പത്തനംതിട്ട: ജില്ലയിൽ സിപിഎം ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കുകളിൽ സിപിഎം നേതാക്കളായ ജീവനക്കാർ ലക്ഷങ്ങൾ തട്ടുന്നത് പതിവാകുന്നു. ഏറ്റവുമൊടുവിലായി പുറത്തു വന്നിരിക്കുന്ന തട്ടിപ്പ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ സനൽകുമാർ പ്രസിഡന്റായ തിരുവല്ല അർബൻ സഹകരണ ബാങ്കിന്റെ മൂന്നു ശാഖകളിലാണ്. ഒരു ശാഖയിലെ തട്ടിപ്പ് സംബന്ധിച്ച് വ്യക്തത കൈവന്നു കഴിഞ്ഞു. മഹിളാ അസോസിയേഷൻ നേതാവടക്കം രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്ത് തൽക്കാരലം മുഖം രക്ഷിച്ചിരിക്കുകയാണ്.

മുക്കുപണ്ടമടക്കം പണയം വെച്ച് 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് സസ്പെൻഷൻ. തിരുവല്ല പ്രധാന ശാഖയിലെ സീനിയർ ക്ലാർക്കും കാവുംഭാഗം സ്വദേശിനിയുമായ മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമായ പ്രീത ഹരിദാസ്, പൊടിയാടി ശാഖയിലെ ക്ലാർക്കും വൈക്കത്തില്ലം സ്വദേശിനിയുമായ പുഷ്പലത എന്നിവർക്കെതിരെയാണ് നടപടി. സ്വർണ്ണപ്പണയ ഇടപാടിൽ 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി ബാങ്ക് ഭരണ സമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സസ്പെൻഷനിലായ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിലാണ് സ്വർണം പണയം വെച്ചിരുന്നത്.

ബാങ്കിന്റെ കറ്റോട്, തിരുവല്ല, പൊടിയാടി ശാഖകളിലെ സ്ഥിര നിക്ഷേപകരുടെ അക്കൗണ്ടിൽ നിന്നും വ്യാജ വൗച്ചർ ഉപയോഗിച്ച് ബാങ്ക് ജീവനക്കാരടങ്ങുന്ന സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. മുക്കുപണ്ടം പണയം വച്ചും വ്യാജ വൗച്ചർ ഉപയോഗിച്ചും പണം തട്ടിയ സംഭവങ്ങളിൽ മൂന്ന് ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥർ അടക്കമുള്ള ഏതാനും ജീവനക്കാർക്ക് മെമോ നൽകിയതായി തിരുവല്ല അർബൻ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ആർ. സനൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പല തരത്തിലുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന 40 ലക്ഷം മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ്. വായ്പ, ചിട്ടി,മുക്കുപണ്ടം, സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യാജരേഖ ചമച്ച് വായ്പ എന്നിങ്ങനെ കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് അറിയുന്നത്. വിവരം പുറത്തു വന്ന് ദിവസങ്ങളായിട്ടും കോൺഗ്രസോ ബിജെപിയോ ഒരു പ്രക്ഷോഭവും നടത്താൻ മുന്നോട്ടു വന്നിട്ടില്ല. ബിജെപി-സിപിഎം-കോൺഗ്രസ് ധാരണ ഇക്കാര്യത്തിലുണ്ടെന്ന് പാർട്ടിയിലെ പ്രവർത്തകർ തന്നെ പറയുന്നു. എൽഡിഎഫിലെ ഘടക കക്ഷികൾക്ക് തട്ടിപ്പു നടന്ന സംഭവത്തിൽ പങ്കില്ല. മാത്രവുമല്ല, കർശന നടപടിയുണ്ടാകണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ, സിപിഎം നേതാക്കളെ ഭയന്ന് ഇവർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. അടക്കം പറയുകയും ചെയ്യുന്നു.

മുക്കുപണ്ടം പണയം വെച്ചും വസ്തു ഈടിന്മേലുള്ള വായ്പകളിലും കോടികൾ തട്ടിപ്പും തിരിമറിയും നടന്നതായി സോഷ്യൽ മീഡിയ വഴി സഹകാരികൾ തന്നെ ആരോപണമുന്നയിക്കുന്നുണ്ട്. മുക്കുപണ്ടം പണയം വെച്ച് പൊടിയാടിയിൽ നിന്നും 25 ലക്ഷവും തിരുവല്ലയിലെ പ്രധാന ശാഖയിൽ നിന്നും 40 ലക്ഷം രൂപയും തട്ടിയതായ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തട്ടിപ്പിന് പിന്നിൽ ബാങ്കിലെ ജീവനക്കാർ അടങ്ങുന്ന സംഘമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പാണ് ബാങ്കിലെ ചില ജീവനക്കാർ മുഖേനെ സംഭവം പുറത്തായത്.

ഇതോടെ പണം തിരിച്ചടച്ച് പ്രശ്നം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ ദിവസങ്ങളായി തുടരുകയാണ്. ഇത് കൂടാതെ സമാനമായ നിരവധി തട്ടിപ്പുകൾ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടക്കുന്നതായ വിവരങ്ങളും ലഭ്യമാകുന്നുണ്ട്. ഈ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് വസ്തു ഈടിന്മേലുള്ള തട്ടിപ്പ് കഥകളും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വസ്തുവിന്റെ മതിപ്പുവിലയുടെ മൂന്നിരട്ടി വരെ വായ്പ നൽകിയതായ സംഭവങ്ങളാണ് പുറത്തു വരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട ജീവനക്കാരുടെ വസ്തുവകകൾ വിറ്റ് പണമടച്ച് പ്രശ്നം ഒതുക്കിത്തീർക്കാനുള്ള ശ്രമവും ഇതിനിടെ അണിയറയിൽ തകൃതിയായി നടക്കുകയാണ്. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടി ഫേസ് ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സിപിഎം നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളിൽ ജീവനക്കാർ കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. വയ്യാറ്റുപുഴ, വടശേരിക്കര കുമ്പളാംപൊയ്ക, കോന്നി ആർസിബി, ചന്ദനപ്പള്ളി, പഴകുളം കിഴക്ക് തുടങ്ങിയ ബാങ്കുകളിലൊക്കെ തട്ടിപ്പ് നടത്തിയത് സിപിഎമ്മിന്റെ ഏരിയാ കമ്മറ്റി-ലോക്കൽ കമ്മറ്റി നേതാക്കളായിരുന്നു. ഇവരെ ഒക്കെ പേരിന് നടപടി എടുത്തു മാറ്റി നിർത്തി. ഒറ്റ പൈസ പോലും തിരികെ അടയ്ക്കാത്തവരും കുറച്ചു പണമൊക്കെ തിരിച്ച് അടച്ചവരുമുണ്ട്. തട്ടിപ്പ് പുറത്തു വരുന്ന സമയത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നവരെയും തരം താഴ്‌ത്തുന്നവരെയും പിന്നീട് തിരിച്ചെടുത്ത് പ്രധാനപ്പെട്ട പോസ്റ്റുകളും നൽകും.