തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേക്കേറിയ കെ പി അനിൽകുമാറിനെതിരെ കടുത്ത വിമർശനവുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്. കോൺഗ്രസ് പ്രവർത്തകരെ കൊല ചെയ്യാൻ നേതൃത്വം കൊടുക്കുന്ന സിപിഎമ്മിലേക്കുള്ള കൊഴിഞ്ഞുപോക്ക് ചിലയാളുകൾ വ്യക്തിപരമായി ഉണ്ടാക്കിയ അന്തർധാരയുടെ ഫലമാണെന്ന് ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിലാണ്. എൽഡിഎഫും യുഡിഎഫും മാറി മാറി വരുന്ന സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി എൽഡിഎഫിന് തുടർഭരണം ലഭിച്ചിരിക്കുകയാണ്. പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം കുറഞ്ഞ സന്ദർഭമാണിത്. പ

ാർട്ടിയെ യൂണിറ്റ് കമ്മിറ്റി രൂപീകരണം മുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള കരിക്കുലം തീർത്ത് മുന്നോട്ടുകൊണ്ടുപോകുകയാണ് കോൺഗ്രസ്. ഈ സമയത്ത് പാർട്ടിയെ തള്ളിപ്പറയാൻ സിപിഎമ്മുമായും ബിജെപിയുമായും ചേർന്നു നിൽക്കുന്നവർക്കേ സാധിക്കൂ. ആത്മാർത്ഥതയുള്ള ഒരു കോൺഗ്രസ് പ്രവർത്തകനും സിപിഎമ്മും ബിജെപിയുമാവാൻ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

പിന്നാലെ അനിൽകുമാറിന്റെ സിപിഎം പ്രവേശനത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റുമായി ടി സിദ്ദിഖ് രംഗത്തെത്തി. 'ചില നിർബന്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികമാണെന്നായിരുന്നു', അഴുക്കുചാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പരിഹാസം.

കോൺഗ്രസ് പുറന്തള്ളുന്ന മാലിന്യം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുന്നുവെങ്കിൽ അത് നല്ല കാര്യമായി കരുതി അഭിനന്ദിക്കണമെന്നും സിപിഎമ്മിനെ പരാമർശിച്ച് കുറിപ്പിൽ പറയുന്നു.

ടി സിദ്ദിഖിന്റെ കുറിപ്പ്:

ഇപ്പോൾ പുഴകൾ നേരിടുന്ന ഏററവുംവലിയ പ്രശ്‌നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങൾ... പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങൾ, രാസവസ്തുക്കൾ ഒഴുക്കിവിടൽ, പ്ലാസ്റ്റിക്കും സർവമാലിന്യങ്ങളും ഒഴുക്കിവിടുന്നു. എങ്ങോട്ടാണ് നമ്മൾ...? പ്രകൃതിയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണ്. നമ്മുടെതന്നെ മരണമാണ്. ജലമില്ലാഞ്ഞാൽ എന്തു സംസ്‌കാരവും എന്തു ജീവിതവും എന്തു ജീവനും?

'എന്നാൽ, ചില നിർബന്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികമാണു. മുന്നോട്ടുള്ള പോക്കിനു അങ്ങനെ ചെയ്യാൻ നിർബന്ധിതമാകും. എന്നാൽ ആ മാലിന്യം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുന്നുവെങ്കിൽ അത് നല്ല കാര്യമായി കരുതണം... അവരെ നമ്മൾ അഭിനന്ദിക്കേണ്ടിയിരിക്കുന്നു, ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്.

സിപിഐഎമ്മുമായി ചേർന്ന അന്തർധാരയുണ്ടാക്കിയ ശേഷമുള്ള അനിൽകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി ആവശ്യമില്ലെന്ന പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫേസ്‌ബുക്ക് പ്രതികരണം.