തളിപ്പറമ്പ്: കോൺഗ്രസിന് പിന്നാലെ തളിപ്പറമ്പിൽ സിപിഎമ്മിലും പൊട്ടിത്തെറി. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ രൂപപ്പെട്ട ചേരിപ്പോരാണ് പരസ്യമായ വിഴുപ്പലക്കിലേക്ക് എത്തിയത്. സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലടക്കം ലോക്കൽ സെക്രട്ടറിയെ പ്രത്യക്ഷത്തിൽ വിമർശിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചു.

ഇക്കഴിഞ്ഞ സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ പുല്ലായ്‌ക്കൊടി ചന്ദ്രനെ രണ്ടാമതും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചുള്ള പോസ്റ്ററുകൾ മാന്ധംകുണ്ടിലെ സിപിഎം സ്ഥാപനമായ കെ.ആർ.സി വായനശാല ആൻഡ് യുവധാര ക്ലബ്ബിലടക്കം പ്രത്യക്ഷപ്പെട്ടത്.

'സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം, 'സിപിഐ നേതാക്കൾ കാണിച്ച ആർജ്ജവം സിപിഎം. നേതാക്കൾ കാണിക്കുമോ ഈ പാർട്ടിയെ രക്ഷിക്കാൻ' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. 'കോമ്രേഡ്‌സ് ഓഫ് പാലയാട്' എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ സിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ ലോക്കൽ സെക്രട്ടറി പുല്ലായ്‌ക്കൊടി ചന്ദ്രൻ.

നേരത്തെ സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത നടന്നുവെന്നാരോപിച്ച് തളിപ്പറമ്പ് മുൻ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ഏരിയാ സമ്മേളനത്തിനുള്ള പ്രതിനിധി പാനലിൽ നിന്നും കോമത്ത് മുരളീധരനെ ഒഴിവാക്കിയിരുന്നു.

അത് കഴിഞ്ഞാണ് പുല്ലായ്‌ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതിന് പിന്നാലെയാണ് ലോക്കൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.ഇതോടെ തളിപ്പറമ്പിലെ വിഭാഗീയ പ്രശ്‌നങ്ങളിൽ ജില്ലാ നേതൃത്വം ഇടപ്പെടുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.