയും വിശദമായി പരിശോധിക്കും. അതിശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ കൂടുതൽ നടപടികൾ ഉണ്ടാകൂ. സല്ലാപത്തിന്റെ സ്വഭാവമാണ് ചാറ്റുകൾക്കുള്ളതെങ്കിൽ തൽകാലം ഇദ്ദേഹത്തെ വെറുതെ വിടും.

സ്വപ്നയ്ക്കൊപ്പം ഇദ്ദേഹം നാലുവട്ടം വിദേശയാത്ര നടത്തിയെന്നാണ് സൂചന. ഇതിനൊപ്പം ഗ്രീൻ ചാനൽ സൗകര്യമുപയോഗിച്ച് സ്വന്തം ബാഗിൽ ഡോളർ കടത്തിയതിന്റെയും വിവരങ്ങൾ വീണ്ടെടുത്ത ചാറ്റിലുണ്ടെന്ന വാർത്തയാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്. ഏതാനും വർഷങ്ങൾക്കിടെ 20 തവണത്തെ വിദേശയാത്രയുടെയും സ്വപ്നയുമായുള്ള വ്യക്തിബന്ധത്തിന്റെയും വിദേശത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ ചാറ്റുകളിലുണ്ടെന്നാണ് സൂചന. ഭരണഘടനാ പദവിയിലുള്ള ഉന്നതനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം കേന്ദ്ര ഏജൻസികൾ എടുത്തിട്ടില്ല. ഇതിന് അനുമതി തേടി ഗവർണ്ണറെ സമീപിക്കും.

രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയെന്ന കണ്ടെത്തൽ നടത്തിയത് കസ്റ്റംസാണ്. ഇഡിയും ഇത് സ്ഥിരീകരിച്ചു. അതിനിടെ റിവേഴ്സ് ഹവാല ഇടപാടിലുൾപ്പെട്ടത് എത്ര ഉന്നതനായാലും കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശവും ഏജൻസികൾക്ക് കിട്ടിയിട്ടുണ്ട്. ഇതോടെ വൻ സ്രാവുകൾ കുടുങ്ങുമെന്നാണ് സൂചന. കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാവും അന്വേഷിക്കുക.